Published:15 June 2019
കൊച്ചി: കേരളത്തിലെ ടെക്സ്റ്റൈല്‍ വ്യവസായത്തിനെ വീണ്ടും ട്രാക്കില്‍ എത്തിക്കാല് പുതിയ പദ്ധതി ഒരുങ്ങുന്നു. സര്‍ക്കാര്‍ നേരിട്ട് രണ്ടുവര്‍ഷം സഹായം നല്‍കിയിട്ടും പൂർണമായും ലാഭത്തിലേക്ക് നീങ്ങാത്തെ ടെക്സ്റ്റൈല്‍ മേഖലയെ ഉത്പാദനത്തിലും , വിതരണത്തിലും സ്വകാര്യ മേഖലയുമായി സഹകരിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും എത്തുക എന്നാണ് സൂചന.
നിലവില്‍ ഹാന്‍ടെക്സ്, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ ലിമിറ്റഡ്, ദി മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ലിമിറ്റഡ്, സീതാറാം ടെക്സ്റ്റൈല്‍സ് ലിമിറ്റഡ്, പ്രിയദര്‍ശിനി കോ- ഓപ്പറേറ്റീവ് മില്‍, മലബാര്‍ കോ- ഓപ്പറേറ്റീവ് ടെക്സ്റ്റൈല്‍സ്, ആലപ്പി കോ- ഓപ്പറേറ്റീവ് ടെക്സ്റ്റൈല്‍സ്, ദി ക്വയിലോണ്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, ദി കാനന്നൂര്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ലിമിറ്റഡ് തുടങ്ങിയവ നഷ്ടങ്ങളുടെ പട്ടികയിലാണ്.
കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനാണ് നഷ്ടക്കണക്കില്‍ മുന്നില്‍; 32.61 കോടി രൂപ. എന്നാല്‍ 3വര്‍ഷം മുന്‍പത്തെ ഭീമമായ നഷ്ത്തില്‍ നിന്ന് കരകയറി എന്നത് സര്‍ക്കാരിനും വ്യവസായ വകുപ്പിനും ആശ്വാസം പകരുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്ന് നൂല് ഇറക്കുമതി ചെയ്യുന്നതാണ് പ്രധാന പ്രതിസന്ധി. ഉത്പാദനച്ചെലവും കയറ്റിറക്ക് കൂലിവര്‍ധനയും ജിഎസ്ടി നയവും പ്രതിസന്ധി ഇരട്ടിപ്പിക്കുകയായിരുന്നു.
നേരത്തേ സംസ്ഥാനത്ത് 35 സ്വകാര്യ മില്ലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നാലെണ്ണം മാത്രം. മൂന്നെണ്ണം പാലക്കാട് ജില്ലയിലാണ്. കഞ്ചിക്കോട് പാറ്റ്സ്പിന്‍ കമ്പനി തുടങ്ങുമ്പോള്‍ ലക്ഷ്യം വിദേശ വിപണിയായിരുന്നു. തുടക്കത്തില്‍ നൂറു ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്തിരുന്നു. എന്നാലിന്ന് 15 ശതമാനം മാത്രമാണ് കയറ്റുമതി. പഞ്ഞിയുടെ വില കിലോയ്ക്ക് 15 രൂപ കൂടി.
എന്നാല്‍ അതില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന നൂലിന് നാലു രൂപ മാത്രമാണ് കിട്ടുന്നത്.
രാജ്യത്തെ വന്‍കിട മില്ലുടമകളടക്കം ബംഗ്ലാദേശില്‍നിന്നും വിയറ്റ്നാമില്‍നിന്നും തുണി ഉല്‍പ്പാദിപ്പിച്ച് കുറഞ്ഞ നികുതിയില്‍ ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. ഇത്തരം ഗ്രൂപ്പുകള്‍ക്ക് ആവശ്യമുള്ള ഉല്പന്നങ്ങള് നല്കുന്ന കാര്യമാണ് വിശദമായി പരിശോധിക്കുന്നത്. വിപണിക്ക് ആവശ്യമുള്ളത് ഉല്പാദിപ്പിച്ച് ലാഭം നേടുക എന്നതാണ് ലക്ഷ്യം. ഐ ടി മേഖലില്‍ നടപ്പിലാക്കിയതുപോലെ ഈ രംഗത്തെ വിദഗ്ധരെ ഉപ്പെടുത്തി ഒരു ഹൈപ്പവര്‍ കമ്മിറ്റിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഫാഷന്‍ ടെക്നോളജി മേഖലയിലെ മലയാളി വിദഗധരുടെ സേവനമാണ് വ്യവസായ വകുപ്പ് തേടുന്നത്.