14
May 2021 - 12:57 am IST

Download Our Mobile App

Flash News
Archives

Reviews

malayalam-movie-vikruthi-s-review

'വികൃതി' ഒരു ചെറിയ കാര്യമല്ല...

Published:10 October 2019

# പി.ഡി. സീതാദേവി

അപരന്‍റെ ദുഃഖവും ദുരന്തവുമെല്ലാം ടിക്കറ്റെടുക്കാതെ ആസ്വദിക്കാന്‍ അരങ്ങൊരുക്കുന്ന വാട്ട്‌സാപ്പും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും എങ്ങനെ 'സൃഷ്ടി'ക്കപ്പെടുന്നു, അവ 'സ്ഥിതി' ചെയ്യുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകുന്നു, അവയൊന്നും തന്നെ 'സംഹരി'ക്കപ്പെടുകയില്ലെന്നുമുളള ക്രൂരസത്യം ഭീകരമാണ്.

കുട്ടികളുടെ ലോകത്ത് മൊബൈല്‍ ഫോണ്‍ ഭൂരിപക്ഷവും പിശാചിനെപ്പോലെയാണവതരിക്കുന്നത്. മുതിര്‍ന്നവരുടെ സാംസ്‌കാരിക നിലവാരമനുസരിച്ച് മഞ്ഞപ്പത്രമായും, പൈങ്കിളി മാസികയായും ലോകജാലകമായുമൊക്കെ നിലകൊള്ളുന്നു. ദിശാബോധം രൂപപ്പെട്ടു വരുന്ന സാഹചര്യത്തില്‍ ഈ സാത്താന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ വിരളമാണ്.

അപരന്‍റെ ദുഃഖവും ദുരന്തവുമെല്ലാം ടിക്കറ്റെടുക്കാതെ ആസ്വദിക്കാന്‍ അരങ്ങൊരുക്കുന്ന വാട്ട്‌സാപ്പും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും എങ്ങനെ 'സൃഷ്ടി'ക്കപ്പെടുന്നു, അവ 'സ്ഥിതി' ചെയ്യുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകുന്നു, അവയൊന്നും തന്നെ 'സംഹരി'ക്കപ്പെടുകയില്ലെന്നുമുളള ക്രൂരസത്യം ഭീകരമാണ്.

ന്യൂമോണിയ വന്ന് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയ മകള്‍ക്ക് ഉറക്കമിളച്ച് കൂട്ടിരുന്ന എല്‍ദോ (സുരാജ് വെഞ്ഞാറമൂട്) എന്ന ഭിന്നശേഷിക്കാരന് മെട്രോയിലെ ആഡംബര സീറ്റ് പറുദീസയായി തോന്നുകയും സുഖമായി കിടന്നുറങ്ങുകയും ചെയ്തു. ബോധവിട്ടൊറങ്ങുന്ന എല്‍ദോയുടെ ശരീരഭാഷ അഭിമാനിയായ ഏതൊരു മലയാളിക്കും ഒരു മദ്യപന്റേതായി തോന്നി. പ്രത്യേകിച്ച് നാടിന്റെ വികസനത്തിലും മെട്രോയിലുമെല്ലാം അഭിമാനപുളകിതനായ ഒരു ഗള്‍ഫുകാരന് (സൗബിന്‍ ഷഹീര്‍) ആ കിടപ്പത്ര സന്തോഷം നല്കിയില്ല. പരസ്യമായ ആ മെട്രോശയനം ഫോട്ടോയെടുത്തു. ഇതൊക്കെചെയ്‌തെങ്കിലും ഷമീര്‍ ഒട്ടും ധൈര്യമില്ലാത്ത വിവാഹം സ്വപ്നം  കണ്ടു കണഅടു നടക്കുന്ന ഒരു സാധുവായിരുന്നു.ഷമീര്‍ എടുത്ത ഫോട്ടോ താനുള്‍പ്പെടുന്ന  ഗ്രൂപ്പിനയക്കുന്നു.ഗ്രൂപ്പ് അഡ്മിന്‍ ഷമീറിന്റെ അതേ ധാര്‍മ്മികരോഷത്തോടെ അത് നാട്ടില്‍ എങ്ങും പടര്‍ത്തുന്നു.

