Published:15 June 2019
മലയാളത്തിലെ എക്കാലത്തെയും മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. നവാഗതനായ രതീഷ് രഘു നന്ദൻ ഒരുക്കുന്ന ചിത്രത്തിൽ സത്യനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. സത്യനായുള്ള ജയസൂര്യയുടെ വേഷപകർച്ചയുടെ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
സത്യന്റെ 48 ാം ചരമ വാർഷിക ദിനം കൂടിയാണിന്ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആൻ അഗസ്റ്റിൻ എന്നിവർ എൽഎംഎസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതി കൂടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർഥിച്ചിരുന്നു.
സന്തോഷത്തോടെ, അഭിമാനത്തോടെ ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷിന്റെ ജീവിതം സിനിമയാകുന്നു. എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. നവാഗതനതായ "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനിൽ കുമാർ, കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത്. എന്റെ സുഹൃത്ത് വിജയ് ബാബുവിന്റെ നിർമാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം. എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട്...ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.