Published:08 September 2019
ഈ കാലം ഒരു ഉല്പന്നമെന്ന നിലയില്‍ കലയെ നിഷ്കാസനം ചെയ്തിരിക്കയാണ്. പകരം അത് ഒരനുഭവമാണ്; അത് കലാസൃഷ്ടികളില്‍ നിന്നായിക്കൊള്ളണമെന്നില്ല. വാട്സ്ആപ്പ് ഫോട്ടോകളില്‍ നിന്നോ ടൂറിസം വീഡിയോകളില്‍ നിന്നോ ഗ്രാഫിക് ബ്രോഷറുകളില്‍ നിന്നോ, ഫേസ്ബുക്ക് കുറിമാനങ്ങളില്‍ നിന്നോ ആകാം. ഇതിന് ഒരു അന്തിമ നിര്‍വചനം നല്കാന് ഒരു പത്രധിപരോ കലാകാരനോ, സാങ്കേതിക വിദഗ്ധനോ ഇന്നില്ല. അവരുടെ ഊഴമല്ല ഇത്.
ഇംഗ്ലീഷ് കലാകാരനായ ജോണ്‍ ബെര്‍ജറിന്റെ ചിത്രങ്ങളെക്കുറിച്ച് പറയവെ, പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനും "ദ് ഓണ്‍ഗോയിംഗ് മൊമെന്റ്' എന്ന പുസ്തകത്തിലൂടെ ഫോട്ടോഗ്രാഫിയിലെ വിപ്ലവകരമായ കലാംശത്തെ പ്രതിപാദിച്ച കലാവിമര്‍ശകനുമായ ജിയോഫ് ഡയര്‍ ഇങ്ങനെ വിശദീകരിക്കുന്നു: ""നിങ്ങള്‍ ബെര്‍ജറിന്റെ ചിത്രങ്ങളിലേയ്ക്ക് നോക്കുമ്പോള്‍, നിങ്ങളുടെ വളരെ വ്യക്തിപരവും നിങ്ങളുടേതു മാത്രവുമായ അനുഭവങ്ങളാണ്. അനുഭവത്തിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിര്‍ണായകമാകുന്നത്. ആ ചിത്രത്തിലുള്ള എന്തെങ്കിലും നിങ്ങള്‍ക്ക് മുന്നില്‍ അനാവൃതമാകുന്നുണ്ടെങ്കില്, അതിനു കാരണം ആ അനുഭവ വ്യക്തിപരതയാണ്, അത് വരുന്നത് ബെര്ജറില് നിന്നാണ്.''
പ്രീ ഡിജിറ്റല്‍ കാലം
എന്നാല്‍ ഇന്ന് ഇതുപോലുള്ള വ്യക്തികേന്ദ്രീകൃത കലയും അതിന്റെ ആഭിമുഖ്യവും കൂടിക്കാണലും സൃഷ്ടിക്കുന്ന വസ്തുനിഷ്ഠതയോ വ്യക്തിനിഷ്ഠതയോ അല്ല കലയിലൂടെ പ്രകാശിതമാകുന്നത്. വളരെ വസ്തുനിഷ്ഠമാണല്ലോ കാന്‍വാസ്. അതിലെ ചിത്രമാകട്ടെ വ്യക്തിനിഷ്ഠവുമാണ്. ഇതെല്ലാം ഒരാളുടെ ആലോചനയുടെയും മനസ്സാന്നിദ്ധ്യത്തിന്റെയും ഓര്‍മ്മയുടെയും ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളാണ്. ഫ്രഞ്ച് കലാകാരനായ പിയറി അഗസ്റ്റി റെന്വേയുടെ ചിത്രങ്ങള്‍ ഒരിക്കല്‍ കണ്ടതുപോലെയായിരിക്കില്ല വര്‍ഷങ്ങള്‍ക്കുശേഷം കാണുമ്പോള്‍ തോന്നുക. ചിത്രങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല. എന്നാല്‍ കാണുന്ന നമ്മള് മാറുന്നു. ഇതാണ് വ്യക്തിനിഷ്ഠതയുടെ വൈയക്തികമായ സ്വഭാവ സവിശേഷതകളുടെ സ്വാധീനംകൊണ്ട് സംഭവിക്കുന്ന പരിവര്‍ത്തനം.