പടം കണ്ടാസ്വദിക്കുന്ന ഓരോ മലയാളി പ്രേക്ഷകനും ആഹ്ലാദിക്കുന്നു. ഏതു ഭിക്ഷക്കാരനും കളിയാക്കി ചിരിക്കാനുളള വിഷയമായി എല്‍ദോ എന്ന നന്മനിറഞ്ഞവന്‍ മാറുന്നു. നിയമത്തിന്റെ വഴിയിലൂടെ അയാള്‍ ഷമീറിന്റെ വികൃതി കണ്ടെത്തി പിടിക്കുന്നുണ്ടെങ്കിലും എല്‍ദോയ്ക്ക് നല്ലവനാകാതെ വയ്യല്ലോ - മാപ്പും സ്‌നേഹവുമായി എല്‍ദോയും പോലീസിന്റെ നിയമവഴിയിലൂടെ കാര്‍ക്കശ്യവും. ബാബുരാജിന്റെ പോലീസ് ഓഫീസര്‍ നല്ല കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുന്നു.താരനിര്‍ണ്ണയത്തിലെ സാമ്പ്രദായിക കാഴ്ചപ്പാട് തുടര്‍ന്നിരുന്നെങ്കില്‍ വികൃതി പോലൊരു സിനിമ വിജയിക്കുകയില്ലായിരുന്നു.

മഹാകാവ്യലക്ഷണവും നായക നായിക ലക്ഷണവുമൊന്നും അനുവര്‍ത്തിക്കാതെ പലവിധ പോരായ്മകളോടും കൂടിയ മനുഷ്യജന്മങ്ങളെ ഇതിലെ കഥാപാത്രങ്ങളില്‍ കാണാം.ഈ കാലഘട്ടത്തിലെ സിനിമകളിലെ ഏതേതു അജയ്യതകളോടും വര്‍ണ്ണശബളിമയോടുമൊക്കെയാണ് വികൃതി തുഴഞ്ഞു നില്‌ക്കേണ്ടതെന്നത് കാണാതിരുന്നുകൂടാ. ഈ സിനിമ പ്രബലരുടെ നിര്‍മ്മാണ സംവിധാന നടനസാമഗ്രികളെയും പിന്നിലാക്കി മുന്നലേക്ക് യാത്രയായി കഴിഞ്ഞു.   അവിശ്വസനീയതയില്ല ,അതിഭാവുകത്വമില്ല, അമാനുഷിക ശക്തികളില്ല.... ജീവിതത്തിന്റെ ജീവനുളള ഒരേടാണ് കാലികപ്രസക്തിയുളള  ആ സിനിമ. ഷമീറിന്റെ ഭീരുത്വം മറവിലിരുന്ന് ചീത്ത പറയുന്ന സൈബര്‍ ക്രിമിനലുകളുടെ മനോഭാവത്തിന്റെ പരിഛേദമാണ്.സൗഹൃദത്തിനും ഇതില്‍ വലിയ സ്ഥാനമുണ്ട്.ഒരു വില്ലാളി വീരനോ അധികാരം കയ്യാളുന്നവനോ ആകാതെ തന്നെ ഷമീറിന്റെ എല്ലാ ന്യൂനതകളും കണ്ടറിഞ്ഞ് മനസ്സിലാക്കി സ്‌നേഹിക്കുന്ന ആത്മസുഹൃത്തിന്റെ റോളില്‍ സുധികോപ്പ എന്ന നടന്‍ നിസ്തുലമായ സേവനമായയയമിതില്‍ ചെയ്തിരിക്കുന്നത്. സിനിമ തുടങ്ങമ്പോള്‍ മുതല്‍ അവസാനം വരെ ചിരിയുടെ കുഞ്ഞലകളെങ്കിലും ഉണര്‍ത്തിവിട്ടുകൊണ്ടേയിരിക്കുന്നു ആ നടന്‍. സൗബിന്‍ ഷാഹിറിന്റെ മണവാട്ടിയായെത്തുന്ന വിന്‍സി താരനിര്‍ണ്ണയത്തിന്റെ ശ്ലാഘനീയതയ്ക്ക് ഉദാഹരണമാണ്.

