11
August 2020 - 6:36 am IST

Download Our Mobile App

Troll

v-d-satheesan-slams-k-t-jaleel-over-civil-service-exam-row

എഴുത്തു പരീക്ഷയും പെഴ്സണാലിറ്റി ടെസ്റ്റും എന്താണെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രിയാണ് ജലീൽ; പരിഹാസവു​മാ​യി വിഡി സ​തീ​ശ​ൻ

Published:17 October 2019

പ്രധാനമന്ത്രിമാരും ജഡ്ജിമാർ പോലും സംശയത്തിന്‍റെ നിഴലിൽ നിന്നിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനമായ യു.പി.എസ്.സി ഒരിക്കലും ആരോപണ വിധേയമായിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍റെ സിവിൽ സർവീസ് പ്രവേശനത്തെ കുറിച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​നെതിരേ രൂക്ഷ വിമർശനവുമായി വി.​ഡി സ​തീ​ശ​ന്‍ എം​എ​ല്‍​എ. രാജ്യത്തെ സുപ്രധാനമായ ഒരു പരീക്ഷയെ പറ്റിയും പരീക്ഷാ നടത്തിപ്പിനെ കുറിച്ചും ഒരു ചുക്കും അറിയാത്ത ജലീൽ, യു.പി.എസ്.സി പരീക്ഷ എഴുതുന്നവരെയും അതുവഴി ജോലി നേടിയവരെയുമാണ് അപമാനിക്കുന്നത്. പ്രധാനമന്ത്രിമാരും ജഡ്ജിമാർ പോലും സംശയത്തിന്‍റെ നിഴലിൽ നിന്നിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനമായ യു.പി.എസ്.സി ഒരിക്കലും ആരോപണ വിധേയമായിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

എഴുത്ത് പരീക്ഷയിൽ കൂടുതൽ സ്കോർ ചെയ്യുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റിൽ കൂടുതൽ മാർക്ക് കിട്ടണം എന്ന് ജലിൽ പറയുന്നത് ഇത് രണ്ടും എന്താണെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രി ആയതുകൊണ്ടാണ്. ഈ വർഷത്തെ ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ പെഴ്സണാലിറ്റി ടെസ്റ്റിൽ നേടിയത് 179 മാർക്കാണ്. താഴോട്ടുള്ള ഏതാണ്ട് എല്ലാ റാങ്കുകാരും അദ്ദേഹത്തേക്കാൾ മാർക്ക് നേടിയതായി കാണാം. 275-ൽ 206, 204 ഒക്കെ നേടിയവർ നൂറും ഇരുന്നൂറും റാങ്ക് താഴെ. ടോട്ടൽ മാർക്ക് കൂടുതലായതിനാൽ കടാരിയ ഒന്നാം റാങ്ക് നേടി. ചരിത്രം പരിശോധിച്ചാൽ എല്ലാ വർഷവും ഇങ്ങനൊക്കെ തന്നെയാണ് മാർക്കിന്‍റെ ട്രെൻഡ് എന്നുള്ളത് മനസിലാക്കാമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

2017-ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ൻ ര​മി​ത്തിന് 210-ാം റാ​ങ്കു​ണ്ടാ​യി​രു​ന്നു. എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ദു​രൈ​ഷെ​ട്ടി അ​നു​ദീ​പി​നെ​ക്കാ​ൾ 122 മാ​ർ​ക്ക് കു​റ​വാ​യി​രു​ന്നു ര​മി​ത്തി​ന്. എ​ന്നാ​ൽ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നെ​ക്കാ​ൾ 30 മാ​ർ​ക്ക് ര​മി​ത്തി​ന് കൂ​ടു​ത​ൽ കി​ട്ടി​യ​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം എ​ന്നാ​ണ് മ​ന്ത്രി ജ​ലീ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍റെ പേ​ര് പ​റ​യാ​തെ ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു വാർത്താ സമ്മേളനത്തിൽ മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 

UPSC ക്ക് എതിരെയും ഉദ്യോഗാർത്ഥികൾക്കെതിരയും ഇത്രയും ബാലിശമായ ആരോപണം ഉന്നയിക്കുന്ന ആദ്യ രാഷ്ട്രീയ പ്രവർത്തകനാണ് ശ്രീ. ജലിൽ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ജഡ്ജിമാർ പോലും സംശയത്തിന്റെ നിഴലിൽ നിന്നിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനമായ UPSC ഒരിക്കലും ആരോപണവിധേയമായിട്ടില്ല.

1750(written) + 275 (personality test)= 2025 (total)

എഴുത്ത് പരീക്ഷ അറിവിനെ അളക്കുന്നു. നേർക്കാഴ്ചയിൽ അറിവല്ല, personality ആണ് അളക്കുന്നത്. സിംഹഭാഗവും എഴുത്ത് പരീക്ഷയുടെ മാർക്കായതിനാൽ അത് വളരെ പ്രധാനമാണ്. അവസാന റാങ്കിങ്ങിന് ഏത് സർവീസ് ലഭിക്കും എന്നൊക്കെ ചെറുതെങ്കിലും ഈ നേർക്കാഴ്ചയുടെ മാർക്കും വേണം. എന്തായാലും ട്ടോട്ടൽ എടുത്താണ് റാങ്ക് തീരുമാനിക്കുന്നത്.

