Published:01 June 2019
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായ ഫുൾ ജാർ സോഡ കൊച്ചിയിലും തരംഗമാകുന്നു. ടിക് ടോക്കിലും ഫെയ്സ്ബുക്കിലും യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം പതഞ്ഞുപൊങ്ങുന്ന ഈ ഫുൾ ജാർ സോഡ തരംഗമായിരുന്നു. ഇതേ തുടർന്നാണ് കൊച്ചിയിലെ ശീതള പാനീയ കടകളിലേക്കും ഫുൾ ജാർ സോഡ എത്തിയത്. ഇതോടെ ശീതളപാനീയരംഗത്ത് അടക്കി വാണിരുന്ന കുലുക്കി സർബത്തിന് വൻതിരിച്ചടിയാണുണ്ടായത്. കടകളിലേക്കെത്തുന്നവർക്കെല്ലാം ഫുൾ ജാർ സോഡ മതിയെന്ന സ്ഥിതിയായിട്ടുണ്ട്.
അഞ്ചു ദിവസത്തിന് മുമ്പേയാണ് ഹൈക്കോടതി ജംക്ഷനിലെ മുഹമ്മദിന്റെ കടയിൽ ഫുൾ ജാർ സോഡയെത്തിയത്. മുഹമ്മദിന്റെ മരുകൻ സിയാദ് പെരുമ്പാവൂരിൽ നിന്നാണ് ഫുൾ ജാർ സോഡ രഹസ്യക്കൂട്ടുമായ് കൊച്ചിയിലേക്കത്തിയത്. പുതിന, ഉപ്പ്, മുളക്, നാരങ്ങ എന്നിവയ്ക്കൊപ്പം മറ്റൊരു രഹസ്യവസ്തുകൂടി ചേർത്തുണ്ടാക്കിയ ചേരുവ നിറച്ച ചെറിയ ഗ്ലാസ് സോഡ നിറച്ച് വലിയ ഗ്ലാസിലേക്ക് ഇടുമ്പോഴാണ് ഫുൾ ജാർ സോഡ പതഞ്ഞുപൊങ്ങും. ഇത് കാണാനും കുടിക്കാനുമുള്ള ഹരത്തിലാണ് കൊച്ചിയിലെ ചെറുപ്പക്കാർ.
ഫുൾ ജാർ സോഡ അന്വേഷിച്ചെത്തുന്നവരുടെ തിരക്ക് കൊണ്ട് ഭക്ഷണം കഴിക്കാൻ പോലുമുള്ള സമയം മുഹമ്മദിന് കഴിഞ്ഞിട്ടില്ല. 30 രൂപയാണ് ഇതിന്റെ വില. പലരും ഫുൾ ജാർ സോഡ കുടിച്ച് വീഡിയോയും പകർത്തി ടിക്ക് ടോക്കിലിടാനുള്ള തിരക്കിലാണ്. മറ്റുചിലരാകട്ടെ ഫുൾ ജാർ സോഡയുടെ രുചിയറിയാനാണ് എത്തുന്നത്.
ചേരുവകൾ
ചെറുനാരങ്ങ-1
ഇഞ്ചി
കാന്താരി മുളക്
ഉപ്പ്
കസ്കസ്
പുതിനയില
സോഡ
പഞ്ചസാര ലായനി
ഉണ്ടാക്കുന്ന വിധം
ചെറിയ ഗ്ലാസിൽ ഒരു നാരങ്ങ പിഴിയുക. ശേഷം ഇഞ്ചി, കാന്താരി മുളക് എന്നിവ അരച്ചത് ചേർക്കുക. കുറച്ച് ഉപ്പ് ഇതിലേക്ക് ഇട്ട ശേഷം കസ്കസ് ചേർക്കുക. അതിലേക്ക് പഞ്ചസാരപ്പാനി ഒഴിക്കുക. ശേഷം പുതിനയില ചേർക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാൽ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് ഇറക്കി വയ്ക്കുക.