ഇതൊക്കെ ഇപ്പോള്‍ കുറേക്കൂടി വികാസം പ്രാപിച്ച മാനവിക തലങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. പ്രീ ഡിജിറ്റല്‍ (ഡിജിറ്റല്‍ കാലത്തിനുമുമ്പ്) എന്നും പോസ്റ്റ് ഡിജിറ്റല്‍ (ഡിജിറ്റല്‍ കാലത്തിനുശേഷമുള്ളത്) എന്നും ചരിത്രത്തെ ഇപ്പോള്‍ വിഭജിക്കാം. പ്രീ ഡിജിറ്റല്‍ കാലത്ത് മെമ്മറി കാര്‍ഡോ, പ്രതീതി യാഥാര്‍ത്ഥ്യമോ, ഇന്റര്‍നെറ്റിന്റെ ഇടമോ, ഡാറ്റയോ ഇല്ല. കടലാസും പുസ്തകങ്ങളും കാന്‍വാസുകളും മാത്രമാണുണ്ടായിരുന്നത്. ഇന്ന് അതെല്ലാം ഡാറ്റയായി പരിണമിച്ചിരിക്കുന്നു. ഒരു ചിത്രം കാണാന്‍ അതിന്റെ കാന്വാസോ ഫോട്ടോഗ്രാഫോ വസ്തു എന്ന നിലയില്‍ വേണ്ട; വെറും ഡിജിറ്റല്‍ ഡാറ്റ മതി. അങ്ങനെ അത് വസ്തുപ്രതീതി ഇല്ലാത്ത അനുഭവം എന്ന തലത്തിലേക്ക് മാറി.
അസ്തിത്വത്തെ സുന്ദരമാക്കുന്നു
ഇന്നത്തെ അനുഭവത്തിന് ഒരു കലാവസ്തുവിന്റെ ആവശ്യമില്ല. ഒരു പാട്ടില്‍ നിന്നോ, നൃത്തത്തില്‍ നിന്നോ, ചിത്രത്തില്‍ നിന്നോ തേടുന്ന കല ഇന്ന് ചുരുങ്ങിപ്പോയിരിക്കയാണ്. പകരം കലാനുഭവം സാര്‍വത്രികമായ ഒരു വിനിമയവും സാരവുമായിത്തീര്ന്നിരിക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ഐക്കണ്പോലും കലാനുഭവം നല്കുന്നു.
ഒരു എല്‍.ഇ.ഡി. ബള്‍ബ് പോലും മനുഷ്യരെ സാസ്കാരികമായി ഉയര്‍ത്തുന്നു. നവീന വീടുകളിലെ സ്വീകരണമുറി, പൂജാമുറി, ഷോകേസ് തുടങ്ങിയ ഇടങ്ങള്‍ കലാനുഭവമല്ല തരുന്നതെന്ന് ആര്‍ക്കെങ്കിലും പറയാനൊക്കുമോ? റെമ്പ്രാന്തിന്റെ ചിത്രങ്ങളില്‍ ഇരുട്ടിനെതിരെ, കുതിക്കുന്ന കുതിരയെപ്പോലെ, ജ്വലിച്ചു നില്ക്കുന്ന പ്രകാശത്തെ നമ്മള് കണ്ടിട്ടുണ്ട്. അതുപോലെയാണ് വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലും അക്വേറിയങ്ങളിലും ഇപ്പോള്‍ പ്രകാശം മറ്റൊരു മാനമായി പ്രത്യക്ഷപ്പെടുന്നത്. ഉത്സവങ്ങള്‍ക്ക് പൊട്ടിക്കുന്ന ഡൈനകള്‍ എത്രയോ വര്‍ണാഭവും കലാപരവുമാണ്.
