ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:17 June 2019
മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ടീം ഇന്ത്യക്ക് 89 റൺസിന്റെ ആധികാരിക വിജയം. മഴ കാരണം 40 ഓവറിൽ 302 റൺസിലേക്ക് വിജയലക്ഷ്യം പുനർനിശ്ചയിച്ച മത്സരത്തിൽ പാക്കിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ലോകകപ്പ് വേദിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ തോൽവിയറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വന്ന അവസാന പത്ത് മത്സരങ്ങളിൽ ഇന്ത്യയുടെ ഏഴാം വിജയമാണിത്. സ്കോർ: ഇന്ത്യ-336/5 (50 ഓവർ); പാക്കിസ്ഥാൻ- 212/6 (40ഓവർ).
കൊഹ്ലിപ്പട മുന്നോട്ടുവച്ച 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലായപ്പോഴായിരുന്നു മത്സരത്തിൽ രണ്ടാം തവണയും മഴയെത്തിയത്. തുടർന്നു നിർത്തിവച്ച കളി പുനരാരംഭിച്ചപ്പോൾ 30 പന്തിൽ 136 റൺസായിരുന്നു പാക്കിസ്ഥാന്റെ വിജയലക്ഷ്യം. എന്നാൽ അവസാന 30 പന്തിൽ നിന്നും പാക്കിസ്ഥാന് 46 റൺസ് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ മഴനിയമ പ്രാകരം ഇന്ത്യ 89 റൺസിന്റെ വിജയം സ്വന്തമാക്കി. അതേസമയം, മഴ കാരണം ബാക്കിയുള്ള മത്സരം നഷ്ടമായാലും ടീം ഇന്ത്യക്ക് പേടിക്കേണ്ടതില്ലായിരുന്നു. മഴനിയമ പ്രകാരം 35 ഓവറിൽ പാക്കിസ്ഥാന് 252 റൺസാണ് വേണ്ടത്. എന്നാൽ പാക്കിസ്ഥാൻ അപ്പോഴും 86 റൺസിന് പിന്നിലായതിനാൽ ഇന്ത്യ ജയം ഉറപ്പാക്കിയിരുന്നു. ഇന്ത്യ ഏഴു പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്.
നേരത്തെ, ബൗളിങ്ങിന്റെ തുടക്കത്തിൽ നാലാം ഓവറിൽ പേസർ ഭുവനേശ്വർ കുമാർ പരുക്കേറ്റ് പുറത്തുപോയതോടെ ഇന്ത്യൻ ക്യാംപിൽ കുറച്ച് ആശങ്ക പരത്തി. എന്നാൽ പകരക്കാരനായെത്തിയ വിജയ് ശങ്കർ ആദ്യ ബോളിൽ തന്നെ ഇമാം ഉൾ-ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ കൊഹ്ലിപ്പട ഉണർന്നു. ഇതോടെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ബൗളറും ലോകത്തെ മൂന്നാം താരവുമെന്ന റെക്കോഡും വിജയ് ശങ്കർ കരസ്ഥമാക്കി. പിന്നാലെയെത്തിയ ബാബർ അസമും ഓപ്പണർ ഫഖർ സമാനും താളം കണ്ടെത്തിയതോടെ മത്സരത്തിലേക്ക് പാക്കിസ്ഥാൻ തിരിച്ചുവന്നു.
എന്നാൽ ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യക്ക് മേൽക്കൈ നൽകി. 57 പന്തിൽ 48 റൺസായിരുന്നു അസമിന്റെ സമ്പാദ്യം. അസമും സമാനും ചേർന്ന രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 104 റൺസ്, ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ സെഞ്ച്വറി കൂട്ടുകെട്ടാണ്. 75 പന്തിൽ 62 റൺസെടുത്ത സമാനേയും കുൽദീപ് തന്നെ പുറത്താക്കി. പിന്നാലെ 27ാം ഓവറിൽ ഒമ്പത് റൺസോടെ നിന്ന മുഹമ്മദ് ഹഫീസിനേയും വന്നയുടൻ തന്നെ ഷോയ്ബ് മാലിക്കിനേയും ഹർദിക് പാണ്ഡ്യ പവലിയനിലേക്ക് മടക്കി. 12 റൺസിനിടെ നാലു മുൻനിര വിക്കറ്റ് വീഴ്ത്താനായതോടെ ഇന്ത്യ മത്സരത്തിൽ വ്യക്തമായ മേൽക്കൈ നേടുകയായിരുന്നു.