Published:13 August 2019
ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരം നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി താരങ്ങൾ. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെ തുടർന്ന് ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിൽ ഉടലെടുത്ത അസ്വാര്യസങ്ങളുടെ പശ്ചാലത്തിലാണ് താരങ്ങളുടെ ആവശ്യം. ഇക്കാര്യം ഇന്ത്യൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഒന്നുകിൽ വേദി പുനർനിശ്ചയിക്കണമെന്നും അല്ലെങ്കിൽ മത്സര തിയതി മാറ്റണമെന്നും ആവശ്യപ്പെട്ട് ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന് (ഐടിഎഫ്) കത്തെഴുതാൻ ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ) തീരുമാനിച്ചു.
സെപ്റ്റംബർ 14, 15 തിയതികളിൽ ഇസ്ലാമാബാദിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഡേവിസ് കപ്പിൽ ഏറ്റുമുട്ടുന്നത്. കശ്മീരിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്ന് മത്സരം നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് എഐടിഎ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ സുരക്ഷാ ക്രമീകരണങ്ങൾ എഐടിഎ പരിശോധിക്കുകയും ചെയ്തു. എന്നാൽ വീണ്ടുമൊരു സുരക്ഷാ പരിശോധനയ്ക്ക് എഐടിഎ ശ്രമിക്കുന്നതാണ് താരങ്ങളെ ചൊടിപ്പിച്ചത്.
ഡേവിസ് കപ്പ് ഉഭയകക്ഷി പരമ്പരയല്ലാത്തതിനാൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് പോകണമോ വേണ്ടയോ എന്നതു സംബന്ധിച്ച് തങ്ങൾക്ക് തീരുമാനിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതേത്തുടർന്ന് ഐടിഎഫിന് വീണ്ടു കത്തെഴുതാൻ എഐടിഎ നിർബന്ധിതരാകുകയായിരുന്നു.