ഇന്ന് പെയിന്റിംഗുകളേക്കാള് ആളുകള്‍ അലങ്കാര മത്സ്യങ്ങളെ കാണാന്‍ ഇഷ്ടപ്പെടുന്നു. മെട്രോയിലെ യാത്രയും അതിന്റെ സ്റ്റേഷനുകളിലെ കാഴ്ചകളും തരുന്നത് മറ്റൊന്നല്ല. ഒരു മെട്രോ യാത്ര നമ്മെ നവപരിവേഷത്തിലേക്കാണ് നടത്തുന്നത്. ഒരു പഴയ ബസില്‍ നിന്ന് യാത്രചെയ്യുന്നത് വിരസമാണ്; എന്നാല്‍ മെട്രോയില്‍ ഇരുന്നുള്ള യാത്ര; അസ്തിത്വത്തെ മിനുക്കിയെടുത്ത പളുങ്കുപാത്രംപോലെ ചേതോഹരമാക്കുന്നു. മനുഷ്യരേക്കാള്‍ "സുന്ദര'മാണ് പുതുതലമുറ കാറുകളും വീഡിയോ എസി സൗകര്യമുള്ള വോള്‍വോ ബസുകളും. കാരണം അത് മനുഷ്യന്റെ സ്ഥിരം ശാപങ്ങളായ രോഗം, വാര്‍ദ്ധക്യം, നിരാശ, ശാരീരികമായ അവശതകള്‍ തുടങ്ങിയവയെ തള്ളിമാറ്റി നമ്മെ പുതിയൊരു ഐഹിക പറുദീസയിലേക്ക് പ്രവേശിപ്പിക്കുന്നു; അസ്തിത്വത്തെ മനോഹരവും ഓര്‍മ്മകളാല്‍ പീഡിപ്പിക്കാത്തതുമാക്കുന്നു.
ജീവിതം സൗഹാര്ദ്ദമാകുന്നു
ജീവിതത്തില്‍ കിട്ടാത്തതാണ് ഇന്ന് ഇങ്ങനെയൊക്കെ ലഭിക്കുന്നത്. മനസിലാക്കാന്‍ പറ്റാത്ത നമ്മുടെയൊക്കെ ജീവിതത്തെ ഒരു വാഹനമോ വീട്ടുപകരണമോ കുറേക്കൂടി സൗഹാര്ദ്ദമാക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥത്തെ, ഇവിടെ പുനര്‍വ്യാഖ്യാനം ചെയ്യുകയാണ് ബ്യൂട്ടിപാര്‍ലറുകളും ഹെയര്‍ സ്റ്റൈല്‍ കേന്ദ്രങ്ങളും ചെയ്യുന്നത്. ഇനി കമനീയവും വിസ്മയകരവും ചെലവു കുറഞ്ഞതുമായ ശവപേടകങ്ങളാണ് ഉണ്ടാകേണ്ടത്. അത് മരണത്തിന് പുതിയ വ്യാഖ്യാനം നല്‍കും; പഴയ ശവപ്പെട്ടികള്‍ കൂടുതല്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്പായിരുന്നെങ്കില് ആളുകള്‍ കലാനുഭവം തേടി മൈലുകള്‍ താണ്ടി, കഥാപ്രസംഗം, കഥകളി തുടങ്ങിയവ അവതരിപ്പിക്കുന്ന ക്ഷേത്രങ്ങളിലേക്കും മറ്റും പോകുമായിരുന്നു.
മനുഷ്യര്‍ക്ക് കലാനുഭവം ഒരു അനിവാര്യ പ്രശ്നമാണ്. ഇന്ന് അത് കിട്ടാന്‍ കഥകളിയോ കഥാപ്രസംഗമോ നൃത്തമോ പാട്ടോ വേണമെന്നില്ല; കല ഒരു നാഗരിക, രാഷ്ട്രീയ കാലാവസ്ഥയാണിപ്പോള്‍. ഫര്‍ണീച്ചര്‍ തന്നെ കലാവസ്തുക്കളായി. കസേരകള്‍ ഉപയോഗത്തെയാണ് ലക്ഷ്യമാക്കുന്നതെങ്കിലും, അത് പരമ്പരാഗതമായ രൂപങ്ങളില്‍ നിന്ന് മുക്തിനേടിക്കഴിഞ്ഞു. വലിയ ഹോട്ടലുകളില്‍ സെമിനാര്‍ നടക്കുന്ന ഹാളിലെ കസേരകള്‍ മനുഷ്യരെപ്പോലെതന്നെ ജീവനുള്ളതുപോലെ കാണപ്പെടുന്നു. എല്ലാ കസേരകളും ഒരേതരം തുണികള്‍കൊണ്ട് യൂണിഫോം അണിഞ്ഞ് പ്രസംഗം കേള്‍ക്കാന്‍ ഇരിക്കുകയാണെന്ന് തോന്നും.
