Published:11 June 2019
ശബരിമല: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.
പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷമാണ് ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പടികയറി ദര്‍ശനം നടത്താന്‍ അനുവദിച്ചത്. ഇന്ന് പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.
സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവയും പ്രതിഷ്ഠാദിനത്തില്‍ അയ്യപ്പസന്നിധിയില്‍ നടക്കും. വൈകുന്നേരം 6.30 ന് ദീപാരാധന. രാത്രി 9.20ന് അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 15ന് വൈകുന്നേരം അഞ്ച് മണിക്കാണ് തുറക്കുന്നത്.