23
October 2019 - 7:57 am IST

Download Our Mobile App

Flash News
Archives

Crime

അറസ്റ്റിലായ അലോട്ടി

കുരുമുളക് സ്പ്രേ ചെയ്ത് കവർച്ച; ഗുണ്ടാനേതാവ് പിടിയിൽ; ഒപ്പം വെടിയുണ്ടകളും മാരകായുധങ്ങളും

Published:20 September 2019

ഇയാളിൽ നിന്നും 23 വെടിയുണ്ടകളും, ഇടിക്കട്ട, വിദേശ നിർമ്മിത കത്തി, മഴു, കുരുമുളക് സ്പ്രേ എന്നിവയും പിടിച്ചെടുത്തു. 16 നായിരുന്നു നഗരമധ്യത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം മോഷണം നടന്നത്.

കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ ഗുണ്ടാ സംഘത്തലവൻ അലോട്ടി പൊലീസ് പിടിയിലായി. കവർച്ച ആസൂത്രണം ചെയ്തത് ഇയാളാണെന്നു പൊലീസ് പറഞ്ഞു. പുതുപ്പള്ളി കൊച്ചുമറ്റം പള്ളിവാതുക്കൽ വീട്ടിൽ താമസിക്കുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയ്‌സ്മോൻ ജേക്കബി (അലോട്ടി- 25) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഇയാളിൽ നിന്നും 23 വെടിയുണ്ടകളും, ഇടിക്കട്ട, വിദേശ നിർമ്മിത കത്തി, മഴു, കുരുമുളക് സ്പ്രേ എന്നിവയും പിടിച്ചെടുത്തു. 16 നായിരുന്നു നഗരമധ്യത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം മോഷണം നടന്നത്. കേസിൽ തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ  സംഭവ ദിവസം അലോട്ടി ഇരുവരെയും വിളിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് അലോട്ടിയാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു,  ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, എസ്.ഐ കെ.എസ് ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പയ്യപ്പാടിയിലെ ഭാര്യവീട്ടിൽ നിന്നും അലോട്ടിയെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് ഇയാൾ കുരുമുളക് സ്‌പ്രേ പ്രയോഗിക്കാൻ ശ്രമിച്ചു. സാഹസികമായാണ് പൊലീസ് ഇയാളെ കീഴടക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്ഥിരമായി ഓൺലൈൻ ഷോപ്പിംങ് സൈറ്റുകൾ വഴി അലോട്ടി സാധനങ്ങൾ വാങ്ങിയിരുന്നു. വിദേശ നിർമ്മിത കത്തിയും, കുരുമുളക് സ്പ്രേയും അടക്കമുള്ളവ ഓൺലൈനിൽ നിന്നാണ് അലോട്ടി വാങ്ങിയിരുന്നത്. ഇവ എക്സ്പ്രസ് ബീസിൽ എത്തിയാണ് അലോട്ടി വാങ്ങിയിരുന്നത്. ഇത്തരത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് വൻ തോതിൽ തുക ഇവിടെ ഉണ്ടെന്ന് അലോട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് അലോട്ടി വിവരം ബാദുഷയ്ക്കും കൂട്ടാളികൾക്കും കൈമാറുകയായിരുന്നു. അലോട്ടിയുടെ നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതും പണം കവർന്നതും. തുടർന്ന് പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയതും അലോട്ടി തന്നെയായിരുന്നു. കൊലപാതകവും വധശ്രമവും അടക്കം 19 കേസുകളിൽ പ്രതിയാണ് അലോട്ടി. 

2014 ൽ തിരുനക്കരയിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഇയാൾ ഇപ്പോൾ പിടിയിലായത്. നേരത്തെ ഒരു തവണ ഗുണ്ടാ നിയമം ചുമത്തി അലോട്ടിയെ പൊലീസ്  കരുതൽ തടങ്കലിലാക്കിയിരുന്നു. രണ്ടാം തവണയും പൊലീസ് കാപ്പ ചുമത്തിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് നടപടികളിൽ നിന്നും ഒഴിവാകുകയായിരുന്നു. പുതിയ കേസിൽ അറസ്റ്റിലായതോടെ അലോട്ടിയ്ക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top