26
January 2021 - 5:13 pm IST

Download Our Mobile App

Reviews

finals-malayalam-movie-review

ഫൈനൽസ് നിർവ്വഹിച്ച സിനിമാ ധർമ്മം

Published:13 September 2019

# പി.ഡി. സീതാദേവി

തെറ്റ് ചെയ്തിലെങ്കിലും തലപൊങ്ങാൻ അനുവദിക്കാതെ സ്പോർടസ് ഫെഡറേഷൻ അടിച്ചമർത്തുന്ന വർഗീസ് എന്ന പ്രഗൽഭനായ കോച്ച് അത്മഹത്യക്കും കൊലയ്ക്കും തുനിയുന്ന രണ്ട് സന്ദർഭങ്ങളിൽ നിന്നും പിന്തിരിയുന്നിടം മുതൽ ഈ സിനിമ കരുത്താർജിക്കുന്നു.

ഫൈനൽസ് എന്ന സിനിമ പേര് സൂച്ചിപ്പിക്കുന്നതു പോലെ അന്തിമ വിധിയാണ് പ്രധാനം ചെയ്യുന്നത് - ദുഷ്കർമ്മങ്ങൾക്കുള്ള ശിക്ഷ പോലെ, കർമഫലം പോലെ ഒരു ഓർമപ്പെടുത്തലും പാഠവുമായിത്തീരുന്നു ഈ സിനിമ. അഴിമതി ഗ്രസിച്ചു കഴിഞ്ഞ ഇന്ത്യൻ ബ്യൂറോക്രസി പ്രതീക്ഷാവഹമല്ലെന്ന് ദൃശ്യവൽക്കരിക്കുന്നു. കക്ഷി രാഷട്രീയ ഭേദമെന്യേ അധികാരിവർഗ്ഗത്തിന്റെ സ്വഭാവം ഏതാണ്ടൊന്ന് തന്നെയെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നതും ഇതിൽ ഉണ്ട്.അങ്ങനെ മനുഷ്യനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊണ്ട ഈ സിനിമയുടെ കഥ, തിരകഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ച പി.ആർ.അരുണിനോട് നന്ദി പറയാൻ ജനം ബാധ്യസ്ഥമാണ്. 

ചതിപ്രയോഗത്തിലൂടെ അപകടപ്പെടുത്തിയ ഒരു അത് ലറ്റിന് (ഷൈനി )2002 ൽ മരിക്കുന്നതുവരെ നാടും അധികാരവർഗ്ഗവും ഒരു സഹായഹസ്തവും നീട്ടിയില്ല എന്ന നഗ്ന യാഥാർത്ഥ്യമാണ് ഈ സിനിമയുടെ ഇന്ധനം.

തെറ്റ് ചെയ്തിലെങ്കിലും തലപൊങ്ങാൻ അനുവദിക്കാതെ സ്പോർടസ് ഫെഡറേഷൻ അടിച്ചമർത്തുന്ന വർഗീസ് എന്ന പ്രഗൽഭനായ കോച്ച് അത്മഹത്യക്കും കൊലയ്ക്കും തുനിയുന്ന രണ്ട് സന്ദർഭങ്ങളിൽ നിന്നും പിന്തിരിയുന്നിടം മുതൽ ഈ സിനിമ കരുത്താർജിക്കുന്നു. സ്നേഹമയിയായ കുഞ്ഞുമകൾ എന്നും അച്ഛന്‍റെ കൂടെ നിൽക്കും എന്ന് പറയുമ്പോൾ അതിന്‍റെ ചാലകശക്തി വർഗീസിനെ അണയാതെ സൂക്ഷിക്കുന്നു. എന്നാലും ദുഷ്പ്രചരണത്തിനെ തടയാനാകുന്ന മക്കരുത്തൊന്നും ആ കട്ടപ്പനക്കാരനില്ലായിരുന്നു. തന്‍റെ സ്ഥാപനത്തേയും മകളുടെ പ്രോജ്വലമായ ഭാവിയേയും തല്ലിതകർത്തവരോട് പകരം ചോദിക്കാനിറങ്ങുന്ന വർഗീസ് എന്ന കോച്ചിനും  മകളുടെ സുഹൃത്തും അയൽക്കാരനുമായ മാന്വൽ(മഞ്ജിത്ത് ) ലിനും മറ്റൊന്നും നഷ്ടപ്പെടാനില്ലായിരുന്നു. ശത്രുവിനെ ഓടിച്ചിട്ടു പിടിക്കുന്നതിനിടയിൽ മാന്വലിന്റെ കൈക്കരുത്തിനു മെയ്ക്കരുത്തിലും വർഗീസ് കണ്ടെത്തുന്നത് എല്ലാറ്റിനും പകരം വെക്കാനാകുന്ന ഉർജമായിരുന്നു. 

