ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:17 June 2019
കരീബിയൻ കരുത്തന്മാരും ബംഗ്ലാ കടുവകളും ഇന്ന് നേർക്കുനേർ. ലോകകപ്പിൽ വമ്പൻ ജയത്തോടെ തുടങ്ങിയ ടീമുകളാണെങ്കിലും ഇപ്പോൾ തുടർ തോൽവികൾക്ക് നടുവിലാണ് ഇരുവരും. പാക്കിസ്ഥാനെ കീഴടക്കി ആരംഭം കുറിച്ച വിൻഡീസ് പിന്നാലെ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും പരാജയം വഴങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം മഴ കവർന്നു. മൂന്ന് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് വിൻഡീസ്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഉജ്വല ജയത്തോടെ ലോകകപ്പിലേക്ക് കടന്ന ബംഗ്ലാദേശ് ന്യൂസിലൻഡിനോടും ഇംഗ്ലണ്ടിനോടും മുട്ടുകുത്തി. ശ്രീലങ്കയ്ക്കെതിരായ അവരുടെ മത്സരം മഴയെടുത്തു. മൂന്ന് പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്ത് ബംഗ്ലാദേശ് നിൽക്കുന്നു.
ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്തമില്ലായ്മയാണ് വിൻഡീസിന്റെ തോൽവികളുടെ പ്രധാന കാരണം. ഓപ്പണർ ക്രിസ് ഗെയ്ൽ മികച്ച തുടക്കമുണ്ടാക്കിയെങ്കിലും വൻ ഇന്നിങ്സുകൾ കളിക്കാനാകുന്നില്ല. ഷായ് ഹോപ്പിനെയും സമാന പ്രശ്നങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ നിക്കോളാസ് പുരാനും ഷിമ്രോൺ ഹെറ്റ്മെയറും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിൽ നിന്ന് 45 ാം ഓവറിൽ 212 റൺസിന് വിൻഡീസ് പുറത്തായത് അവരുടെ നിരുത്തരവാദിത്തം വ്യക്തമാക്കുന്നു.
ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന പന്തേറാണ് വിൻഡീസ് ബൗളർമാർ നടത്തിയതെങ്കിലും അവസാന മത്സരങ്ങളിൽ മൂർച്ച നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഇംഗ്ലണ്ടിനെതിരേ സ്റ്റാർ ബൗളർമാരായ ഷെൽഡൻ കോട്രലും ആന്ദ്രെ റസലും അഞ്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ഇരുവരും പരുക്കിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ ഓഷേൻ തോമസിലും നായകൻ ജേസൺ ഹോൾഡറിലും ഷാനോൺ ഗബ്രിയേലിലുമാണ് വിൻഡീസ് കണ്ണുവയ്ക്കുന്നത്.
അതേസമയം, വിജയം മാത്രം മുന്നിൽ കണ്ടാണ് ബംഗ്ലാദേശ് കളത്തിലെത്തുന്നത്. മൂന്നാം നമ്പറിൽ ക്രീസിലെത്തുന്ന ഷാക്കിബ് അൽ ഹസനിലാണ് പ്രതീക്ഷ. മൂന്നു കളികളിൽ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമടക്കം 260 റൺസ് നേടിയിട്ടുണ്ട് ഷാക്കിബ്. എന്നാൽ ഷോർട്ട് ബോളുകൾക്ക് മുന്നിൽ പതറുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ ഇന്ന് വിൻഡീസ് സീമർമാരെ എങ്ങനെ നേരിടുമെന്നതിലാണ് വിജയ സാധ്യതകൾ.