Published:27 May 2019
ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധി കൂടിയാണ് ടോം ആദിത്യ. സൗത്ത് വെസ്റ്റ് ഇംഗ്ളണ്ടിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. സൌത്ത് വെസ്റ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോൾ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന പൊലീസ് ബോർഡിൻറെ വൈസ് ചെയർമാനായും ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ സാമുദായിക സൗഹാർദ സമിതിയുടെ ചെയർമാനായും ടോം ആദിത്യ പ്രവർത്തിക്കുന്നുണ്ട്.
ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കു ബ്രെക്സിറ്റ് വിഷയത്തിലെ പ്രതിസന്ധി കാരണം ഇംഗ്ലണ്ടിൽ 1300ലേറെ കൗൺസിലർമാരെ നഷ്ടപ്പെട്ട് കാലിടറിയപ്പോഴും പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 2007 മുതൽ ഇക്വാലിറ്റീസ് കമ്മീഷൻ ചെയർമാനായും പിന്നീട് കൗൺസിലറായും 2017 മുതൽ ഡെപ്യൂട്ടി മേയർ ആയും പ്രവർത്തിച്ച ടോം ആദിത്യ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു വീണ്ടും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.
തികഞ്ഞ മലയാള ഭാഷാസ്നേഹിയായ ടോം ആദിത്യ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇംഗ്ളണ്ടിൽ മാനേജ്മെന്റ് കൺസൾട്ടന്റൻറ്റായും പ്രഭാഷകനായും മനുഷ്യാവകാശ പ്രവർത്തകനായും സാമൂഹ്യശാസ്ത്ര ഗവേഷകനായും കർമരംഗത്തുണ്ട്. ജീവിതത്തിൽ വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും അതിജീവിച്ചു മുന്നേറിയ വ്യക്തിത്വമാണ് പാലായിൽ ജനിച്ച് റാന്നിയിൽ വളർന്ന ടോമിൻറ്റെത്. നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനിൽ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ഇംഗ്ലണ്ടിൽ കർമ്മപഥത്തിനു തുടക്കം കുറിച്ചത്.
തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത എല്ലാവർക്കും ടോം ആദിത്യ നന്ദി രേഖപ്പെടുത്തി. ഏറ്റവും നല്ല ഭരണം കാഴ്ചവെക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.
റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, പാലാ നഗരത്തിൻറ്റെ ആദ്യകാല നേതാവുമായിരുന്ന വെട്ടം മാണിയുടെ പൗത്രനുമാണ് ടോം. ഭാര്യ: ലിനി; മക്കൾ: അബിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്. റോസ് പ്രീനാ, സിറിൽ പ്രണാബ് എന്നിവര്‍ സഹോദരങ്ങളാണ്.