അവ കലാഉല്പന്നമല്ല; കലാനുഭവമാണ്. സിനിമയല്ല, സിനിമാ തീയേറ്റര്‍ ആണ് പുതിയ അവബോധം തരുന്നത്. മൊബൈല്‍ വാള്‍പേപ്പറുകളും ടെംപ്ലേറ്റുകളും നവീനമായ ലോകത്തിന്റേതാണ്. ഇപ്പോള്‍ സാങ്കേതികത കലയാവുകയും കല സങ്കേതികമാവുകയും ചെയ്യുകയാണ്. ഗ്രാഫിക് കല അതിനു ഉദാഹരണമാണ്. ഗ്രാഫിക്സ് ഒരു സാങ്കേതികത്വമാണ്. എന്നാല്‍ അത് കലയുമാണ്. ഗ്രാഫിക്സ് ഒരു കലാവസ്തുവല്ല; അറിവാണ്. അതുപയോഗിച്ച് യഥേഷ്ടം കല വിന്യസിക്കാം. ഗ്രാഫിക് കല ഉല്പന്നമായല്ല; വിസ്മയമായാണ് നമ്മെ നവീകരിക്കുന്നത്.
മൊണ്ടെയ്ന്, വില്ല്യം ഓഫ് ഒഖാം
ഫ്രഞ്ച് നവോത്ഥാന ചിന്തകനായിരുന്ന മിഷേല്‍ മൊണ്ടെയ്ന് (15331592) മനുഷ്യദുഃഖത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്ന ചില പ്രസ്താവങ്ങള്‍ നടത്തി. അദ്ദേഹം വ്യക്തിയിലൂന്നിനിന്നാണ് ചിന്തിച്ചത്. പല പ്രസ്ഥാനങ്ങളെയും അദ്ദേഹം സംശയിച്ചു. സംശയിക്കുന്നതാണ് നല്ല യുക്തി എന്ന് അദ്ദേഹം ചിന്തിച്ചു.
നമ്മുടെ സ്വാഭാവികമായ അവസ്ഥയില്‍ ശാന്തതയുണ്ട്. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഭംഗവരുന്നത് നാം കൃത്രിമ ആഗ്രഹങ്ങള്‍ക്ക് അടിമയാകുന്നതോടെയാണ്. നാം ഏതാണോ ശരിയെന്ന് വിശ്വസിക്കുന്നത്, അതില്‍ നാം കൂടുതല്‍ മൂല്യം കെട്ടിവയ്ക്കും. ഇത് ഒരു വ്യക്തിയുടെ വിധിതീര്‍പ്പിന്റെ ഭാഗമാണ്. ഇതുമൂലം നാം വിശ്വസിച്ച വസ്തുക്കളിന്മേല് നമുക്ക് കൃത്രിമമായ ആഗ്രഹങ്ങളുണ്ടാകും. ഇത് അനേകം മനോവ്യഥകള്‍ക്കും കാരണമാകുകയാണ്. ഇതാണ് മൊണ്ടെയ്ന്റെ കാഴ്ചപ്പാട്.
