Published:13 August 2019
മുംബൈ: കഴിഞ്ഞ രണ്ട് ദശകത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയിലാണ് ഇന്ത്യന്‍ വാഹന നിര്മ്മാണമേഖലയെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി വിലയിരുത്തുമ്പോള്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ 35 ശതമാനമാണ് കുറവു വന്നിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് രണ്ടു ലക്ഷത്തി മുപ്പതിനായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
ഇതിന് സമാനമായ പ്രതിസന്ധി ഇതിനു മുന്‍പ് ഉണ്ടായത് 2000 ഡിസംബറിലാണ് അതുകഴിഞ്ഞുള്ള കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ വാഹനമേഖല നേരിട്ട ഏറ്റവും വലിയ മാന്ദ്യമാണിതെന്ന് സിയാം ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ പറഞ്ഞു. 300 ഡീലര്‍ഷിപ്പുകളാണ് അടുത്തിടെ അടച്ചുപൂട്ടിയത്. വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് നിര്‍മാണ വ്യവസായത്തിലെ പത്തുലക്ഷത്തോളം പേരെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
ഓട്ടമൊബൈല്‍ മേഖലയുടെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2019 ജൂലൈ മാസത്തില്‍ 18 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. 35 ശതമാനം ഇടിവ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 25 ശതമാനം ഇടിഞ്ഞപ്പോള്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ ജൂലൈയേക്കാള്‍ 16 ശതമാനം കുറഞ്ഞു.
ഇന്ത്യന്‍ വാഹനമേഖല സ്വയം നേരിടുന്ന കടുത്ത പ്രതിസന്ധിയെയാണ് സിയാം പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത്. നിലവിലെ പ്രശ്നങ്ങളില്‍ നിന്ന് കരകയറാന്‍ ഉത്പാദനം നിര്‍ത്താന്‍ നിർമാതാക്കള്‍ നോക്കുമ്പോള്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് വ്യവസായ മേഖലയിലെ പ്രമുഖര്‍ പറയുന്നു.
വാഹന വ്യവസായത്തിന് സര്‍ക്കാരില്‍ നിന്ന് ഒരു പുനരുജ്ജീവന പാക്കെജ് ആവശ്യമാണെന്ന് സിയാം ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാഹന വ്യവസായം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി അടുത്തിടെ നല്ല ചര്‍ച്ച നടത്തിയിരുന്നു. മാത്തൂര്‍ പറഞ്ഞു, ഒരു പുനരുജ്ജീവന പാക്കെജ് ഉടന്‍ വരുമെന്ന് ഈ മേഖല പ്രതീക്ഷിക്കുന്നു.