Published:03 July 2019
ഉയരം കൂടുന്തോറും ചായയുടെ സ്വാദ് കൂടുമെന്നാണ് പറച്ചിൽ. ലോകകപ്പിന്റെ കാര്യത്തിൽ കളി ഓരോന്നു കഴിയുന്തോറും കടുപ്പമേറി വരുന്ന അവസ്ഥയിലാണിപ്പോൾ ടീം ഇന്ത്യ. ബംഗ്ലാദേശിനെ 28 റൺസിനു തോൽപ്പിച്ച് സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചെങ്കിലും ഇന്ത്യയുടെ ഫേവറിറ്റ് ടാഗ് ഒന്നുകൂടി അയഞ്ഞിരിക്കുന്നു. ബംഗ്ലാദേശാകട്ടെ, ഈ ലോകകപ്പിലെ ജനപ്രിയ ടീം ഞങ്ങളുടേതായിരിക്കുമെന്ന കോച്ച് സ്റ്റീവ് റോഡ്സിന്റെ അവകാശവാദം അക്ഷരംപ്രതി ശരിവച്ച്, അതിലൊട്ടും കൂടുതലും നേടാതെ, മടക്ക ടിക്കറ്റുമെടുത്തു.
ഇംഗ്ലണ്ടിലേക്ക് വിമാനം കയറും മുൻപ് ഒരേയൊരു കാര്യത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ടീമിൽ അനിശ്ചിതാവസ്ഥ, നാലാം നമ്പർ ബാറ്റ്സ്മാൻ. പക്ഷേ, ഉള്ളിലേക്കു ചെല്ലുന്തോറും മാങ്ങയുടെ പുളി മെല്ലെ മെല്ലെ അറിഞ്ഞു തുടങ്ങുന്നതു പോലെ, ലോകകപ്പ് അവസാന ഘട്ടത്തിലേക്കടുക്കുന്നതോടെ കൂടുതൽ ദൗർബല്യങ്ങളും തെളിഞ്ഞു കണ്ടു തുടങ്ങിയിരിക്കുന്നു.
ഓപ്പണിങ്ങിലെ മെല്ലെപ്പോക്ക്
ശിഖർ ധവാനു പകരമെത്തിയ കെ.എൽ. രാഹുൽ ഒരു പരാജയമല്ല. പക്ഷേ, ധവാനെപ്പോലെ ആവശ്യത്തിനനുസരിച്ച് ബാറ്റിങ് ഗിയർ മാറ്റിമാറ്റി കളിക്കാനുള്ള ശേഷി ഇതുവരെ രാഹുൽ പ്രകടിപ്പിച്ചിട്ടില്ല. രോഹിത് ശർമയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുകൾ ഉയർത്തി യെങ്കിലും ധവാനെപ്പോലെ രോഹിത്തുമായി കോംപ്ലിമെന്റ് ചെയ്തു കളിക്കാൻ രാഹുലിന് ഇനിയും സമയമെടുക്കും. നിലയുറപ്പിച്ച ശേഷം സ്ട്രൈക്ക് റേറ്റ് ഉയർത്തുന്ന രോഹിത്തിന്റെ രീതിക്ക് മറ്റേയറ്റത്ത് ധവാന്റെ സ്ട്രോക്ക് പ്ലേ സന്തുലനം നൽകിയിരുന്നു. പക്ഷേ, ടി20 ഷോട്ടുകൾ ഒഴിവാക്കാൻ കർശന നിർദേശം ലഭിച്ചിട്ടെന്ന പോലെ കളിച്ചുവരുന്ന രാഹുലിന്റെ ബാറ്റിങ്ങിൽ സ്വാഭാവിക ഒഴുക്ക് ഇനിയും പുറത്തുവന്നിട്ടില്ല.
ബംഗ്ലാദേശിനെതിരേ തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ രോഹിത്തിനു സാധിച്ചതുകൊണ്ടു മാത്രം 300 കടന്ന ഇന്ത്യൻ ടോട്ടൽ, ഒരുപക്ഷേ, അങ്ങനെയൊരിന്നിങ്സ് ഉണ്ടായില്ലെങ്കിൽ ബംഗ്ലാദേശിനു നിഷ്പ്രയാസം പിന്തുടരാൻ സാധിക്കുന്നിടത്തേക്ക് ഒതുങ്ങുമായിരുന്നു. സെഞ്ചുറി നേടിയ മൂന്ന് ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയ ഒരിന്നിങ്സിലും രോഹിത്തിനു ലൈഫിലൂടെ ലഭിച്ച ഭാഗ്യത്തിന്റെ ആനുകൂല്യം, കൂടുതൽ കടുത്ത മത്സരങ്ങളിൽ പ്രതീക്ഷിക്കാനാവില്ല. 2018ലെ ഐപിഎല്ലിൽ 158.41 ആയിരുന്നു രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. 2019ൽ അത് 135.38 ആയി ചുരുങ്ങി. ഇടക്കാലത്ത് ടെസ്റ്റ് ടീമിനു പുറത്തേക്കു നയിച്ച ഫോമില്ലായ്മയെ മറികടക്കാൻ സ്വയം വരിച്ച പ്രതിരോധത്തിന്റെ പുറന്തോടിൽനിന്ന് ഇനിയും രാഹുൽ പൂർണമായി പുറത്തെത്തിയിട്ടില്ലെന്നർഥം.
രാഹുലിന്റെ ആക്രമണോത്സുകത പോരെന്നു തോന്നിയാൽ, അണ്ടർ 19 കാലഘട്ടത്തിൽ ഓപ്പണറായിരുന്ന ഋഷഭ് പന്തിനെ സീനിയർ ടീമിലും ആ റോൾ ഏൽപ്പിക്കുക എന്നതാണ് ഒരു പോംവഴി. പക്ഷേ, ലോകകപ്പ് പോലൊരു വലിയ വേദിയിൽ, അതും നോക്കൗട്ട് ഘട്ടത്തിൽ അങ്ങനെയൊരു പരീക്ഷണം പരാജയപ്പെട്ടാൽ ആത്മഹത്യാപരമാവുകയും ചെയ്യും. രോഹിത്തിനു മികച്ച പിന്തുണ നൽകാൻ രാഹുലിനു സാധിക്കുന്ന സാഹചര്യത്തിൽ ഓപ്പണിങ് കോംബിനേഷൻ പൊളിക്കാതെ മുന്നോട്ടു പോകുന്നതു തന്നെയാകും സുരക്ഷിതമായ മാർഗം. ഇതുവരെ അന്താരാഷ്ട്ര ഏകദിനം കളിച്ചിട്ടില്ലാത്ത മായങ്ക് അഗർവാളിനെ പെട്ടെന്ന് ലോകകപ്പ് വേദിയിലേക്കിറക്കി വിടാൻ ടീം മാനെജ്മെന്റ് ധൈര്യം കാണിക്കാനുമിടയില്ല.
കോഹ്ലിയിൽനിന്ന് ഇതു പോരാ
അഞ്ച് അർധ സെഞ്ചുറി സഹിതം 408 റൺസ് നേടിക്കഴിഞ്ഞ വിരാട് കോഹ്ലിയുടെ പ്രകടനം മോശമെന്ന് ഒരു കണക്കിന്റെയും അടിസ്ഥാനത്തിൽ സ്ഥാപിക്കാനാവില്ല. പക്ഷേ, ഇന്ത്യ ആഗ്രഹിക്കുന്ന കോഹ്ലിയുടെ വിശ്വരൂപം ഇതല്ല. ചേസിങ് മാസ്റ്ററിൽ നിന്ന് വലിയൊരിന്നിങ്സ് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഏകദിന ക്രിക്കറ്റിൽ 95 തവണ അമ്പത് കടന്ന സ്കോറുകളിൽ 41 എണ്ണവും 100 കടത്തിയ ബാറ്റ്സ്മാനാണ് കോഹ്ലി. അതായത്, 43 ശതമാനമാണ് കൺവെർഷൻ റേറ്റ്. ഈ കണക്കിൽ ഇതിനകം രണ്ടു സെഞ്ചുറിക്കുള്ള സമയം കഴിഞ്ഞു. സെമിയിലോ ഫൈനലിലോ ഒക്കെയായി ആ കുറവങ്ങു തീർക്കുമെന്നു പ്രതീക്ഷിക്കാം.
