15
September 2019 - 6:06 pm IST

Download Our Mobile App

Flash News
Archives

National

cbi-team-arrest-p-chidambaram-from-his-delhi-residency
ഡൽഹിയിലെ വസതിയിൽ നിന്നും ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

നാടകീയ നീക്കങ്ങൾക്കൊടുവിൽ പി. ചിദംബരം അറസ്റ്റിൽ

Published:21 August 2019

ഒരു മണിക്കൂറോളം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തി രാത്രി 9.45ഓടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറോളം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തി രാത്രി 9.45ഓടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചിദംബരത്തെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം. ചിദംബരത്തിന്‍റെ മുൻകൂർ  ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി. 

ഒളിവിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നു വൈകീട്ട് എട്ടരയോടെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ അപ്രതീക്ഷിത വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ചിദംബരം വസതിയിലെത്തിയത്. ചാനലിൽ ദൃശ്യങ്ങൾ കണ്ട് സിബിഐ സംഘം പാർട്ടി ആസ്ഥാനത്ത് എത്തിയെങ്കിലും ചിദംബരം അതിനോടകം അവിടെ നിന്നും മടങ്ങിയിരുന്നു. തുടർന്ന് സിബിഐ സംഘവും പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരും അദ്ദേഹത്തിന്‍റെ വസതിയിലെത്തുകയായിരുന്നു. 

തുടർന്ന് ഒരു മണിക്കൂറോളം നീണ്ട നാടകീയ സംഭവവികാസങ്ങൾ‌ക്കൊടുവിലാണ് സിബിഐ സംഘം ചിദംബരത്തെ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം വീട്ടുവളപ്പിലേക്ക് പ്രവേശിച്ചത്.

ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ ചിദംബരത്തിന്‍റെ വസതിയുടെ മുന്നിൽ തമ്പടിക്കുകയും കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും ചിദംബരത്തിനെതിരേ മുദ്രാവാക്യം വിളികളുമായി എത്തിയതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ‌ അൽപ്പസമയം സംഘർഷമുണ്ടായി. എന്നാൽ‌ സ്ഥലത്തുണ്ടായിരുന്ന ഡൽഹി പൊലീസിന്‍റെ വൻ സംഘം സ്ഥിതിഗതികൾ വഷളാകാതെ നിയന്ത്രിച്ചു നിർത്തുകയായിരുന്നു.

അതേസമ‍യം, ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ മാധ്യമങ്ങളെ കണ്ട കാർത്തി ചിദംബരം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കുറ്റപ്പെടുത്തി.

നേരത്തെ, നിയമവിരുദ്ധമായി 305 കോടി രൂപ വിദേശ നിക്ഷപം നേടിയതിന് ഐ.എന്‍.എക്‌സ്. മീഡിയ കമ്പനിക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സഹായിച്ചുവെന്ന കേസിൽ കാർത്തി ചിദംബരം അറസ്റ്റിലായിരുന്നു. പിന്നീട് ഡൽഹി ഹൈക്കോടതി ജാമ്യം നൽകി. ഇപ്പോൾ തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ എം.പിയാണ്.


വാർത്തകൾ

Sign up for Newsletter



top