ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:10 June 2019
യുവരാജിലെ മഹാ പ്രതിഭയുടെ അവിസ്മരണീയ പ്രകടനങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലെ ജ്വലിക്കുന്ന അധ്യായമാണ്. കളത്തിലെ ഗണിതങ്ങൾക്ക് അതീതനായിരുന്നു യുവി. കണക്കുകളിൽ യുവിയെ പിന്തള്ളിയവരുണ്ടാകും. പക്ഷേ, യുവിയുടെ നൈസർഗികമായ ബാറ്റിങ് നൈപുണ്യം പകർന്ന നയനാനന്ദം, അചഞ്ചലവും സുധീരവുമായ കേളി ശൈലിയിലൂടെ യുവി വെട്ടിപ്പിടിച്ച വിജയങ്ങൾ സമ്മാനിച്ച ത്രസിപ്പിക്കുന്ന നിമിഷങ്ങളുടെ ഓർമകൾ, അതെല്ലാം ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാതെ കിടക്കും. യുവരാജിന്റെ കരിയറിലെ സുവർണരേഖകളായ അഞ്ചു മത്സരങ്ങൾ.
1- 2007 vs ഇംഗ്ലണ്ട്,
ട്വന്റി20 ലോകകപ്പ്
ഇന്ത്യ ചാംപ്യൻമാരായ പ്രഥമ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ യുവിയുടെ ബാറ്റ് തീ തുപ്പി. മത്സരത്തിനിടെ ഇംഗ്ലിഷ് ബൗളർ ആൻഡ്രു ഫ്ളിന്റോഫ് യുവിയോട് കൊമ്പുകോർത്തു. ശിക്ഷിക്കപ്പെട്ടത് സ്റ്റ്യുവർട്ട് ബ്രോഡും. ബ്രോഡിന്റെ ഓവറിലെ ആറു പന്തുകളും കളത്തിന്റെ നാനാവശങ്ങളിലൂടെയും ഗാലറിയിലേക്ക് പാഞ്ഞു. 12 പന്തിൽ ഫിഫ്റ്റി കുറിച്ച യുവിയുടെ ബാറ്റിങ് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.
2-2002 vs ഇംഗ്ലണ്ട്
നാറ്റ്വെസ്റ്റ് ട്രോഫി
ഫൈനലിൽ ഇംഗ്ലണ്ട് മുന്നിൽവച്ച 327 എന്ന എവറസ്റ്റ് ടോട്ടൽ ചേസ് ചെയ്ത ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു. മുഹമ്മദ് കെയ്ഫിനൊപ്പം ക്രീസിൽ ഒത്തുചേർന്ന് യുവിയുടെ രക്ഷാ പ്രവർത്തനം. കെയ്ഫിനൊപ്പം 121 റൺസ് സ്വരുകൂട്ടിയ യുവരാജ് ഇന്ത്യയെ വിജയപാതയിലെത്തിച്ചു. ഒമ്പതു ഫോറും ഒരു സിക്സും അടക്കം 69 റൺസുമായി മിന്നിയ യുവിയുടെ ക്ലാസിക്കൽ ഇന്നിങ്സ് ഇന്ത്യയുടെ ഐതിഹാസിക കിരീട നേട്ടത്തിന്റെ ആണിക്കല്ലായിമാറി.
3-2000 vs ഓസ്ട്രേലിയ,
മിനി ലോകകപ്പ്
യുവരാജിന്റെ രണ്ടാം മത്സരം മാത്രമായിരുന്നു അത്. ഗ്ലെൻ മഗ്രാത്തും ബ്രട്ട് ലീയും ജാസൻ ഗില്ലസ്പിയും അടങ്ങുന്ന ഓസിസ് പേസ് നിരയ്ക്ക് മുന്നിൽ ഇന്ത്യ 90/3 എന്ന നിലയിൽ പരുങ്ങുന്നു. എന്നാൽ ഓസ്ട്രേലിയൻ ബൗളർമാരെ കടന്നാക്രമിച്ച യുവി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 80 പന്തിൽ 84 റൺസുമായി യുവി ആളിക്കത്തിയപ്പോൾ ഇന്ത്യ മാന്യമായ സ്കോറിലെത്തി. ഓസിസിനെ എറിഞ്ഞിട്ട ടീം ഇന്ത്യ 20 റൺസ് ജയത്തോടെ മുന്നോട്ടു കുതിച്ചു.
4-2011 vs വെസ്റ്റിൻഡീസ്
ലോകകപ്പ്
ഇക്കുറിയും ഇന്ത്യയ്ക്ക് മോശം തുടക്കം. യുവരാജ് വീണ്ടും രക്ഷക വേഷം കെട്ടി. 123 പന്തിൽ 113 റൺസ്. ഇന്ത്യയുടെ സ്കോർ 268. ശാരീരിക അസ്വസ്ഥതകളുമായാണ് യുവി അന്ന് ഇന്ത്യയ്ക്കുവേണ്ടി പോരാടിയത്. ഇടയ്ക്ക് ചർദിച്ചെങ്കിലും യുവി ബാറ്റിങ് തുടർന്നു. പന്തെടുത്തപ്പോൾ രണ്ടു വിക്കറ്റുമായി ഇന്ത്യയുടെ വമ്പൻ ജയത്തിന് യുവി ചുക്കാൻ പിടിച്ചു.
5-2017 vs ഇംഗ്ലണ്ട്,
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം
കാൻസറിൽ നിന്നു മുക്തനായ യുവി കളത്തിലേക്ക് തിരിച്ചെത്തി. വീണ്ടും എതിരാളികളുടെ പകുതിയിൽ ഇംഗ്ലണ്ട്. ഇന്ത്യയ്ക്ക് മറ്റൊരു ബാറ്റിങ് തകർച്ച, 25/3. എം.എസ്. ധോണിയ്ക്കൊപ്പം യുവി വാരിയത് 256 റൺസ്. ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ (150) യുവിയുടെ ബാറ്റിൽ നിന്ന് പിറവികൊണ്ടു. 381 റൺസ് സ്കോർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയത്തിന്റെ കയ്പ്പുനീർ കുടിപ്പിച്ചു.