വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:15 June 2019
ബിഹാറിലെ മുസാഫർപുരിൽ ഈ വർഷം ഇതുവരെ ലിച്ചിപ്പഴത്തിൽ നിന്നുള്ള വിഷബാധ മൂലം മരിച്ചത് 57 കുഞ്ഞുങ്ങൾ. 1995 ലെ കൊടുംവേനൽക്കാലത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ പ്രതിഭാസത്തിനു കടിഞ്ഞാണിടാൻ കാൽനൂറ്റാണ്ടായി കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വിചിത്രം. ബോധവത്കരണ പരിപാടികൾ ഫലപ്രദമായിരുന്നെങ്കിൽ ഇത്തവണ ശിശുമരണം ഇത്ര കൂടുകയില്ലായിരുന്നുവെന്നാണ് ഡോക്റ്റർമാർ പറയുന്നത്.
ലിച്ചിപ്പഴത്തിലൂടെ പടരുന്ന വൈറസാണ് മരണകാരണമെന്നും അതല്ല, ചെടിയിൽ തളിക്കുന്ന കീടനാശിനിയാണ് അന്തകനെന്നും ഡോക്റ്റർമാർക്കിടയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ട്. മറ്റു പല ഉത്തരേന്ത്യൻ നഗരങ്ങളെയും പോലെ മുസാഫർപുരും ലിച്ചികളുടെ നാടാണ്. എവിടെ നോക്കിയാലും ലിച്ചിപ്പഴത്തോട്ടങ്ങൾ. വേനലിൽ ചുവന്നുതുടുത്ത ലിച്ചിപ്പഴക്കൂട്ടങ്ങൾ കൊണ്ട് മരങ്ങൾ നിറഞ്ഞിരിക്കും. പഴങ്ങൾ പറിച്ച് അടുക്കി പെട്ടികളിലും കൂടകളിലുമാക്കി വിൽക്കുന്നവരെയും എവിടെയും കാണാം.
മേയ്, ജൂൺ മാസങ്ങളിലാണ് ലിച്ചിയുടെ വിളവെടുപ്പു തുടങ്ങുന്നത്. അപ്പോഴാണ് രോഗത്തിന്റെ ആവിർഭാവം. ജൂലൈ പകുതിയാകുമ്പോഴേക്കും സീസൺ അവസാനിക്കും. അതോടെ രോഗവും അപ്രത്യക്ഷമാകും. 1995 ലാണ് രോഗം ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. എന്നാൽ അഞ്ചു വർഷം മുൻപാണ് ഇത് ഏറെ ജീവനുകൾ അപഹരിക്കുന്ന മാരകരോഗമായി മാറിയത്.
കുട്ടികൾക്കു മാത്രമാണ് രോഗമുണ്ടാകുന്നത്. പനിയും ഛർദിയും അപസ്മാരവുമാണ് ലക്ഷണങ്ങൾ. കുട്ടികൾ അബോധാവസ്ഥയിലാവുകയും പിന്നീടു മരിക്കുകയും ചെയ്യുന്നു. സൂര്യാഘാതം മൂലമുണ്ടാകുന്ന മരണമായാണ് ആദ്യം കരുതിയത്. എന്നാൽ വവ്വാൽ, എലികൾ, മണലീച്ച തുടങ്ങിയവ പരത്തുന്ന രോഗമാകാമെന്നായി തുടർന്നുള്ള അനുമാനം.
പിന്നീടാണ് കീടനാശിനിയിലേക്കു തിരിഞ്ഞത്. എന്നാൽ 2014 ൽ 122 കുട്ടികൾ മരിക്കുകയും 390 പേർ ആശുപത്രിയിലാവുകയും ചെയ്തതോടെ ഇന്ത്യയിലെയും അമെരിക്കയിലെയും ഒരു സംഘം ഡോക്റ്റർമാർ യഥാർഥകാരണം തേടിയിറങ്ങി. വില്ലൻ വൈറസല്ല, പഴം തന്നെയാണെന്നാണ് അവർ കണ്ടെത്തിയത്.
രോഗാണുക്കളോ, വിഷവസ്തുക്കളുടെ സാന്നിധ്യമോ, കീടനാശിനികളോ അല്ല, പഴത്തിലടങ്ങിയ ഹൈപ്പോഗ്ലൈസിൻ-എ, മെത്തിലിൻ സൈക്ലോപ്രൊപ്പെൽ ഗ്ലൈസിൻ എന്നിവയാണ് കാരണമെന്നായിരുന്നു കണ്ടെത്തൽ. വേനൽക്കാലത്ത് ലിച്ചിപ്പഴം സുലഭമാവുകയും മറ്റൊന്നും കഴിക്കാനില്ലാതെ കുട്ടികൾ ഇത് അമിതമായി ഭക്ഷിക്കുകയും ചെയ്യുന്നു.
ഇതാണ് മരണത്തിലേക്കു നയിക്കുന്നത്. പഴത്തിലെ മാരക പദാർഥങ്ങൾ ശിശുക്കളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു. ഇത് തലച്ചോറിൽ നീർക്കെട്ടിന് ഇടയാക്കുന്നു. അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾ അബോധാവസ്ഥയിലാകുന്നു. നന്നായി പഴുക്കാത്ത പഴങ്ങളാണ് കൂടുതൽ അപകടകാരികൾ.
മറ്റൊന്നും കഴിക്കാൻ കിട്ടാത്തതുകൊണ്ടാണ് കുട്ടികൾ ലിച്ചിപ്പഴം കഴിച്ചു വിശപ്പകറ്റുന്നത് എന്നതാണ് വസ്തുത. വെറുംവയറ്റിൽ കുട്ടികൾ ലിച്ചി കഴിക്കാതെ സൂക്ഷിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രക്ഷിതാക്കളോട് അഭ്യർഥിച്ചിട്ടുണ്ട്. ബിഹാറാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ലിച്ചിപ്പഴം ഉൽപാദിപ്പിക്കുന്നത്. ഏതാണ്ട് 40 ശതമാനവും അവരുടെ സംഭാവനയാണ്. മുസാഫർപുരാകട്ടെ 32,000 ഹെക്റ്റർ സ്ഥലത്തുനിന്ന് മൂന്നു ലക്ഷം ടൺ ലിച്ചി ഉൽപാദിപ്പിക്കുന്നു.
എന്നാൽ ഇനിയും ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. ലിച്ചി നന്നായി വളരുന്ന സ്ഥലങ്ങൾ വേറെയും ഉണ്ടെങ്കിലും അവിടെ എന്തുകൊണ്ട് ഇത്രയേറെ ശിശുമരണങ്ങൾ സംഭവിക്കുന്നില്ല? പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെക്കാൾ ദരിദ്രമാണ് ബിഹാർ എന്നതുകൊണ്ടോ? അതോ ശാസ്ത്രത്തിന് ഇനിയും മനസിലാക്കാൻ സാധിക്കാത്ത കാരണങ്ങൾ വേറെയുണ്ടോ?