ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:15 June 2019
അച്ഛൻമാർക്കായുള്ള ദിനമാണ് നാളെ. അച്ഛനോടൊപ്പം യാത്ര ചെയ്തും സമ്മാനങ്ങൾ നൽകിയുമൊക്കെ മക്കൾ ആഘോഷിക്കുന്ന ദിവസം. എന്നാൽ ഇവിടെ മകളുടെ ചിതാഭസ്മം പാവക്കുട്ടിയിൽ സൂക്ഷിച്ച് വച്ച് കൂടെ കൊണ്ടു നടക്കുകയാണ് ഒരച്ഛൻ. കേട്ടിട്ട് കൗതുകം തോന്നുന്നല്ലേ. എന്നാൽ അങ്ങനെ ഒരച്ഛനുണ്ട്, പേര് മാർട്ടിൻ ബ്രിവെർ. സതാംപ്റ്റണിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ പ്രൊജക്റ്റ് മാനേജരാണ് നാൽപ്പത്തിരണ്ടുകാരനായ മാർട്ടിൻ.
ഭാര്യ എമ്മയ്ക്ക് മുപ്പത്തിയെട്ട് വയസും. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഏറെ നാളുകൾ കാത്തിരിക്കേണ്ടി വന്നു അവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ. സ്കാനിംഗും ലിംഗ നിർണയവുമൊക്കെ നിയമവിധേയമായ നാട്ടിൽ ഡോക്റ്റർ പറഞ്ഞതിലൂടെ പെൺകുഞ്ഞാണ് പിറക്കാൻ പോകുന്നതെന്ന് അവർ അറിഞ്ഞു. അവൾക്കായി കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും തൊട്ടിലുമൊരുക്കി അവർ കാത്തിരുന്നു. അവൾക്കിടാൻ കിറ്റി എന്ന പേരും അവർ കണ്ടുവച്ചു. എന്നാൽ ഈ സന്തോഷം അധികം ഒന്നും നീണ്ടില്ല.
മുപ്പത്തിയെട്ടാമത്തെ ആഴ്ച അമ്മയുടെ ഉദരത്തിലെ കുഞ്ഞിന് അനക്കമില്ലാതായി. എമ്മയെയും കൊണ്ട് അവളുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തി. മാർട്ടിൻ ആ സമയം ഒരു പ്രധാനപ്പെട്ട മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു. വിവരമറിഞ്ഞ അയാൾ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. മാർട്ടിൻ ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു... അലറി കരഞ്ഞു കൊണ്ട് എമ്മ മാർട്ടിനോട് പറഞ്ഞു, കിറ്റി മരിച്ചു പോയി എന്ന്. ഒൻപതു മാസം അവർ സ്വപ്നം കണ്ടതൊക്കെയും ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത് അവർ അറിഞ്ഞു.
മൂന്നര മണിക്കൂർ നേരത്തെ ശസ്ത്രക്രിയയിലൂടെയാണ് എമ്മയുടെ ഉദരത്തിൽ നിന്ന് കുഞ്ഞു കിറ്റിയെ പുറത്തെടുത്തത്. ജീവനില്ലാതെ കിറ്റിയെ പുറത്തെടുക്കുമ്പോൾ രണ്ടരക്കിലോഗ്രാം ഭാരമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. അവർ കിറ്റിയെ കുളിപ്പിച്ചു. വാങ്ങി വച്ചിരുന്ന ഒരു കുഞ്ഞുടുപ്പ് അവളെ ഇടീയിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എമ്മ ഡിസ്ചാർജ് ആയിവന്ന ശേഷം അവർ കിറ്റിയെ മോർച്ചറിയിൽ നിന്നും വൈദ്യുതശ്മശാനത്തിലേക്ക് കൊണ്ടുപോയി.
സ്വപ്നങ്ങൾ ബാക്കി വച്ച് ഒരു കുഞ്ഞു പാത്രത്തിലെ ഒരുപിടി ചാരമായി കിറ്റി അവരുടെ കൈയിലെത്തി. എമ്മയേക്കാൾ കിറ്റിയുടെ വിയോഗം തളർത്തിയത് മാർട്ടിനെയായിരുന്നു. കിറ്റിയുടെ ഓർമകൾ മാർട്ടിനെ തളർത്തി. അങ്ങനെ ഒരു കൗൺസിലറാണ് കിറ്റിയുടെ ഓർമയ്ക്കായി അവളുടെ ചിതാഭസ്മത്തെ ഒരു ടെഡി ബിയറിന്റെ ഹൃദയത്തിലേക്ക് തുന്നിച്ചേർത്ത് കൂടെക്കൂട്ടാൻ മാർട്ടിനെ ഉപദേശിച്ചത്. അങ്ങനെ ചെയ്തതിലൂടെ വിഷാദത്തിൽ നിന്നും അയാൾ പതുക്കെ കരകയറി.
ഇപ്പോൾ അവൾ മാർട്ടിനൊപ്പമുണ്ട്, കിറ്റി ബിയർ ആയി. മകളെപ്പോലെ തന്നെ മാർട്ടിൻ ആ പാവക്കുട്ടിയെയും പരിചരിക്കുന്നു. താൻ പോകുന്നിടത്തെല്ലാം അയാൾ പാവക്കുട്ടിയെയും കൂടെ കൊണ്ടുപോകും. കിറ്റിയ്ക്കിടാൻ വാങ്ങിവെച്ചിരുന്ന കുഞ്ഞുടുപ്പുകൾ അയാൾ മാറിമാറി പാവക്കുട്ടിയെ അണിയിക്കും. അയാളുടെ ബാക്ക് പാക്കിൽ കിറ്റിപ്പാവയ്ക്കിരിക്കാൻ ഒരു സ്പെഷ്യൽ പ്ളേസുമുണ്ട്. താൻ കാണുന്ന എല്ലാ കാഴ്ചകളും കിറ്റിയും കാണണമെന്ന് മാർട്ടിന് നിർബന്ധവുമുണ്ട്.
മാർട്ടിന്റെയും എമ്മയുടെയും ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 14 വർഷം കടന്നിരിക്കുന്നു. കിറ്റിയില്ലാത്ത നാലാമത്തെ ഫാദേഴ്സ് ഡേ ആണ് മാർട്ടിന് നാളെ. കിറ്റി മരിച്ചു പോയെന്നറിഞ്ഞിട്ടും മാർട്ടിൻ ആശുപത്രിയിൽ വച്ച് അവളുടെ പേരിടീൽ നടത്തി.
പുത്തൻ ഉടുപ്പ് ഇടീച്ച് അവളെ കൈയിൽ കിടത്തി ഫോട്ടൊ എടുത്തു. എന്നാൽ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ഇപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള തയാറെടുപ്പിലാണ് മാർട്ടിനും എമ്മയും. ദത്തെടുക്കൽ നടപടികൾ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. അധികം വൈകാതെ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മറ്റൊരു കുഞ്ഞിനായി കാത്തിരിക്കുകയാണ് മാർട്ടിനും എമ്മയും ഒപ്പം കിറ്റി ബിയറും.