അതുകൊണ്ട് ആഗ്രഹങ്ങളാണ് തടസ്സമെന്ന് പറയേണ്ടിവരും. ആഗ്രഹങ്ങളെല്ലാം ഇല്ലാതായാല്‍ പിന്നെ മനുഷ്യനില്ല; ലോകവുമില്ല. ആഗ്രഹം വര്‍ജിക്കണമെന്ന് ബുദ്ധന് പറഞ്ഞല്ലോ. ഒരാശയും വേണ്ടെന്നും, മനുഷ്യരെല്ലാം കാട്ടില്‍പ്പോയി ധ്യാനിക്കണമെന്നും വിചാരിക്കരുത്. കൃത്രിമവും നമുക്കുതന്നെ അനീതി ചെയ്യുന്നതുമായ ആഗ്രഹങ്ങളില്‍ നിന്ന് പിന്മാറണമെന്നാണ് ഈ തത്ത്വചിന്തയുടെ സാരം.
ഇംഗ്ലീഷ് ഫ്രാന്‍സിസ്കന്‍ പണ്ഡിതനും മതചിന്തകനുമായിരുന്ന വില്ല്യം ഓഫ് ഒഖാം (12851347) ഈ വാദത്തിനോട് അടുത്തുവരുന്ന രീതിയില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ചിന്തിച്ചു. ഒഖാം ഒരു നിഷേധിയായിരുന്നു. സത്യത്തിനുവേണ്ടി ഏത് കഷ്ടനഷ്ടങ്ങളും ഏറ്റെടുക്കുമായിരുന്നു. അതുകൊണ്ടാണ് ഒഖാമിനു പോപ്പിനെപ്പോലും സ്വകാര്യസ്വത്തിന്റെ പേരില്‍ എതിര്‍ക്കേണ്ടിവന്നത്. ഒഖാം ഇങ്ങനെ പറഞ്ഞു: പ്രപഞ്ചത്തിലുള്ള ഏതൊരു വസ്തുവിനും ഒരു ലൗകിക അസ്തിത്വമേയുള്ളൂ; അതിഭൗതിക അസ്തിത്വമില്ല. ഉദാഹരണത്തിന്, ഒരു കസേരയ്ക്കോ, മേശയ്ക്കോ നിലനില്പുണ്ട് എന്ന് പറഞ്ഞാല്‍ അത് ഇവിടെ നമ്മുടെ മുന്നില്‍ ഉണ്ട് എന്നാണര്‍ത്ഥം. ഒരു പ്രാപഞ്ചിക കസേരയോ മേശയോ വേറെ ഇല്ല. നാം കണ്മുന്നില് കാണുന്ന മേശയ്ക്ക് മറ്റൊരു മൂലമില്ല; അതിന് ബന്ധമുള്ള വേറെ പ്രാപഞ്ചിക മേശയുമില്ല. ഇത് മനുഷ്യനും ബാധകമാണ്.
ആനുകാലികം
ശില്പങ്ങളില് കവിത രചിക്കാന്‍ കാനായി കുഞ്ഞിരാമനറിയാം. വേളിയിലെ ശംഖ് പ്രേക്ഷകന്റെ മനസിലാണ് ഊതുന്നത്. ആ ശംഖി
ലേക്ക് വെള്ളം കയറുമോ എന്ന ഉത്ക്കണ്ഠയാണ് അത് അനുവാചകനിലുണ്ടാക്കുന്നത്. കവിത വാക്കുകളില്‍ മാത്രമല്ല ഉള്ളത്; കല്ലിലും തൂണിലും നിശ്ശബ്ദതയിലുമുണ്ട്; കാനായി കല്ലില്‍ മാത്രമല്ല, വാക്കുകള്‍കൊണ്ടും കവിതയെഴുതും. അദ്ദേഹത്തിന്റെ "ജന്മഭാഷ' (കലാകൗമുദി) എന്ന കവിതയിലെ വരികള്‍ കല എന്ന വാക്കിലെ ദ്വയാര്ത്ഥങ്ങളെ ഉചിതമായി സമ്മേളിപ്പിക്കുന്നു:
"കല മായ്ച്ച്
കല വരച്ചു
വരച്ചത് കലയായി
കലയില്‍ കല
അശുദ്ധ കല
കലയില്‍ കല
വിശുദ്ധകല''
