Published:05 August 2019
കൽപ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും നടുറോട്ടിലിട്ട് മർദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദൻ പിടിയിൽ. കർണാടകത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വലയിലാകുന്നത്.
കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജയകുമാർ ലീസിനെടുത്ത് അമ്പലവയലിൽ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗൂണ്ടായിസത്തിന് ഇരയാകുന്നത്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദൻ ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി.
ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന് യുവതി നൽകിയ മൊഴി.