Published:11 November 2019
ന്യൂഡൽഹി: അയോധ്യയിൽ ക്ഷേത്രം നിർമിക്കാൻ സുപ്രീം കോടതി നിർദേശിച്ച ട്രസ്റ്റ് ഉടൻ രൂപീകരിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇതിനായി ഈയാഴ്ച തന്നെ യോഗം ചേരുമെന്നാണു റിപ്പോർട്ട്. എട്ട് അംഗ ട്രസ്റ്റാകും നിലവിൽ വരിക. അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനമുണ്ടാക്കാനാണ് നിർദേശം.
ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റാണ് കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നാല് വീതം പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എൽ.കെ.അഡ്വാനി എന്നിവർ സോമനാഥ ക്ഷേത്ര ട്രസ്റ്റിൽ അംഗങ്ങളാണ്.
ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേർന്നാകും ട്രസ്റ്റ് രൂപീകരണം സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കുകയെന്നു സർക്കാർ വൃത്തങ്ങൾ. ഇതുസംബന്ധിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടു നിയമമന്ത്രാലയം ഉപദേശം തേടിയിട്ടുണ്ട്. അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്റ്റിന് ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നുമാണ് സുപ്രീം കോടതിയുടെ വിധി. വഖഫ് ബോർഡിനു നൽകാൻ നിർദേശിച്ച അഞ്ച് ഏക്കർ ഭൂമി, നിലവിൽ കേന്ദ്ര സർക്കാരിന്റെ കൈവശമുള്ളതിൽനിന്നു തന്നെ കൊടുക്കുന്നതിൽ തടസമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യയിൽതന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കർ ഭൂമിയാണ് സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്. ഈ ഭൂമിയിൽ ആരാധനാലയം നിർമിക്കാം. ഭൂമി സംസ്ഥാന സർക്കാരോ കേന്ദ്രമോ ഏറ്റെടുത്ത് നൽകണം. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ചുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലായിരുന്നു സുപ്രീംകോടതിയുടെ വിധി. തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് മൂന്ന്ുമാസത്തിനുള്ളിൽ കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിവിധി നിലനിൽക്കുന്നതല്ലെന്നും ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.