സോക്രട്ടീസ് കെ. വാലത്തിന്റെ "രാസമഴ' (മാതൃഭൂമി) മകളുടെ പ്രണയത്തില്‍ അസ്വസ്ഥനാവുന്ന ഒരച്ഛനെക്കുറിച്ചാണ്. സോക്രട്ടീസിന് കഥ പറഞ്ഞ് വായനക്കാരെ ഒപ്പം കൂട്ടാനറിയാം. അദ്ദേഹത്തിനു അതിഭാവുകത്വമില്ല. എന്നാല്‍ ആവശ്യമായ ഘട്ടത്തില്‍ ഭാഷയിലൂടെ ഉയിര്ത്തെഴുന്നേല്ക്കാനും വശമുണ്ട്. ഈ ഭാഗം ശ്രദ്ധിക്കുക: ""മാരകമായ ആ പ്രണയം. അത് അഗ്നിപ്പുടവയുടുത്തിരിക്കുന്നു. വേനല്‍ച്ചൂടില്‍ തുറന്നിട്ട ജനാലയില്‍ വന്നു നില്ക്കുന്നു. തീ തുപ്പുന്ന കണ്ണുകളോടെ രമേശനെ നോക്കിനില്ക്കുന്നു. അവള് മന്ദഹസിക്കുന്നു. അവളുടെ മുടിയിഴകള്‍ കെട്ടഴിഞ്ഞ് ഈ ലോകംതന്നെ കരിച്ചുകളയുംവിധം ജ്വാലകളായി പടര്‍ന്നുലയുന്നു.''
വിഭ്രാമകമായ ഒരവസ്ഥയില്‍ മനുഷ്യന് ഇങ്ങനെ അവനില്‍ തന്നെ മറ്റൊരു അസ്തിത്വം തേടുന്നത് സ്വാഭാവികമാണ്.
മീനുകളുടെ സെമിത്തേരി എന്ന പേരില്‍ സിന്ധുല രഘു എഴുതിയ കവിത (കലാപൂര്‍ണ) നവീനമായ ഒരു കാഴ്ചതരുന്നു. മരിച്ചുപോയ ജലത്തിന്റെ ഭാഷ അറിയണമെങ്കില്‍ അക്വേറിയത്തിലെ മീനിനോട് ചോദിക്കണം.'
സംഗീത കുളത്തൂര്‍ "അല്‍ഷിമേഴ്സ്' എന്ന കവിതയില്‍ ഇന്നത്തെ യുവതയുടെ ഭാഷാപരമായ ആകുലതകള്‍ പങ്കുവയ്ക്കുന്നു.
"നിനച്ചിരിക്കാതെ പിറക്കുന്ന
ഒരു വെളിച്ചത്തിലേക്കാവണം
ഓര്‍മ്മയുടെ എല്ലാ മുഷിപ്പുകളും
മറവിയുടെ ആഴങ്ങളിലേക്ക്
എറിഞ്ഞ് കളഞ്ഞ്
കണ്ണു തുറക്കേണ്ടത്.
പാകമാകാതെ പഴുത്ത്
പൊഴിഞ്ഞ ചിന്തകള്‍
ദാഹാര്‍ത്തരായി
നിലത്തുകിടന്നുരുളട്ടെ.''
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മലയാള സിനിമ എത്രമാറി? പഴയകാല കഥാഖ്യാനരീതിതന്നെ കാലഹരണപ്പെട്ടു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ദിലീഷ് പോത്തന് തന്നെയാണ് മികച്ച സംവിധായകന്. പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെയാണ് ഇന്ന് സാധാരണ ചെറുപ്പക്കാര്‍ ജീവിതത്തെ നോക്കി കാണുന്നത്. ഈ രണ്ട് ചിത്രങ്ങളിലെയും നായകന്മാര് ഓരോ തോന്നലിനുവേണ്ടി വെറുതെ ഊര്‍ജം പാഴാക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇതുതന്നെയാണ് നടക്കുന്നത്. രാത്രി വൈകി മദ്യം വാങ്ങാന്‍ ബാറിലേക്ക് പോകുന്ന ചെറുപ്പക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവം കഴിഞ്ഞ ദിവസങ്ങളിലെ പത്രവാര്‍ത്തയിലൂടെ വ്യക്തമായതാണല്ലോ? അസാധാരണമായ സംഭവങ്ങള്‍ സാധാരണകാര്യങ്ങളില്‍ നിന്നു ഉത്ഭവിക്കുകയാണ്. വ്യക്തികള്‍ ബലിയാടാവുന്നു; അവര്‍ക്ക് പിന്നീട് മാത്രമേ ദുഃഖിക്കാനാവൂ.
