Published:10 November 2019
തൃശൂർ: മൂന്നര വർഷം മുമ്പ് കെഎസ്എഫ്ഇക്ക് 236 കോടി രൂപയായിരുന്നു ലാഭമെന്നും, ഇന്നത് 445 കോടിയായി വർധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മൊത്തം ആസ്തിയിൽ 240 കോടിയുടെ വർധനവുണ്ടായി. കെഎസ്എഫ്ഇ സുവർണ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെഎസ്എഫ്ഇയുടെ ശാഖകളുണ്ട്. ഗ്രാമങ്ങളിൽ ശാഖകൾ തുറന്നതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ചിട്ടിയിൽ പകുതിയിലധികം കെഎസ്എഫ്ഇയുടേതാണ്. അതിനാലാണ് കെഎസ്എഫ്ഇ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോൾ സെന്ററുകൾ കെഎസ്എഫ്ഇക്ക് ഉണ്ട്. ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും യാഥാർഥ്യമാവുന്നതോടെ സേവനങ്ങൾ എളുപ്പമുള്ളതാകും.നവകേരളത്തിന്റെ ഭാഗമായ പുനർനിർമാണ പ്രവർത്തനത്തിൽ വലിയ പങ്കാണ് കെഎസ്എഫ്ഇക്ക് വഹിക്കാനാവുക. കെഎസ്എഫ്ഇ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയായാണ് മാറുന്നത്. കേരളത്തിന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാവുന്ന ഒരു സാമ്പത്തിക മാതൃകയായിത്തന്നെയാണ് കെഎസ്എഫ്ഇ നിൽക്കുന്നത്.
സാമ്പത്തിക സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിൽ മാത്രമേ നന്നാവൂ എന്ന് പറയുന്നവർ സഹകരണ സ്ഥാപനങ്ങളെയും കെഎസ്എഫ്ഇയേയും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് മനസിലാക്കണം. വലിയ തോതിൽ നിക്ഷേപം ആവശ്യമുള്ള കാര്യങ്ങളിൽ സാമ്പ്രദായിക മാർഗങ്ങളിൽ മാത്രം മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടാണ് കിഫ്ബി പോലുള്ള പുതിയ മാർഗങ്ങളിലേക്കു തിരിഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.