11
August 2020 - 7:15 am IST

Download Our Mobile App

Yoga

yoga-day

മനസും ശരീരവും സമർപ്പിച്ച് യോഗ ചെയ്യാനൊരുങ്ങി ലോകം

Published:19 June 2019

ആര്യൻമാരുടെ വരവിന് മുൻപ് തന്നെ ഇന്ത്യയിൽ യോഗ പ്രചാരത്തിലുണ്ടായിരുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ യോഗശാസ്ത്രം പരാമർശിക്കപ്പെടുന്നുണ്ട്. പുരാതന ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങളിലും ശിൽപ്പങ്ങളിലുമൊക്കെ യോഗയുടെ സ്വാധീനം കാണാവുന്നതാണ്.

അഞ്ചാമത് യോഗാ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും മികച്ച മാർഗമായാണ് ഇന്ന് യോഗയെ സമൂഹം അംഗീകരിച്ചിരിക്കുന്നത്. ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗ.

യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്.

2014 ഡിസംബർ 11 നാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി നിർദേശിച്ചത്.

യോഗയുടെ ചരിത്രം...

ആര്യൻമാരുടെ വരവിന് മുൻപ് തന്നെ ഇന്ത്യയിൽ യോഗ പ്രചാരത്തിലുണ്ടായിരുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ യോഗശാസ്ത്രം പരാമർശിക്കപ്പെടുന്നുണ്ട്. പുരാതന ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങളിലും ശിൽപ്പങ്ങളിലുമൊക്കെ യോഗയുടെ സ്വാധീനം കാണാവുന്നതാണ്.

'യുജ്' എന്ന സംസ്കൃതധാതുവിൽ നിന്നാണ് യോഗം എന്ന പദമുണ്ടായത്. കൂട്ടിച്ചേർക്കുക, യോജിപ്പിക്കുക, ഐക്യപ്പെടുത്തുക എന്നൊക്കെയാണ് വാക്കിനർഥം. മനുഷ്യന്‍റെ ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവും ആത്മീയവുമായ കഴിവുകൾ വളർത്തുന്ന ശാസ്ത്രമാണ് യോഗ. 5000 വർഷത്തോളം പഴക്കമുള്ള യോഗ ഒരു വ്യായാമമുറ എന്നതിനപ്പുറം ഒരു ജീവിതചര്യയാണ്. 

അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ പ്രമേയം...

2015: ഐക്യത്തിനും സമാധാനത്തിനും വേണ്ടി 
2016: യുവജനങ്ങളെ ബന്ധിപ്പിക്കാനായി 
2017: ആരോഗ്യത്തിനു വേണ്ടി 
2018: സമാധാനത്തിനു വേണ്ടി 
2019: ഹൃദയത്തിനു വേണ്ടി, ഗുരുവിനൊപ്പം യോഗ

എല്ലാവർക്കും യോഗ...

യോഗ ചെയ്തു തുടങ്ങന്ന ഒരാൾ - അയാൾ യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, ആരോഗ്യവാനോ ക്ഷീണിതനോ ആയിക്കൊള്ളട്ടെ, യോഗാസനങ്ങൾ ആ വ്യക്തിയെ പിന്തുണയ്‌ക്കുകയും നിലനിർത്തുകയും ചെയ്യുന്നു. തുടർച്ചയായുള്ള പരിശീലനത്തിലൂടെ ഓരോരോ ആസനങ്ങളിലും ഉള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുന്നു. ശാരീരികമായ തലത്തിൽ നിന്ന് ഉയർന്ന്, മാനസിക വ്യാപാരങ്ങളെയും കൂടുതൽ ശുദ്ധീകരിക്കാൻ, ഈ ചിട്ടയായ പരിശീലനം സഹായിക്കുന്നു.

യോഗ കേരളത്തിൽ...

1940 മുതൽ തിരുവിതാംകൂറിൽ രാജഭരണകാലത്ത് യോഗ വിദ്യയ്ക്ക് പ്രാധാന്യം നൽകിയിരുന്നു. മഹാരാഷ്‌ട്രയിൽ നിന്നു ക്ഷണിക്കപ്പെട്ടുവെന്ന യോഗ ഗുരുവരൻ കുവലയാനന്ദ സ്വാമികൾ തിരുവനന്തപുരം കോളെജിൽ നടത്തിയ പ്രഭാഷണത്തിൽ ആകൃഷ്ടനായ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് നിർദേശിച്ചതനുസരിച്ച് യോഗവിദ്യ ഒരു പാഠ്യവിഷയമാക്കി. തിരുവിതാംകൂറിലെ പ്രമുഖ അധ്യാപകനായിരുന്ന വെൺകുളം പരമേശ്വരൻ എന്ന യോഗാചാര്യൻ യോഗവിദ്യയുടെ പ്രചാരണാർഥം പ്രവർത്തനം തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലും യോഗ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തുന്നുണ്ട്.

യോഗ ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിനെപ്പറ്റിയും യോഗയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങളും കൂടുതൽ ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ പരിപാടിയിലൂടെ. രാജ്യാന്തര യോഗാദിനം ദുബായിലും വടക്കൻ എമിറേറ്റുകളിലും വിപുലമായി ആഘോഷിക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newslettertop