Published:17 June 2019
പറ്റ്ന: ബിഹാറിൽ അസുഖം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 103 ആയി. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ആണ് മരണകാരണമെന്നാണ് നിഗമനം. തിങ്കളാഴ്ച 6 കുട്ടികളാണ് മരിച്ചത്. കെജിരിവാൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 18 കുഞ്ഞുങ്ങളും ശ്രീകൃഷ്ണ മെഡിക്കൽ കോളെജ് ആശുപത്രിയിലെ 85 കുട്ടികളും മരിച്ചുവെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
പ്രാദേശികമായി ചംകി പനി എന്ന അസുഖവുമായി എത്തുന്ന കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. എഇഎസ് ആണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുസാഫർപുർ, വൈശാലി, ഷിയോഹർ, കിഴക്കൻ ചംപാരൻ എന്നിവിടങ്ങളിലാണ് അസുഖം പടർന്നു പിടിച്ചിരിക്കുന്നത്. 12 ജില്ലകളിലെ 222 ബ്ലോക്കുകളിൽ അസുഖം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.