നേർക്കാഴ്ചയുടെ അന്ന് UPSC ഹാളിൽ മൊബൈലോ മറ്റ് ഒരു വാർത്താവിനിമയ സംവിധാനവും ഇല്ലാതെ മുറി അടച്ച ശേഷമാണ് ഏത് UPSC മെമ്പറുടെ ബോർഡ് ലഭിക്കും എന്ന് പോലും ഉദ്യോഗാർത്ഥി അറിയുക. അതും ലോട്ടിട്ടിട്ട്. കേരള PSC യുടെ SMS സൗകര്യം അവിടെ ഇല്ല. UPSC ബോർഡിൽ രാഷ്ട്രീയക്കാരാരും തന്നെയില്ല-തലമുതിർന്ന റിട്ടയർ ചെയ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥരും, സൈനിക ഉദ്യോഗസ്ഥരും പേരെടുത്ത പ്രൊഫസർമാരുമാണ് എല്ലാവരും. ബോർഡ് മെമ്പർമാരും പ്രഗൽഭർ.

എഴുത്ത് പരീക്ഷയും വ്യക്തിത്വം അളക്കുന്ന നേർക്കാഴ്ചയും രണ്ടാണെന്നറിയാത്ത വ്യക്തി കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായിരിക്കുന്നു. സർക്കാർ ജോലിയും, നാഷനലൈസ്ഡ് ബാങ്കിലെ ജോലിയും സ്വകാര്യ ബാങ്കിലെ ജോലിയും ഒന്നായി മനസ്സിലാക്കുന്ന വ്യക്തിയിൽ നിന്ന് ഇത് സ്വാഭാവികം. എഴുത്ത് പരീക്ഷയിൽ കൂടുതൽ സ്കോർ ചെയ്യുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റിൽ കൂടുതൽ മാർക്ക് കിട്ടണം എന്ന് ശ്രീ.ജലിൽ പറയുന്നത് ഇത് രണ്ടും എന്താണെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രി ആയതു കൊണ്ടാണ്.

എഴുത്ത് പരീക്ഷ 1750 മാർക്കിലായതിനാൽ അതിൽ കൂടുതൽ സ്കോർ ചെയ്യുന്നവർ കൂടിയ റാങ്ക് നേടും. 275 മാർക്ക് മാത്രമുള്ള നേർക്കാഴ്ചയിൽ കുടുതൽ സ്കോർ ചെയ്താലും എഴുത്ത് പരീക്ഷയിൽ കുറവ് മാർക്കാണെങ്കിൽ റാങ്ക് പിന്നോട്ടാവും. കണക്കറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാവുമെങ്കിലും കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് ഇതറിയില്ല പോലും.

ഈ വർഷത്തെ ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ പെഴ്സണാലിറ്റി ടെസ്റ്റിൽ നേടിയത് 179 മാർക്കാണ്. താഴോട്ടുള്ള ഏതാണ്ട് എല്ലാ റാങ്ക് കാരും അദ്ദേഹത്തേക്കാൾ മാർക്ക് നേടിയതായി കാണാം. 275 ൽ 206,204 ഒക്കെ നേടിയവർ നൂറും ഇരുന്നൂറും റാങ്ക് താഴെ. ടോട്ടൽ മാർക്ക് കൂടുതലായതിനാൽ ശ്രീ.കടാരിയ ഒന്നാം റാങ്ക് നേടി.

ചരിത്രം പരിശോധിച്ചാൽ ഒന്ന് മനസ്സിലാവും -എല്ലാ വർഷവും ഇങ്ങനൊക്കെ തന്നെയാണ് മാർക്കിന്റെ ട്രെന്റ്. എഴുത്ത് പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്ന ഉദ്യോഗാർത്ഥിക്ക് ഗംഭീര വ്യക്തിത്വവും ഉണ്ടായേ പറ്റൂ എന്ന് LDF സർക്കാർ നിയമം കൊണ്ടുവന്നത് UPSC അറിഞ്ഞ് കാണില്ല. രാജ്യത്തെ സുപ്രധാനമായ ഒരു പരീക്ഷയെ പറ്റിയും പരീക്ഷാനടത്തിപ്പിനെ പറ്റി പൊതുവിലും ഒരു ചുക്കും അറിയാത്ത ശ്രീ.ജലീൽ UPSC പരീക്ഷ എഴുതുന്ന എല്ലാവരെയും അതുവഴി ജോലി നേടിയവരെയുമാണ് അപമാനിക്കുന്നത്. 

പ്രതിപക്ഷ നേതാവിന്റെ മകൻ ശ്രീ. റമിത് കഠിനാധ്വാനവും നിശ്ചയദാർഢ്യമുള്ള ചെറുപ്പക്കാരനാണ്. ആദ്യം പരാജയപ്പെട്ടെങ്കിലും വീണ്ടും അടുത്ത വർഷം പരിശ്രമിച്ച് IRS നേടുകയായിരുന്നു. ഈ വർഷം ലീവെടുത്ത് UPSC പരീക്ഷ വീണ്ടുമെഴുതി റാങ്ക് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി നൽകിയ അകമഴിഞ്ഞ പിന്തുണയും പ്രോൽസാഹനവും നന്നായിട്ടുണ്ട്. കേരളത്തിൽ നിന്ന് UPSC എഴുതി നല്ല സിവിൽ സർവന്റാവാൻ ശ്രമിക്കുന്ന ചെറുപ്പക്കാരോട് LDF ന്റെ വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ?


വാർത്തകൾ

Sign up for Newslettertop