"തൊണ്ടിമുതലി'ലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം ഒരാവശ്യവുമില്ലാതെ മാല മോഷ്ടിക്കുന്നു. പോലീസുകാരുടെ ഇടിയെല്ലാം കൊള്ളുന്നു. എന്നിട്ട് ആ മാല അയാള്‍ സൂത്രത്തില്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കുകയും ചെയ്യുന്നു. പോലീസുകാര്‍ വിട്ടയച്ചശേഷം, അയാള്‍ പട്ടണത്തിലൂടെ നടന്നുപോകുന്ന ദൃശ്യം എല്ലാം വിശദീകരിക്കും; അയാള്‍ ഇങ്ങനെയൊക്കെയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ഫഹദിന്റെ കഥാപാത്രം തന്റെ പ്രണയം നഷ്ടപ്പെട്ടത് കാമുകിയില്‍ നിന്ന് ഫോണിലൂടെ അറിയുന്ന നിമിഷം തികച്ചും അക്ഷോഭ്യനാണ്. അയാള്‍ പട്ടിക്ക് ചോറു കൊടുക്കുന്ന ദൃശ്യമാണ് പിന്നാലെ വരുന്നത്. ആ ദൃശ്യം ഉജ്ജ്വലമായി. മനുഷ്യരേക്കാള്‍ വിശ്വസിച്ച് സ്നേഹിക്കാവുന്നത് പട്ടിയെയാണെന്ന് ആ ചോറുകൊടുക്കലിലൂടെ സംവിധായകന് പറഞ്ഞുവയ്ക്കുകയാണ്.
ദര്‍ശനം
1) ഭക്തി
അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് ഭക്തിയെ ആശ്രയിക്കുന്നത്.
2) ദൈവം
ദൈവത്തിനു നമ്മുടെ ചിന്താക്കുഴപ്പം പരിഹരിച്ച് സകല മനോരോഗവും മാറ്റി നമ്മെ നല്ല മനുഷ്യനാക്കാന്‍ അസാമാന്യ സിദ്ധിയുണ്ട്.
3) വിരഹം
വേര്‍പെട്ടിരിക്കുമ്പോള്‍ പ്രേമിക്കാന്‍ തോന്നും; പക്ഷേ ആ പ്രേമത്തിന് ശരീരമോ ഭാഷയോ ഉണ്ടാകില്ല.
4) മനുഷ്യന്
ഏത് ഹീനകൃത്യം ചെയ്യുമ്പോഴും അതിനെയെല്ലാം താത്ത്വികമായി അപഗ്രഥിക്കാനും ന്യായീകരിക്കാനും മനുഷ്യനു മാത്രമേ കഴിയൂ.
5) വായന
വായനക്കാരന് മാറിക്കൊണ്ടിരിക്കും; മുമ്പ് വായിച്ച പുസ്തകങ്ങള്‍ അന്നത്തേപ്പോലെതന്നെ പിന്നീടും വായിച്ചുകൊള്ളാമെന്ന് വായനക്കാരന് ആരോടും കരാര്‍ വച്ചിട്ടില്ല.
കസന്ദ്സാക്കിസ്
പട്ടികള്‍ ഓലിയിട്ടാല്‍ അത് മരണത്തിന്റെ സൂചനയാണെന്ന് നമ്മുടെ നാട്ടില്‍ പണ്ടേയുള്ള സംസാരമാണ്. പട്ടിക്ക് മരണത്തെ നേരത്തേ കാണാന്‍ കഴിയുന്നുവെന്നാണ് സാരം. അപ്പോള്‍ പട്ടികളല്ലേ ജ്ഞാനികള്‍? അവയെ തെരുവില്‍ അലയാന്‍ വിടുന്നതുതന്നെ തെറ്റ്. ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസന്‍ദ്സാക്കിസിന്റെ "ക്രൈസ്റ്റ് റീക്രൂസിഫൈഡ്' എന്ന നോവലില്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ പട്ടികളും ഓലിയിടുന്നതായി വിവരിക്കുന്നുണ്ട്.
നമ്മേപ്പോലെ ഗ്രീക്കുകാരും പട്ടികളെ ജ്ഞാനികളായി പരിഗണിച്ചിരുന്നു എന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. കാലന് ഗ്രാമത്തിലേക്ക് മരണവുംകൊണ്ടുവന്നതാണെന്ന് ഒരാള്‍ ആ പട്ടിക്കുരകളെപ്പറ്റി വിവരിക്കുന്നുണ്ട്. കാലനെക്കണ്ട് പട്ടികള്‍ വിറച്ചു എന്നും നോവലില്‍ എഴുതിയിരിക്കുന്നു. ഇത്തരം വിശ്വാസങ്ങള്‍ ലോകത്തിന്റെ എല്ലായിടത്തും ഒരുപോലെയാണ്. അന്ധന്മാര് ആനയെക്കണ്ട് പലതായി വിവരിക്കുന്ന ചിത്രവും ഈ നോവലില്‍ മറ്റൊരിടത്ത് കാണാം.
മാധവിക്കുട്ടി, ഹൊംഗ്ഷാ ഫൊമ്റോംഗ്
മണിപ്പൂരിലെ ഇംഗ്ലീഷ് അദ്ധ്യാപകനും ശാസ്ത്രജ്ഞനും സാഹിത്യസൈദ്ധാന്തികനുമായി ഡോ. ഫൊമ്റോംഗ് എഴുതിയ പുസ്തകമാണ് "കമലാദാസ് ദ് ഇന്ത്യന്‍ മണ്‍റോ' ഫെമിനിസ്റ്റ് പെഴ്സ്പെക്റ്റീവ്'. മലയാളത്തിലെ മാധവിക്കുട്ടി ഇംഗ്ലീഷില്‍ പ്രശസ്തയായ കവിയാണല്ലോ. അവരെ സ്ത്രീവാദിയെന്ന് മുദ്രയടിക്കാനൊന്നും ഗ്രന്ഥകാരന് ശ്രമിക്കുന്നില്ല. എന്നാല്‍ കമലയുടെ കവിതകളിലെ സ്ത്രീസഹജമായ ഭാവങ്ങള്‍ ഇവിടെ ആരായുന്നു.
കമലാദാസ് ഒരു ശരാശരി സ്ത്രീക്ക് മുകളില്‍ വരുന്നുണ്ട്. അത് അവരുടെ ഭാഷയുടെ പ്രയോഗത്തിലൂടെയാണെന്ന് ഫോമ്റോംഗ് കണ്ടെത്തുന്നു. ആ വാക്കുകളില്‍ തുറന്ന ഭാവമാണ് പ്രധാനം. ആത്മാവിനെ നഗ്നമാക്കി കാണിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെ പ്രാപഞ്ചികമായി ഉയര്‍ന്നതലത്തില്‍ കാണാന്‍ കമലയ്ക്ക് കഴിയുന്നു. സ്വയം പരിശോധിക്കുകയും സ്വയം അന്വേഷിക്കുകയുമാണ് കമല ചെയ്തത്.
എന്നാല്‍ കമലാദാസുമായി താരതമ്യം ചെയ്യാവുന്ന എഴുത്തുകാരികള്‍ മലയാളത്തിലില്ല. കമലയ്ക്ക് പലതും ബ്രേക്ക് ചെയ്യാന്നുണ്ടായിരുന്നു. അവര്‍ എല്ലാറ്റിനോടും രാജിയായില്ല. അവര്‍ പുരുഷനെ വെറുത്തില്ല. പകരം പ്രണയത്തെ സ്വര്‍ണത്തേക്കാള്‍ സ്നേഹിച്ചു. പ്രേമം തരാമെന്ന് പറഞ്ഞാല്‍, ഏത് പട്ടി വിളിച്ചാലും താന്‍ പോകുമെന്നാണ് അവര്‍ പറഞ്ഞത്.