ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:15 June 2019
കാർഡിഫ്: ലോകകപ്പിൽ അന്ത്യശ്വാസം വലിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജീവൻ നിലനിർത്താൻ ഇന്ന് ഒരു ജയം അനിവാര്യം. ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. ലോകകപ്പിൽ നാല് മത്സരം പിന്നിട്ടപ്പോൾ മൂന്ന് തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയുമായി പട്ടികയിൽ പത്താം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് 104 റൺസിനും പിന്നാലെ ബംഗ്ലാദേശിനോട് 21 റൺസിനും ഇന്ത്യയോട് ആറ് വിക്കറ്റിനും തോൽവി വഴങ്ങിയപ്പോൾ വിൻഡീസിനെതിരായ നാലാം മത്സരം മഴ കവർന്നു. ബാറ്റ്സ്മാന്മാർക്ക് വൻ സ്കോറുകൾ കണ്ടെത്താനാകാത്തത് അവർക്ക് വിനയാകുന്നുണ്ട്. ഓപ്പണർമാരിൽ ക്വിന്റൺ ഡി കോക്ക് മാത്രമേ നേരിയ ഉത്തരവാദിത്തം കാണിക്കുന്നുള്ളൂ. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കൻ മധ്യനിര ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. നായകൻ ഫാഫ് ഡു പ്ലെസിസ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെയെത്തിക്കാൻ സാധിക്കുന്നില്ല.
ബൗളർമാരിൽ കാഗിസോ റബാഡ മാത്രമാണ് എതിരാളികൾക്ക് ഭീതി വിതയ്ക്കുന്നത്. ക്രിസ് മോറിസും പെഖ്ലുക്വായോയും റണ്ണൊഴുക്ക് നിയന്ത്രിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്നില്ല. ലുംഗി എൻഗിഡിയുടെ പരുക്ക് ഭേദമാകാത്തതിനാൽ ഇന്ന് യുവതാരം ബ്യൂറാന് ഹെൻഡ്രിക്സിനെ ടീമിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.
മൂന്ന് തുടർത്തോൽവിയുമായി നിൽക്കുന്ന അഫ്ഗാനിസ്ഥാനും വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. വെടിക്കെട്ട് ഓപ്പണർ മുഹമ്മദ് ഷെൻസാദിന്റെ പരുക്കിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ഈ മത്സരം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബൗളർമാർ മികവ് തുടരുന്നുണ്ടെങ്കിലും ലോകോത്തര ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ അഫ്ഗാൻ ബാറ്റ്സ്മാന്മാർക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കഗിസോ റബാഡ ഇമ്രാൻ താഹിർ പ്രതിഭകൾക്ക് മുന്നിൽ അഫ്ഗാൻ താരങ്ങളുടെ മുട്ടിടിക്കുമോയെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.