സുരാജ് വെഞ്ഞാറമൂടിന്‍റെ വർഗീസ് എന്ന കഥാപാത്രം അഭിനയത്തിൽ പലപ്പോഴും ഓം പുരിയെ ഓർമ്മിപ്പിച്ചു. മനസ്സിന്‍റെ പ്രക്ഷുബ്ധതയും ദുഃഖവും മിതഭാഷണവുമായി വർഗീസ് ഒരു സഞ്ചരിക്കുന്ന അഗ്നിപർവ്വതം പോലെ ഈ സിനിമയിലുടനീളം കാണികൾക്ക് അനുഭവവേദ്യമാകുന്നു. മനുഷ്യൻ പ്രതികാരത്തിലേക്ക് തിരിയുന്നതിനേക്കാൾ എത്രയോ നല്ലതാണ് നന്മയിലും ത്യാഗത്തിലുമൂന്നി മുന്നോട്ട് പോകുന്നതെന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു.

രജിഷ വിജയന്‍റെ ആലീസ് വർഗീസ് പ്രേക്ഷകന്‍റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയെടുക്കാവുന്നത്ര ശക്തമായ കഥാപാത്രമാണ്. ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിനൊരു സാംസ്കാരികവും ത്യാഗഭരിതവുമായി ഒരു വശം കൂടി നമുക്ക് കണ്ടെത്താൻ ആകുന്നു. കുട്ടിക്കാലത്ത്, "എന്നെ ഓടി തോൽപ്പിക്കാമോ?" എന്ന് ചോദിക്കുന്ന ആലീസിന് മുതിർന്നപ്പോൾ മാനുവൽ എറ്റവും വലിയ സ്നേഹ സമ്മാനം നൽകുന്നിടത്ത് ത്യാഗോജ്വലമായ സാംസ്ക്കാരികത കാഴ്ചവെയ്ക്കുന്നു- പ്രണയത്തിന്‍റെ ആന്ധ്യവും കാൽപനികതയുമൊക്കെയാണ് നമുക്ക് ഏറെ പരിചിതമെങ്കിലും "വല്ലപ്പോഴുമെങ്കിലും നമുക്കൊന്ന് ജയിക്കേണ്ടേ മാഷേ?" എന്ന ചോദ്യം നമ്മുടെ രാജ്യത്തെ സാധാരണക്കാരന് ഇതിനകം കിട്ടാക്കനിയായിക്കഴിഞ്ഞ "ജയം" എന്ന മരീചികയേയാണ് സൂചിപ്പിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കാര്യപ്രാപ്തിയും പ്രാഗൽഭ്യവുമുള്ള ഒരു നല്ല സിവിൽ സർവീസ് ഉണ്ടായില്ലെങ്കിൽ ഇടനിലക്കാരും കൈക്കൂലികാരും ഇന്ത്യയെ തകർക്കുമെന്ന് സർദാർ വല്ലഭായി പട്ടേൽ തുടരെ തുടരെ ഓർമിപ്പിച്ചിരുന്നു. അത് കണക്കിലെടുക്കാതെ മുന്നോട്ട്(പിന്നോട്ട് ) പോയ ഭാരതം ഇവിടെയെത്തി നിൽക്കുന്നു- റിക്രൂട്ട്മെന്റിൽ, കൺസ്ട്രക്ഷനിൽ, ചികിത്സയിൽ, വിദ്യാഭ്യാസ കച്ചവടത്തിൽ, ഭൂമിയിടപാടിൽ, കുറ്റവാളികളെ സംരക്ഷിക്കുന്നതിലെല്ലാം വിപരീത ഫലം കാഴ്ചവെച്ചു കൊണ്ട് സിവിൽ സർവ്വീസ് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് സ്പോർട്സ് മേഖലയിലെ അഴിമതി മറനീക്കി പുറത്തു കൊണ്ടുവരുന്ന ഈ സിനിമ രാജ്യാധപതനത്തിന്‍റെ പ്രാധിനിത്യ സ്വഭാവമായി നിലകൊള്ളുന്നത്.


വാർത്തകൾ

Sign up for Newslettertop