Published:18 June 2019
കെയ്റൊ: ഈജിപ്റ്റ് മുന്‍ രാഷ്ട്രപതിയും മുസ്ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി (67) അന്തരിച്ചു. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പശ്ചിമേഷ്യയിലെ മുല്ലപ്പൂ വിപ്ലവാനന്തരം ഈജിപ്റ്റിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണാധികാരിയായിരുന്നു മുർസി.
ഹുസ്നി മുബാറക്ക് ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന് 2011ല്‍ പുറത്താക്കപ്പെട്ട ശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുര്‍സിയുടെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 2012 ജൂണ്‍ 24നാണ് അദ്ദേഹം പ്രസിഡന്റായി അധികാരമേറ്റത്. മുര്‍സിക്ക് എതിരായ ജനരോഷത്തെയും വന്‍ പ്രതിഷേധ പ്രകടനങ്ങളേയും തുടര്‍ന്ന് ചുമതലയേറ്റ് ഒരു വര്‍ഷത്തിനുശേഷം പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴിൽ കഴിഞ്ഞ ഏഴ് വർഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം.
1951 ആഗസ്റ്റ് 20ന് ഈജിപ്റ്റിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസിയുടെ ജനനം. കെയ്റൊ സർവകലാശാലയിൽ നിന്നു എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്റ്ററേറ്റും നേടി. അവിടെ മൂന്ന് വർഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1985ൽ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും.