24
August 2019 - 1:00 pm IST

Download Our Mobile App

Flash News
Archives

Cricket

cwc-2019-england-becomes-new-world-champion-beats-new-zealand-in-final

ആവേശപ്പോരിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ

Published:15 July 2019

ന്യൂസിലൻഡ് മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 241ൽ പുറത്തായതോടെയാണ് ഫൈനൽ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. എന്നാൽ സൂപ്പർ ഓവറിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന മാനദണ്ഡത്തിൽ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ലണ്ടന്‍: ആദ്യന്തം ആവേശം നിറഞ്ഞുനിന്ന കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് പുതുലോകചാമ്പ്യന്മാർ. ന്യൂസിലൻഡ് മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 241ൽ പുറത്തായതോടെയാണ് ഫൈനൽ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. എന്നാൽ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതം നേടി സമനില പാലിച്ചതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന മാനദണ്ഡത്തിൽ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ മത്സരത്തിൽ ഇംഗ്ലണ്ട് 22 ബൗണ്ടറികളും രണ്ടു സിക്സും നേടിയപ്പോൾ ന്യൂസിലൻഡിന് 10 ബൗണ്ടറികളും രണ്ടു സിക്സും മാത്രമാണ് നേടിയത്. 

മൂന്നു ഫൈനലുകളിൽ തോറ്റ ശേഷമാണ് നാലാം അവസരത്തിൽ ഇംഗ്ലണ്ട് കന്നി വിശ്വകിരീടം സ്വന്തമാക്കുന്നത്. 1996നു ശേഷമുള്ള പുതുലോകചാമ്പ്യനും ലോകകപ്പ് ‌ച​രി​ത്ര​ത്തി​ലെ ആ​റാം കി​രീ​ട അ​വ​കാ​ശി​യുമായി ഇംഗ്ലണ്ട് മാറി. കൂടാതെ, ആതിഥേയർ ലോകകപ്പുയർത്തുന്നത് ഇതു മൂന്നാം തവണയാണ്. 2011ൽ ഇന്ത്യയും 2015ൽ ഓസ്ട്രേലിയയും ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിരുന്നു. അതേസമയം, ന്യൂസിലൻഡ് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ പരാജയപ്പെടുന്നത്. ഇതോടെ തുടർച്ചയായ രണ്ടു ലോകകപ്പ് ഫൈനലുകളിൽ തോൽക്കുന്ന മൂന്നാമത്തെ ടീമായി കിവീസ് മാറി. നേരത്തെ ഇംഗ്ലണ്ട് (1987, 1992), ശ്രീലങ്ക (2007, 2011) ടീമുകൾ തുടർച്ച‍യായ രണ്ടു കലാശപ്പോരാട്ടങ്ങളിൽ തോൽവിയറിഞ്ഞിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഓപ്പണർ ഹെൻറി നിക്കോൾസാണ് (55) കിവീസ് നിരയിലെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥം 47 റൺസുമായി നിർണായക പ്രകടനം പുറത്തെടുത്തതോടെ കിവീസ് ഭേദപ്പെട്ട സ്കോറിലെത്തി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ലിയാം പ്ലങ്കറ്റും മൂന്നു വിക്കറ്റ് വീതമെടുത്തു. ഇതിനിടെ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റനെന്ന ബഹുമതി കെയ്ൻ വില്യംസൺ ഈ മത്സരത്തിൽ ഒരു റൺസ് കൂടി നേടിയതോടെ സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാർ കൂടിയായ ഇംഗ്ലണ്ടിന് ആയാസപ്പെടാതെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യമെന്നാണ് കരുതിയത്. എന്നാൽ പതിവിനു വിപരീതമായി മുൻനിര തകർന്നതോടെ ഇംഗ്ലീഷ് പട സമ്മർദത്തിലായി. 23.1 ഓവറിൽ നാലു വിക്കറ്റിനു 86 റൺസെന്ന നിലയിൽ പരുങ്ങി. തുടർന്ന് അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സും ജോസ് ബട്‌ലറും നേടിയ സെഞ്ചുറി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. അർധ സെഞ്ചുറി നേടിയതിന്‍റെ പിന്നാലെ ബട്‌ലർ (60 പന്തിൽ 59) പുറത്തായി. തൊട്ടു പിന്നാലെ വന്ന വോക്സും എളുപ്പം മടങ്ങിയതോടെ മറുവശത്ത് നിന്ന സ്റ്റോക്സിലായി ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയത്രയും. സ്റ്റോക്സ് പൊരുതിക്കളിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീഴ്ത്തി കിവീസും മത്സരത്തിൽ പിടിമുറുക്കി.

അവസാന ഓവറിൽ രണ്ടു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കാൻ വേണ്ടത് 15 റൺസ്. ബോളറെ നേരിട്ട സ്റ്റോക്സ് ആദ്യ രണ്ടു പന്തുകളും പാഴാക്കി. എന്നാൽ മൂന്നാം പന്തിൽ ബോൾട്ടിനെ സിക്സറടിച്ച് പ്രതീക്ഷ നിലനിർത്തി. നാലാം പന്തിൽ രണ്ടാം റൺസിനോടിയ സ്റ്റോക്സിനെ പുറത്താക്കാൻ ഗപ്റ്റിൽ എറിഞ്ഞ ത്രോ സ്റ്റോക്സിന്‍റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതോട ഓവർത്രോയിനത്തിൽ ഇംഗ്ലണ്ടിന് ആറു റൺസ് കിട്ടി. ഇതോടെ രണ്ട് പന്തിൽ മൂന്ന് റൺസെന്ന നിലയിലായി. ബോൾട്ടിന്‍റെ അഞ്ചാം പന്തിൽ രണ്ടു റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആദിൽ റഷീദ് റൺഔട്ടായി. അവസാന പന്തിൽ ജിയക്കാൻ വേണ്ട രണ്ടാം റൺസ് പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ മാർ‌ക് വുഡും റണൗട്ടായി. ഇതോടെ ഇരുടീമുകളും സമനിലയിലായി. ബെൻ സ്റ്റോക്സ് 98 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്നു.

 


വാർത്തകൾ

Sign up for Newsletter



top