Published:29 September 2019
"ഹൃദയത്തെ പരിപാലിക്കാം - ആരോഗ്യകരമായ ചുറ്റുപാടുകളിലൂടെ' എന്ന സന്ദേശവുമായാണ് ഇത്തവണ ലോകം ഹൃദയദിനം ആചരിക്കുന്നത്. പലരുടെയും ജീവിതശൈലിതന്നെ ഹൃദയത്തെ സ്തംഭിപ്പിക്കും വിധമാണ്.അതുകൊണ്ടു സത്യം ചെയ്യാം, ഹൃദയത്തെ നമ്മൾ പരിപാലിക്കുമെന്ന്. ജനിതക ഹൃദയ വൈകല്യങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തെ പരിപാലിക്കാനുള്ള ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഒരുക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടോ?
പ്രതിവര്‍ഷം അഞ്ചുലക്ഷം പ്രസവങ്ങള്‍ നടക്കുന്ന കേരളത്തില്‍ ജനിതകഹൃദയവൈകല്യവുമായി പിറന്നുവീഴുന്നത് 4000 കുഞ്ഞുങ്ങളാണ്. അതേ കാരണം കൊണ്ട് വര്‍ഷാവര്‍ഷം മരണപ്പെടുന്നത് 750ലധികം കുട്ടികളും. ശിശുമരണങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായ ജനിതക ഹൃദയവൈകല്യത്തെ പ്രതിരോധിക്കാന്‍ കേരളം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുമ്പോഴാണ് ആരോഗ്യരംഗത്ത് നമ്മള് ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക.
ആഗോള കൊലയാളിയെന്നാണ് ഹൃദ്രോഗത്തെ ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ലോകത്ത് വര്‍ഷത്തില്‍ 1.7 കോടി ജനങ്ങള്‍ ഹൃദ്രോഗ പ്രശ്നം മൂലം മരണമടയുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അവരില്‍ തന്നെ 15 ശതമാനം പേരിലും രോഗം കാണപ്പെടുന്നത് പുകയില ഉപയോഗം കൊണ്ട് തന്നെ.
പുകവലി കൊണ്ട് മാത്രം ഇരുപത് ശതമാനത്തോളം ആളുകള്‍ ഇന്ന് ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റവും അത്ര നിസ്സാരമല്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഇന്ന് നമ്മുടെ പതിവ് ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒന്നായി മാറി. ഇത് അമിത കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിനും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭാവിയില്‍ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിത കൊളസ്ട്രോള്‍ എന്നിവയെല്ലാം ചെറുപ്പക്കാരില്‍ തന്നെ കണ്ട് വരുന്നുമുണ്ട്. മറ്റൊന്ന് മാറിയ ജീവിത സാഹചര്യത്തിന്റെ ഭാഗമായി ആര്‍ക്കും വ്യായാമം ചെയ്യാനോ മറ്റൊ സമയം കിട്ടുന്നില്ല. മാത്രമല്ല നിയന്ത്രണമില്ലാത്ത ആഹാരവും ചെറുപ്പം മുതലേ ശീലമായി വരുന്നു. ഇതൊക്കെ ഹൃദയത്തില്‍ കൊഴുപ്പ് അഴിഞ്ഞ് കൂടാന്‍ പ്രധാന കാരണമാവുകയും അത് ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ഹൃദയാഘാതവും ഹൃദയസ്തംഭനവും രണ്ടും രണ്ടാണെങ്കിലും രണ്ടും തമ്മില്‍ അടുത്ത ബന്ധമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ഹൃദയാഘാതം എന്നത് ഹൃദയത്തിലെ ഏതെങ്കിലും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആയിട്ട് രക്തഓട്ടം നിന്ന് ഹൃദയത്തിന്റെ ആ പ്രത്യേക ഭാഗം പ്രവര്‍ത്തനം നിലച്ച് അപകടത്തിലേക്ക് പോവുന്നതാണ്. ഹൃദയം പൂര്‍ണമായും അതിന്റെ മിടിപ്പ് നിര്‍ത്തുന്ന അവസ്ഥയെ ആണ് ഹൃദയ സ്തംഭനം എന്ന് പറയുന്നത്. പെട്ടെന്ന് ചികിത്സ കിട്ടിയില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കാവുന്ന അവസ്ഥയാണിത്. ഹൃദ്രോഗം വരാതിരിക്കാന്‍ ഏതൊരാളും ചെയ്യേണ്ടത് ഷുഗര്‍ , കൊളസ്ട്രോല്‍, പ്രമേഹം എന്നിവയൊന്നും വരാതെ ശരീരത്തെ സ്വയം കാത്ത് സുക്ഷിക്കുക, വ്യായാമം മടിയില്ലാതെ ചെയ്യുക എന്നിവയാണ്. എന്നാല്‍ ഹൃദ്രോഗം വന്നവരാണെങ്കില്‍ മരുന്ന് ഒരു കാരണവശാലും മുടക്കുകയും അരുത്.