Published:17 September 2019
കൊച്ചി: വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥ തിരുനാള്‍ ബസിലിക്ക റെക്റ്റർ ഫാ. മൈക്കിൾ തലകെട്ടി കൊടിയേറ്റിയതോടെ ആരംഭിച്ചു. തിരുനാളാഘോഷങ്ങൾ 24 നു സമാപിക്കും. കൊടിയേറ്റത്തെ തുടർന്നുള്ള ദിവ്യബലി ഫാ. മാത്യു ഡിക്കൂഞ്ഞ മുഖ്യകാർമ്മികനായിരുന്നു. പ്രസുദേന്തി സ്റ്റാന്‍ലി ഗൊണ്‍സാല്‍വസും കുടുംബാംഗങ്ങളും കാഴ്ചസമര്‍പ്പണം നടത്തി.കേരളതീരത്തെ കീര്‍ത്തിത ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്ക് തിരുനാള്‍ സമാപിക്കുന്ന 24 വരെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദൂര ദേശങ്ങളില്‍ നിന്നും ഇനി തീര്‍ത്ഥാടകരുടെ പ്രവാഹമായിരിക്കും.
ഇന്നു വൈകുന്നേരം 5.30ന് സീറോ മലങ്കര റീത്തിൽ ദിവ്യബലിയില്‍ മൂവാറ്റുപുഴ മെത്രാന് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മുഖ്യകാര്‍മികനാകും. 18 നു ബുധനാഴ്ച വൈകുന്നേരം 5.30ന് ഫാ. ജോണ്‍പോള്‍ പറയപ്പിള്ളിയാത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സീറോ മലബാര്‍ റീത്തില്‍ ദിവ്യബലി അര്‍പ്പിക്കും. 20 നു വെള്ളിയാഴ്ച 5.30ന് ഇലക്ത്തോര്മാരുടെ വാഴ്ചയോടനുബന്ധിച്ച് ലത്തീന്‍ ഭാഷയിലുള്ള ദിവ്യബലിക്ക് ഫാ. ജോസ് പി. മരിയാപുരം മുഖ്യകാര്‍മികത്വം വഹിക്കും. 22നു ഞായറാഴ്ച നാലു മണിക്ക് തമിഴില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കു പുറമെ ഏഴു ദിവ്യബലികള്‍ കൂടിയുണ്ട്.അന്ന് വൈകീട്ട് 5 .30 നു ഫാ ഫിലിപ്പ് തൈപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്ക് മുന്നോടിയായി2020ലെ പ്രസുദേന്തിയെ വാഴിക്കും.
വേസ്പര ദിനമായ 23 നു തിങ്കളാഴ്ച 5 .30 നുള്ള ദിവ്യബലിയിൽ മോൺ. സെബാസ്റ്റ്യൻ ലൂയിസ് മുഖ്യകാർമ്മികനായിരിക്കും, തുടർന്ന് ആഘോഷമായ പ്രദക്ഷിണം.24ന് തിങ്കളാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 10ന് സാഘോഷ തിരുനാള്‍ ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്മിനായിരിക്കും. വല്ലാര്‍പാടം പള്ളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ കാരുണ്യമാതാവിന്റെ അദ്ഭുതചിത്രം 1676ല്‍ പ്രളയജലത്തില്‍ നിന്നു വീണ്ടെടുക്കുകയും പള്ളി പുനര്‍നിര്‍മാണത്തിന് ദ്വീപില്‍ ഭൂമി അനുവദിക്കുന്നതിന് കൊച്ചി രാജാവിനെ പ്രേരിപ്പിക്കുകയും അള്‍ത്താരയിലെ കെടാവിളക്കിനുള്ള എണ്ണ ചേന്ദമംഗലം പാലിയത്തു നിന്ന് എത്തിക്കുകയും ചെയ്ത കൊച്ചി രാജ്യത്തെ പ്രധാനമന്തിയായിരുന്ന പാലിയത്ത് രാമന് വലിയച്ചന്റെ പിന്തലമുറക്കാരെ തിരുനാള്‍ ദിനത്തില്‍ വരവേല്‍ക്കുന്ന ആചാരം ഇന്നും തുടരുന്നുണ്ട്. പള്ളിയിലെ കെടാവിളക്കിനുള്ള എണ്ണ സമര്‍പ്പിക്കുന്ന പാലിയം കുടുംബാംഗങ്ങളെ മുഖ്യകാര്‍മികനായ ആര്‍ച്ച്ബിഷപ് എമരിറ്റസ് കല്ലറക്കലിനൊപ്പം റെക്ടര്‍ ഫാ. തലക്കെട്ടി, സഹവികാരിമാരായ ഫാ. ജിബിന്‍ കൈമലേത്ത്, ഫാ. ഡിനോയ് റിബേര, ഫാ. ജെയ്സല്‍ കൊറയ, പ്രസുദേന്തി സ്റ്റാന്‍ലി ഗൊണ്‍സാല്‍വസ് എന്നിവരും ഇടവക പ്രതിനിധികളും ചേര്‍ന്നു സ്വീകരിക്കും.
