Published:13 November 2019
ഇരിങ്ങാലക്കുട, ചാലക്കുടി: മുളകു പൊടിയെറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിൽ കൊച്ചുമകന് പിടിയിലായി. കോതമംഗലം പിണ്ടി മന സ്വദേശി കരിപ്പക്കാട്ടില്‍ ഗോഡ്ഫില്‍ (23 ) ആണ് പിടിയിലായത്. ആക്രമിക്കപ്പെട്ട ദമ്പതിമാരുടെ മകളുടെ മകനാണു ഗോഡ്ഫില്‍. കഴിഞ്ഞ മാസം രണ്ടാം തീയതി വൈകിട്ട് ഏഴരയോടെ ആളൂര്‍ കല്ലേറ്റുംകര കുണ്ടൂപ്പാടം സ്വദേശികളായ ദമ്പതികളെ മുളകു പൊടിയെറിഞ്ഞ് ആക്രമിച്ച് മൂന്നു സ്വർണവളകള്‍ തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണു പരാതിക്കാരൻ. സംഭവ ദിവസം രാത്രി ഏഴുമണിക്കു ശേഷം പ്രാർഥന ചൊല്ലുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. അടുക്കളയുടെ ഭാഗത്ത് തട്ടിമറിഞ്ഞു വീഴുന്നതു കേട്ട് നോക്കുന്നതിനായി ചെന്നപ്പോൾ കണ്ണിൽ മുളകുപൊടിയെറിയുകയും ആക്രമിച്ചു വീഴ്ത്തി കൈയിൽ നിന്നു മൂന്നു സ്വർണ വളകൾ ഊരിയെടുത്ത് കടന്നു കളയുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടുമായി പരിചയമുള്ള ആളാണ് സംഭവത്തിനു പിന്നില്ലെന്നു വ്യക്തമായി. സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സമീപ പ്രദേശത്തൊന്നും സിസിടിവി ഇല്ലാതിരുന്നതും ദമ്പതികളൊഴികെ ആരും സമീപത്തെങ്ങും ഇല്ലാതിരുന്നതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. സമീപവാസികളിലൊരാള്‍ നല്കിയ ഒരു ബൈക്കിനെ പറ്റിയുള്ള വിവരത്തിന്റെ പിന്നാലെ പോയ അന്വേഷണ സംഘം കോതമംഗലത്തുള്ള രജിസ്ട്രേഷനിലാണ് ബൈക്ക് ഉണ്ടായിരുന്നതെന്നും ഹെല്‍മറ്റും ഫുള്‍ കൈ ഷര്‍ട്ടും ധരിച്ച ഒരു യുവാവാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും കണ്ടത്തി. ആളൂര്‍ റെയ്ല്‍വേ ബ്രിഡ്ജ് ജംക്ഷന് മുതല്‍ കോതമംഗലം വരെയുള്ള സിസിടിവികളില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി.
ദമ്പതികളുടെ മക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ഒരു മകള്‍ കോതമംഗലത്താണു താമസമെന്നും ഇവര്‍ക്ക് രണ്ടാണ്മക്കളാണെന്നും മനസിലായി. ഇവരുടെ മൂത്ത മകന് സിങ്കപ്പൂരില്‍ എൻജീനീയറിങ് ഉപരിപഠനം കഴിഞ്ഞ് ഒരു വര്‍ഷത്തോളമായി നാട്ടിലുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ഈ യുവാവിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ പന്തിയല്ലാത്ത രീതിയിലുള്ള സ്വഭാവ സവിശേഷതകള്‍ ഉള്ളതായി മനസിലായി.
ഇതിനെ തുടര്‍ന്ന് ഗോഡ്ഫിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇയാള്‍ സംഭവ ദിവസം ഒരു ഹോണ്ട ഡ്രീംയുഗ ബൈക്കില്‍ ഇരിങ്ങാലക്കുടയിലേക്കു വന്നതായി മനസിലായി. ഇതേ തുടര്‍ന്ന് ഗോഡ്ഫിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വളകള്‍ പെരുമ്പാവൂരിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായും ഇയാൾ സമ്മതിച്ചു. കടയില്‍ നിന്ന് വളകൾ അന്വേഷണ സംഘം കണ്ടെടുക്കുകയും ചെയ്തു.
ആളൂര്‍ സബ് ഇന്‍സ്പെക്റ്റര്‍ കെ.എസ്. സുശാന്ത്, അഡീഷണല്‍ എസ്ഐ ടി.എ. സത്യന്, എഎസ്ഐമാരായ ജിനു മോന് തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, തുളസിദാസ്, സീനിയര്‍ സിപിഒമാരായ രാവുണ്ണി വിനോദ്, ശ്രീജിത്ത്, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, സിപിഒ അജേഷ് എന്നിവരും പ്രത്യേകാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഉപരിപഠനം കഴിഞ്ഞിട്ടും നാട്ടില്‍ ജോലിയൊന്നും കിട്ടാതായതോടെ സാമ്പത്തിക ഞെരുക്കത്തിലായതാണ് കുറ്റകൃത്യത്തിനു പ്രേരിച്ചിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. വൈദ്യ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി ഗോഡ്ഫിലിനെ കോടതിയില്‍ ഹാജരാക്കും.