Published:15 June 2019
ഭുവനേശ്വർ: എഫ്ഐഎച്ച് സീരിസ് ഫൈനൽസ് ഹോക്കിയിൽ ഇന്ത്യ ചാംപ്യൻ. ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചു. വരുൺ കുമാറും (2, 49 മിനിറ്റുകൾ) ഹർമൻപ്രീത് സിങ്ങും (11, 25) ഇന്ത്യയ്ക്കുവേണ്ടി ഇരട്ട ഗോൾ കണ്ടെത്തി. വിവേക് സാഗർ പ്രസാദ് (35) ജേതാക്കളുടെ മറ്റൊരു സ്കോറർ. റിച്ചാർഡ് പാറ്റ്സ് (53) ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം പകർന്നു.
ഫേവറിറ്റുകളായ ഇന്ത്യ ചാംപ്യൻ ടീമിന് ചേർന്ന പ്രകടനം തന്നെ പുറത്തെടുത്തു. ആക്രമിച്ചു കളിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന് യാതൊരു വിശ്രമവും അനുവദിച്ചില്ല. കിരീട നേട്ടത്തോടെ വർഷാവസാനം നടക്കുന്ന ഒളിംപിക് യോഗ്യത മത്സരങ്ങളുടെ അവസാന റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടിയെടുത്തു.