ഫിനിഷിങ്ങിലെ ആലസ്യം
നാലാം നമ്പറിൽ ഋഷഭ് പന്ത് കുറഞ്ഞ പക്ഷം സെമി ഫൈനൽ വരെയെങ്കിലും കളിക്കുമെന്നുറപ്പായ സാഹചര്യത്തിൽ ആ പൊസിഷനപ്പുറത്തേക്കാണ് ഇപ്പോഴത്തെ ആശങ്കകൾ നീളുന്നത്. ഹാർദിക് പാണ്ഡ്യ നിരാശപ്പെടുത്തിയില്ലെങ്കിലും ദീർഘമായ ഇന്നിങ്സിനു പ്രാപ്തി തെളിയിച്ചിട്ടില്ല. ലോവർ മിഡിൽ ഓർഡറിൽ വെസ്റ്റിൻഡീസിന്റെയോ (ഹോൾഡർ, ബ്രാത്ത്വെയ്റ്റ്) ന്യൂസിലൻഡിന്റെയോ (നീഷാം, ഗ്രാൻഡ്ഹോം) ഓസ്ട്രേലിയയുടെയോ (അലക്സ് കാരി) ഇംഗ്ലണ്ടിന്റെയോ (ബെൻ സ്റ്റോക്സ്) നിലവാരത്തിലേക്ക് ഇതുവരെ ഇന്ത്യ എത്തിയിട്ടില്ല. ഇഷ്ടാനുസരണം ഇന്നിങ്സ് നിയന്ത്രിക്കാനുള്ള എം.എസ്. ധോണിയുടെ കഴിവ് കൈമോശം വന്നിരിക്കുന്നു. ഫോമിലല്ലാത്ത കേദാർ ജാദവിനു പകരം വന്ന ദിനേശ് കാർത്തിക്കിലാണ് ഇനി പ്രതീക്ഷ. മായങ്ക് അഗർവാളിനെ മധ്യനിരയിൽ കളിപ്പിക്കുക, അല്ലെങ്കിൽ മായങ്കിനെ ഓപ്പണറാക്കിയ ശേഷം രാഹുലിനെ മധ്യനിരയിൽ തിരിച്ചു കൊണ്ടു വരുക എന്നിവയൊക്കെ അതിവിദൂര സാധ്യതകൾ മാത്രം.
ബൗളിങ്
ലോകകപ്പ് തുടങ്ങും മുൻപ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായി വിലയിരുത്തപ്പെട്ടത് ബൗളിങ് നിരയായിരുന്നു. എന്നാൽ, ജസ്പ്രീത് ബുംറ മാത്രമാണ് പൂർണമായി ഈ പ്രതീക്ഷ ഇതുവരെ നിലനിർത്തിയിട്ടുള്ളത്. ഈ ലോകകപ്പിൽ മറ്റേതു ബൗളറെക്കാളും ബാറ്റ്സ്മാൻമാരുടെ ബഹുമാനം ലഭിക്കുന്നു എന്നതുകൊണ്ടു തന്നെ ഇന്നിങ്സിന്റെ തുടക്കത്തിൽ ബുംറയ്ക്ക് വിക്കറ്റ് കിട്ടാൻ സാധ്യത കുറയുന്നുണ്ട്. എങ്കിൽപ്പോലും നിർണായക സന്ദർഭങ്ങളിൽ കളിയുടെ ഗതി തിരിക്കുന്ന തരത്തിൽ പന്തെറിയാൻ ബുംറയ്ക്കറിയാം. ഇംഗ്ലണ്ടിനെതിരേ സംഭവിച്ച പിഴവുകൾക്ക് ബംഗ്ലാദേശിനെതിരേ സ്ലോ ഓഫ് കട്ടറുകളിലൂടെ പരിഹാരം കാണുന്നതും നമ്മൾ കണ്ടതാണ്.
വിക്കറ്റ് വേട്ടയിൽ മുഹമ്മദ് ഷമി മുന്നിലെത്തിയെങ്കിലും റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിൽ സ്ഥിരത പുലർത്താനാവുന്നില്ല. പരുക്ക് കാരണം ചില മത്സരങ്ങൾ നഷ്ടമായ ഭുവനേശ്വർ കുമാറിന് ശ്രീലങ്കയ്ക്കെതിരായ അപ്രധാന മത്സരത്തോടെ താളം വീണ്ടെടുക്കാൻ കഴിയണം. യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവും ശരാശരിക്കു മുകളിൽ തന്നെയാണെങ്കിലും അടി വാങ്ങാൻ തുടങ്ങിയാൽ നിർത്താത്ത സ്ഥിതിയുണ്ട്. അഞ്ചാം ബൗളറെന്ന നിലയിൽ ഹാർദിക് മോശമല്ലാതെ പന്തെറിയുന്നുണ്ടെങ്കിലും ആറാം ബൗളറില്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ക്വോട്ട തികയ്ക്കാൻ യോഗ്യനാകുന്നത്. കേദാർ ജാദവും വിജയ് ശങ്കറുമില്ലാത്ത സാഹചര്യത്തിൽ ചെയ്ഞ്ച് ബൗളറുടെ അഭാവം മത്സര ഫലത്തെ സ്വാധീനിക്കാനാവും വിധം നിർണായകമാകാം. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെപ്പോലെ വിരാട് കോഹ്ലിയോ രോഹിത് ശർമയോ പഴയ ബൗളിങ് ഓർമകൾ പൊടി തട്ടിയെടുക്കുന്നതും ചിലപ്പോൾ കാണേണ്ടിവരും.