ഭിന്നശേഷിക്കാരായ ദമ്പതിമാരായി സുരാജ് വെഞ്ഞാറമൂടും സുരഭിലക്ഷമിയും മത്സരിച്ചഭിനയിക്കുന്നു. 'ഫൈനല്‍സ്' എന്ന സിനിമയിലെ ഉജ്ജ്വലമായ അഭിനയത്തിനു ശേഷം സുരാജ് അഭിനയത്തിന്‍റെ വെന്നിക്കൊടി പാറിക്കുന്നുണ്ട് 'വികൃതിയിലും''. സംസാരശേഷിയില്ലാത്ത ഒരാളില്‍ നിന്നുയര്‍ന്നേക്കാവുന്ന ശബ്ദങ്ങള്‍ അതിഗംഭീരമായി സുരാജ് അവതരിപ്പിക്കുന്നത് മിമിക്രിച്ചിരി ലക്ഷ്യമിട്ടല്ല..., നിറഞ്ഞ ഗദ്ഗദത്തോടെ സ്‌നേഹശബ്ദമായിട്ടാണ്.

സിനിമ തുടങ്ങമ്പോള്‍ മകളുടെ ടിഫിന്‍ പാത്രത്തിലേക്ക് അടുത്ത വീട്ടിലെ (ജാഫര്‍ ഇടുക്കിയും കുടുംബവും) കറിപാത്രത്തില്‍ നിന്നും പകര്‍ച്ചയെടുക്കന്നത് (സുരഭിലക്ഷമി) കാണിക്കുന്നുണ്ട്. സ്വാഭാവികാഭിനയത്തിന്‍റെ പ്രേക്ഷകരൊന്നു മനസ്സിലാക്കുന്നു- അവിടെ അഭിനയമല്ല നടക്കുന്നത്.

എല്‍ദോ എന്ന കഥാപാത്രവും മകനുമായി രണ്ടുമൂന്നു സന്ദര്‍ഭങ്ങളില്‍ ഒരു ജോഡി സ്‌പോര്‍ട്‌സ് ഷൂവിനെക്കുറിച്ച് പറയുന്നുണ്ട്, പൊളിഞ്ഞുപോയവ നന്നാക്കാമെന്നും, 'ഞാന്‍ അഡ്ജസ്റ്റ്  ചെയ്‌തോളാമെന്നും 'മകന്‍ പറയുമ്പോള്‍ അത് താമസിയാതെ തന്നെ വാങ്ങാനിരിക്കുന്ന അച്ഛന്റെ ശരീരഭാഷ (ഭാഷാരൂപത്തില്‍, ശബ്ദത്തില്‍ കഴിയാതിരുന്നത്) യിലൂടെ പ്രകടിപ്പിക്കുകയും പിന്നീട് വാങ്ങി കൊടുക്കുകയും ചെയ്യുന്നുണ്ട്. വളരെ നിസ്സാരമെന്നോ കഴമ്പില്ലാത്തതെന്നോ ഇന്നത്തെ കാഴ്ചാസംസ്‌കാരത്തില്‍ വക തിരിക്കാവുന്ന ഈ 'സ്‌പോര്‍ട്ട്ഷൂ' സംബന്ധിച്ച സീനുകള്‍ , അസ്തമിച്ചുകൊണ്ടിരിക്കുന്ന പിതൃ പുത്ര വാത്സല്യത്തിന്‍റെ മനോഹരമായ മിന്നലാട്ടമായി , ഗൃഹാതുരത്വത്തോടെ മാത്രമേ നോക്കി കാണാനാകൂ.

നല്ലൊരു പരസ്യചിത്രമെന്നാല്‍ ചിപ്പിക്കുള്ളിലെ മുത്താണ്. സൂക്ഷ്മമായി കാര്യം പറഞ്ഞുപോകുന്ന പൂര്‍ണ്ണതയാണത്. കാടുകയറാതെ, ആവശ്യത്തിനു മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങള്‍, തിരക്കഥാകൃത്തായ അജീഷ് .പി. തോമസിനോട് കടപ്പെട്ടിരിക്കുന്നു. സംവിധായകനും പരസ്യചിത്ര നിര്‍മ്മാതാവുമായ എം.സി ജോസഫ് വലിയ സ്‌ക്രീനിന്‍റെ സാധ്യതകള്‍ വിജയപൂര്‍വ്വം ഉപയോഗിച്ചു കൊണ്ട് സിനിമാ ലോകത്തേക്കുളള വരവ് 'വികൃതി' എന്ന പെരുമ്പറയിലൂടെ അറിയിച്ചിരിക്കുന്നു.


വാർത്തകൾ

Sign up for Newslettertop