24
July 2019 - 5:40 am IST

Download Our Mobile App

Flash News
Archives

National

ദേശീയപാതാ വികസനത്തിൽ കേരളത്തോട് വിവേചനം കാണിക്കില്ല: നിതിന്‍ ഗഡ്കരി

Published:15 June 2019

കേരളത്തില്‍ ഭൂമിയുടെ വില കൂടുതലാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി തുക കേരളത്തിന് ഇപ്പോള്‍ നല്‍കുന്നുണ്ട്. ദേശീയപാതാ വികസനത്തിനാണ് മുഖ്യപ്രാധാന്യമെന്നും ഗഡ്കരി.

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരള സംസ്ഥാനത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ഗഡ്കരി.

കേരളത്തില്‍ ഭൂമിയുടെ വില കൂടുതലാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി തുക കേരളത്തിന് ഇപ്പോള്‍ നല്‍കുന്നുണ്ട്. ദേശീയപാതാ വികസനത്തിനാണ് മുഖ്യപ്രാധാന്യമെന്നും ഗഡ്കരി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മന്ത്രി ജി. സുധാകരനും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 

ദേശീയപാതാ വികസനത്തിനായുള്ള മുന്‍ഗണനാ പട്ടികയില്‍ കേരളത്തിന് സ്ഥാനമില്ലെന്ന പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടെന്നും. മുന്‍ഗണന പട്ടിക എന്നുള്ള രീതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി വി. മുരളീധരന്‍. 

കേരളത്തിന്‍റെ ദേശീയപാത വികസനത്തെ ഏറ്റവും മുന്തിയ പരിഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഔപചാരിക തീരുമാനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉണ്ടായതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 

600 കി.മി. ദേശീയപാത വികസനത്തിന് 44000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ പകുതിയോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ സ്ഥലത്തിന് നാല് മടങ്ങ് വില കൂടുതലാണ്. ഇതാണ് പ്രധാനപ്പെട്ട പ്രതിബന്ധങ്ങളിലൊന്ന്. ഭൂമി ഏറ്റെടുക്കുന്ന ചെലവിന്‍റെ ഒരു വിഹിതം സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്ന് കേന്ദ്ര മന്ത്രി ആരായുകയുണ്ടായി. ഇക്കാര്യം വിശദമായി കേരളത്തില്‍ ചര്‍ച്ച ചെയ്ത് വൈകാതെ അന്തിമ തീരുമാനം അറിയിക്കും. 

ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇപ്പോഴത്തെ തടസങ്ങള്‍ നീക്കാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നു. കേരളത്തിന്‍റെ ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര ഗവൺമെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് ഗഡ്കരി ആവര്‍ത്തിച്ച് വ്യക്തമാക്കി. നമ്മുടെ പ്രശ്‌നത്തെ പ്രത്യേക കേസായി പരിഗണിക്കും എന്നാണ് അദ്ദേഹം അറിയിച്ചത്. യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. കേരളത്തിന്‍റെ ദേശീയ ജലപാത വികസനം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കേന്ദ്രത്തിന്‍റെ അനുകൂല തീരുമാനം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. 


വാർത്തകൾ

Sign up for Newsletter



top