വല്ലാര്‍പാടം പള്ളിയിലെ ബലിപീഠത്തിന് 1888ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ അനന്തകാലത്തേക്ക് അനുവദിച്ച പ്രത്യേക പദവി പാപശാപമുക്തിക്കുള്ള വിശേഷ ദണ്ഡവിമോചനത്തിന്റെ ഉപാധിയാണ്. വിമോചകനാഥയുടെ നാമത്തിലുള്ള മേഴ്സിഡാരിയന് സന്ന്യാസ സമൂഹത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ 2018 ഓഗസ്റ്റു മുതല്‍ 2019 ജൂലൈ വരെ പ്രത്യേക ദണ്ഡവിമോചനത്തിന്റെ കാരുണ്യകവാടമായി വല്ലാര്‍പാടം ബസിലിക്കയെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ ഈ പദവിക്ക് അര്‍ഹമായ ഏക ദേവാലയം ഇതായിരുന്നു.
വല്ലാര്‍പാടം ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാരുണ്യമാതാവിന്റെ തിരുസ്വരൂപചിത്രം 1524ല്‍ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നതാണ്. പ്രകൃതിക്ഷോഭത്തില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ജീവിതപ്രതിസന്ധികളില്‍ നിന്നും പാപഭാരത്തില്‍ നിന്നും മോചിപ്പിക്കുന്ന കാരുണ്യമാതാവിന്റെ സന്നിധിയില്‍ വന്നണഞ്ഞ് വിമോചനത്തിന്റെ ദൈവിക കൃപാകടാക്ഷം നേടിയവരുടെ അനുഭവസാക്ഷ്യങ്ങളും എണ്ണമറ്റ അത്ഭുതങ്ങളുടെ ആധികാരിക ആഖ്യാനങ്ങളും ജാതിമത ചിന്തകള്ക്കതതീതമായ അനിതരസാധാരണമായ കൃപാചൈതന്യത്തിന്റെ ദൃഷ്ടാന്തങ്ങളും നിറഞ്ഞതാണ് വല്ലാര്‍പാടം ബസിലിക്കയുടെ പുണ്യചരിതം.
തിരുനാള്‍ ദിനത്തില്‍ രാവിലെ ആറിനും വൈകുന്നേരം നാലിനും തമിഴിലും വൈകുന്നേരം ഏഴിന് ഇംഗ്ലീഷിലും ദിവ്യബലിയുണ്ട്. തിരുനാള്‍ എട്ടാമിടം ഒക് ടോബര്‍ ഒന്നിന് കൊണ്ടാടും. കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ മോണ്‍ ആന്റണി കുരിശിങ്കല്‍ തിരുനാള്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഒക് ടോബര്‍ രണ്ടിന് 13 മണിക്കൂര്‍ ആരാധന നടത്തും. തിരുന്നാളിനോട് അനുബന്ധിച്ച് കളമശേരി-വല്ലാര്‍പാടം ദേശീയ പാത 966എ (കണ്ടെയ്നര്‍ റോഡ്), എറണാകുളം ഹൈക്കോര്‍ട്ട് ജംക്ഷനില്‍ നിന്ന് ചാത്യാത്തേക്കുള്ള ഏബ്രഹാം മാടമാക്കല്‍ റോഡില്‍ നിന്ന് ബോള്‍ഗാട്ടി ഗോശ്രീ പാലം, ബോള്‍ഗാട്ടി-വല്ലാര്‍പാടം ഗോശ്രീ പാലം, വൈപ്പിനില്‍ നിന്ന് ഗോശ്രീ പാലം എന്നിവയിലൂടെ വല്ലാര്‍പാടം ബസിലിക്കയില്‍ എത്തിച്ചേരാം. എറണാകുളം ബോട്ട്ജെട്ടിയില്‍ നിന്ന് കെഎസ്ആര്‍ടി ബസും ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും വൈപ്പിനില്‍ നിന്നും സ്വകാര്യ ബസും വല്ലാര്‍പാടത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്.