വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:14 June 2019
നടൻമാരായ വിശാലും ശരത് കുമാറും തമ്മിലുള്ള വിരോധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തമിഴ് സിനിമ താരസംഘടനയായ നടികർ സംഘത്തിന്റെ തെരഞ്ഞെടുപ്പ് കോളിവുഡിലെ പ്രധാന ചർച്ച വിഷയമാകാൻ കാരണവും ഇത് തന്നെയാണ്. ശരത്കുമാറും രാധാരവിയും ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച വിശാൽ ഇരുവർക്കുമെതിരെ കേസ് കൊടുക്കുകയും ചെയ്തു.
നടികർ സംഘത്തിന്റെ പുതിയ അധ്യക്ഷനേയും മറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ ഇലക്ഷൻ ജൂൺ 23 നാണ് നടക്കുന്നത്. എന്നാലിപ്പോൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വിശാൽ വീണ്ടും ശരത്കുമാറിന്റെ പേര് വലിച്ചിഴയ്ക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. വിശാലിന്റെ യൂട്യൂബ് ചാനലായ വിശാൽ ഫിലിം ഫാക്റ്ററിയിൽ പങ്കുവച്ച വിഡിയോയിലാണ് ശരത്കുമാറിനെയും രാധാരവിയെയും പരിഹസിച്ചിരിക്കുന്നത്.
ഈ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടിയും ശരത് കുമാറിന്റെ മകളും വിശാലിന്റെ സുഹൃത്തുമായ വരലക്ഷമി. വിശാലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും തന്റെ വോട്ട് വിശാലിനല്ലെന്നും വരലക്ഷമി വ്യക്തമാക്കി.
'പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിൽ നിങ്ങളുടെ നിലവാരത്തകർച്ച കണ്ട് എനിക്ക് ഞെട്ടലും വിഷമവും ഉണ്ടായി. നിങ്ങളെ ഞാൻ ഏതെങ്കിലും തരത്തിൽ ബഹുമാനിച്ചിരുന്നെങ്കിൽ അത് ഇതോടെ നഷ്ടമായി. നിയമമാണ് ഏറ്റവും വലുതെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ആ നിയമം എന്റെ പിതാവ് കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അത് തെളിയിക്കാനും സാധിച്ചിട്ടില്ല.
നിങ്ങൾ പുണ്യാളൻ ചമയണ്ട. നിങ്ങളുടെ ഇരട്ടത്താപ്പുകളും നുണകളും എല്ലാവർക്കുമറിയാം. ഇത്രയും കാലം ഞാൻ നിങ്ങളെ ബഹുമാനിക്കുകയും ഒരു സുഹൃത്തായി കൂടെ നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും നിങ്ങൾ സ്ക്രീനിന് പുറത്തെങ്കിലും നല്ല നടനാണെന്ന് ഞാൻ മനസിലാക്കുന്നു. നിങ്ങൾ പറയുന്നത് പോലെ സത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തായാലും നിങ്ങൾക്ക് എന്റെ വോട്ട് നഷ്ടമായി. ദൈവം അനഗ്രഹിക്കട്ടെ'. വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു.
@VishalKOfficial #NadigarSangam2019Elections you just lost my vote..! pic.twitter.com/sqUfj2RQKk
— varalaxmi sarathkumar (@varusarath) June 14, 2019