Published:13 November 2019
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഈ മാസം 27 വരെയാണ് കസ്റ്റഡി കാലവധി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. അഭിഭാഷകരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ചിദംബരത്തെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്.
ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത കേസിൽ, ചിദംബരത്തിന് സുപ്രീം കോടതി ഒക്റ്റോബര്‍ 22ന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇ.ഡി) അതിനോടകം കസ്റ്റഡിയില്‍ എടുത്തിരുന്നതിനാല്‍ ചിദംബരത്തിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് ഒക്റ്റോബര്‍ 16-നാണ് ചിദംബരത്തെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21ന് സിബിഐ കസ്റ്റഡിയിലെടുത്ത ചിദംബരം, സെപ്റ്റംബർ 5 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ഒക്റ്റോബർ 17ന് സിബിഐയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ, ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണ തടയൽ നിയമ പ്രകാരം ഒക്റ്റോബര്‍ 16-ന് ചിദംബരത്തെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.