Published:09 November 2019
കൊച്ചി: ആരോഗ്യം കളയുന്നുവെന്ന് പറഞ്ഞ് കേരളം കുറ്റപ്പെടുത്ത അജിനോ മോട്ടോ പറയുന്നു, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഞങ്ങള്‍ക്ക് വലിയ കച്ചവടമില്ല. നിങ്ങള്‍ പറയുന്ന വില്ലന്‍ ഞങ്ങളല്ല. ഒരു കമ്പനിയുടെ പേരുവച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രചരണമാണ് ജപ്പാനിലെ കമ്പനി നേരിട്ട് എത്തി തള്ളിയിരിക്കുന്നത്. ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന അജിനോ മോട്ടോ മാരക വിഷമാണെന്ന തെറ്റിദ്ധാരണ പരത്തുമ്പോള്‍ അതിന്റെ നേട്ടം വ്യാജ ഉത്പന്നങ്ങള്ക്കാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടക്കുന്ന ന്യൂട്രീഷ്യന്‍ സൊസൈറ്റി ഒഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിയ കമ്പനി പ്രതിനിധി ഗോവിന്ദ് ബിശ്വാസാണ് ഇക്കാര്യം പറഞ്ഞത്. അജിനോമോട്ടോ രാസവസ്തുവിന്റെ പേരല്ല. 1909ല്‍ ജപ്പാനില്‍ ആരംഭിച്ച കമ്പനിയുടെ പേരാണ് അജിനോമോട്ടോ. ഇതറിയാതെ മോണോസോഡിയം ഗ്ലൂട്ടാമേറ്റെന്ന രാസ വസ്തുവിനെയാണ് നമ്മള് (എംഎസ്ജി) അജിനോമോട്ടോയെന്നു പറയുന്നത്. കരിമ്പ്, മരച്ചീനി എന്നിവയില്‍ നിന്നാണ് എംഎസ്ജി ഉത്പാദിപ്പിക്കുന്നത്. കരിമ്പാണ് മുഖ്യം. അതിനു ക്ഷാമം ഉണ്ടാകുമ്പോള്‍ മരച്ചീനിയില്‍ നിന്ന് എംഎസ്ജി ഉത്പാദിപ്പിക്കും. കരിമ്പും മരച്ചീനിയും ശാസ്ത്രീയമായി സംസ്കരിച്ചെടുക്കുന്ന ഉത്പന്നത്തില്‍ രാസവസ്തുക്കള്‍ ചേര്‍ക്കില്ല. ഒന്നര നൂറ്റാണ്ടായി ലോകത്തെ പല രാജ്യങ്ങളിലെയും ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി തുടരുന്ന അജിനോമോട്ടോയുടെ എംഎസ്ജിയെ ഇന്ത്യയില്‍ മോശമായാണ് ചിത്രീകരിക്കുന്നതെന്നു കമ്പനി പറയുന്നു.
ഇന്ത്യയില്‍ എംഎസ്ജി എന്ന പേരില്‍ ചൈനയില്‍ നിന്നുള്ള രാസവസ്തുക്കള്‍ ചേര്‍ന്ന സാധനം വില്‍ക്കുന്നുണ്ട്. അജിനോമോട്ടോ ഉത്പാദിപ്പിക്കുന്ന ഒരു കിലോഗ്രാം എംഎസ്ജിക്ക് 260 രൂപയാണു വില. ചൈനയില്‍ നിന്ന് എത്തുന്ന രാസവസ്തുക്കള്‍ ചേര്‍ന്ന എംഎസ്ജിക്ക് കിലോഗ്രാമിനു 100 രൂപയേയുള്ളൂ. ഇന്ത്യയിലെ എംഎസ്ജി വിപണിയില്‍ അജിനോമോട്ടോയുടെ വിഹിതം 10 ശതമാനം ആണ്. വ്യാജ ഉത്പന്നങ്ങളാണ് 90 ശതമാനവും വില്‍ക്കുന്നതെന്ന് കമ്പനി പറഞ്ഞു.