രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702
Published:16 June 2019
ന്യൂഡൽഹി: മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങില്ലാത്ത പാർലമെന്റ് സമ്മേളനത്തിനാകും ഇത്തവണ രാജ്യം സാക്ഷ്യം വഹിക്കുക. നാളെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കം. മൻമോഹന്റെ രാജ്യസഭാ കാലാവധിയാകട്ടെ, വെള്ളിയാഴ്ച അവസാനിച്ചു.
1991ൽ ധനമന്ത്രിയായപ്പോൾ മുതൽ അസമിൽ നിന്നായിരുന്നു മൻമോഹൻ രാജ്യസഭയിലെത്തിയിരുന്നത്. ഇത്തവണ പക്ഷേ, അവിടെ കോൺഗ്രസിന് മൻമോഹനെ ജയിപ്പിക്കാനുള്ള അംഗബലം അസംബ്ലിയിലില്ല. 25 എംഎൽഎമാർ മാത്രമേ നിയമസഭയിലുള്ളൂ. 43 ഒന്നാം വോട്ടുകൾ വേണം കോൺഗ്രസിന് സ്ഥാനാർഥിയെ ജയിപ്പിക്കാൻ. ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമൊക്രറ്റിക് ഫ്രണ്ടിന്റെ 13 എംഎൽഎമാർ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടും നാൽപ്പത്തിമൂന്നിലേക്കെത്താൻ അഞ്ചു പേരുടെ കുറവ്. ഇതോടെ, ഈ നീക്കം കോൺഗ്രസ് ഉപേക്ഷിച്ചു.
ബിജെപിയുടെ കാമാഖ്യപ്രസാദ് താസയും എജിപിയുടെ ബിരേന്ദർ പ്രസാദ് ബൈശ്യയുമാണ് സംസ്ഥാനത്തു നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. അസമിനു പിന്നാലെ ഒഡീശയിലും തമിഴ്നാട്ടിലും ബിഹാറിലും ഗുജറാത്തിലുമാണു സീറ്റുകൾ ഒഴിവുള്ളത്. ഗുജറാത്തൊഴികെയുള്ള സംസ്ഥാനങ്ങളിൽ ആരെയും ജയിപ്പിക്കാൻ കോൺഗ്രസിനു ശേഷിയില്ല. തമിഴ്നാട്ടിൽ ഡിഎംകെ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നതിൽ മാത്രമാണ് ആശ്വാസം.
1991ൽ ധനമന്ത്രിയായതിനെത്തുടർന്നാണു മൻമോഹനെ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു രാജ്യസഭയിലെത്തിക്കുന്നത്. പിന്നീടു 2004 മുതൽ 2014 വരെ കോൺഗ്രസിന്റെ സഭാ നേതാവും മൻമോഹനായിരുന്നു. 2014നുശേഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി.