Published:15 June 2019
മുംബൈ: എടിഎമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിർദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. എല്ലാ എടിഎമ്മുകളും കെട്ടിട ഭിത്തിയിലോ തൂണിലോ തറയിലോ ശക്തമായി ഉറപ്പിച്ചു നിര്‍ത്തണമെന്നതാണ് നിർദേശങ്ങളിലൊന്ന്. കവര്‍ച്ചക്കാര്‍ എടിഎം എളുപ്പത്തില്‍ ഇളക്കിയെടുത്ത് പണം കൊള്ള ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. 2019 സെപ്റ്റംബര്‍ 30ഓടെ എല്ലാ എടിഎമ്മുകളും ഈ രീതിയില്‍ സുരക്ഷിതമാക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ നിർദേശം നല്കി.
വെൻഡിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2016ല്‍ ആര്‍ബിഐ ചുമതലപ്പെടുത്തിയ കമ്മിറ്റി ഓണ്‍ കറന്‍സി മൂവ്മെന്റിന്റെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനം. ഡിജിറ്റല്‍ രൂപത്തിലുള്ള വണ്‍ ടൈം കോമ്പിനേഷന്‍ ലോക്കുകള്‍ ഉപയോഗിച്ച് എടിഎമ്മുകള്‍ സുരക്ഷിതമാക്കണമെന്നും നിർദേശത്തിലുണ്ട്. തട്ടിപ്പുകളെക്കുറിച്ചും കവര്‍ച്ചാ ശ്രമങ്ങളെക്കുറിച്ചും അപ്പപ്പോഴുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സമഗ്രമായ ഇ-സര്‍വെയ്ലന്‍സ് മെക്കാനിസം വികസിപ്പിച്ചെടുക്കാനും കമ്മിറ്റി നിർദേശം നല്‍കിയിട്ടുണ്ട്.
എടിഎമ്മുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കമ്മിറ്റി പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരേ വന്‍ പിഴ ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്കി.