Published:17 June 2019
ആലപ്പുഴ: വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി പൊലീസ് ഉദ്യോഗസ്ഥൻ അജാസ് ഉപയോഗിച്ച കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാര്‍ ഉപയോഗിച്ചാണ് അജാസ് സൗമ്യയെ സ്കൂട്ടറില്‍ നിന്നും ഇടിച്ച് വീഴ്ത്തുന്നത്.
കാര്‍ എങ്ങനെയാണ് അജാസിന് ലഭിച്ചതെന്നതിനെപ്പറ്റി തനിക്കറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് വേണ്ടിയാണ് കാര്‍ നല്‍കിയതെന്നും രതീഷ് പറഞ്ഞു. രതീഷിന്റെ ബന്ധുവായ ശ്യാമിനാണ് കാര്‍ നല്‍കിയത്. ശ്യാം കാര്‍ ഒരു സുഹൃത്തിനു കാർ നല്‍കുകയായിരുന്നു. ഒരു ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞ് ഈ സുഹൃത്തില്‍ നിന്നാണ് അജാസിന്റെ ഒരു ബന്ധു കാര്‍ വാങ്ങിയത്.
അജാസ് ഇയാളുടെ കൈയില്‍ നിന്നാണു കാര്‍ സംഘടിപ്പിച്ച് കൃത്യം നടത്താൻ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശ്യാമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.