Published:11 June 2019
കൊച്ചി: എസ്ബിഐ ജൂലൈ ഒന്നു മുതല്‍ റിപ്പോ അധിഷ്ഠിത ഭവനവായ്പ പദ്ധതി നടപ്പാക്കും. ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മൂന്നു തവണ റിപ്പോയില്‍ കുറവ് വരുത്തിയെങ്കിലും ഇന്ത്യന്‍ ബാങ്കുകള്‍ കാര്യമായ കുറവുകള്‍ ഒന്നും പലിശയില്‍ വരുത്തിയിരുന്നില്ല.
ഇപ്പോള്‍ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിതമായ പലിശനിരക്കാണ് എസ്ബിഐ ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. 30 വര്‍ഷം കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് നിലവില്‍ പലിശ 8.55 ശതമാനമാണ്. റിപ്പോ അധിഷ്ഠിതമാകുമ്പോള്‍ പലിശ 8.40 ശതമാനമാകും. അതേസമയം, തിരിച്ചടവ് കാലാവധി 35 വര്‍ഷം വരെയായി ഉയരും.
5.75 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്. ഇതോടൊപ്പം 2.65 ശതമാനം അധികനിരക്കാണ് എസ്ബിഐ ഈടാക്കുക. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ പദ്ധതി തുടരുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എംസിഎല്‍ആര്‍ പ്രകാരം വായ്പയെടുത്തവര്‍ക്ക് 0.25 ശതമാനം ഫീസ് നല്കി റിപ്പോ അധിഷ്ഠിത പദ്ധതിയിലേക്ക് മാറാന്‍ അവസരം ലഭിക്കും.