Published:13 November 2019
മാള: കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർപ്പാരാധന കേന്ദ്രമായ പാമ്പുമേയ്ക്കാട്ട് മനയിലെ വിശേഷാൽ ദിനമായ വൃശ്ചികം ഒന്നിനെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിൽ വടമ ദേശത്താണ് പ്രശസ്തമായ പാമ്പുമേയ്ക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. സർപ്പ ദോഷം കൊണ്ട് വലയുന്നവരും സർപ്പാരാധനയിൽ വിശ്വസിക്കുന്നവരുമായ ആയിരങ്ങളാണ് ഓരോ വർഷത്തെയും വൃശ്ചികം ഒന്നിന്റെ വിശേഷാൽ പൂജകൾക്കായി മനയിൽ എത്തിച്ചേരാറുള്ളത്.
സർപ്പബലി, ആയില്യ പൂജ, രാഹു പൂജ, പ്രതിമ പൂജ, കദളിപ്പഴ നിവേദ്യം, ഒരു കുടം പാലു കൊണ്ട് പായസം, നൂറും പാലും അഭിഷേകം, കൂട്ടുപായസം, വെള്ള നിവേദ്യം, നെയ് വിളക്ക്, മഞ്ഞൾപ്പൊടി ചാർത്തൽ, നിറമാല ചുറ്റുവിളക്ക്, പായസ ഹോമം, നാഗ പ്രതിഷ്ഠ എന്നിവയാണ് പാമ്പുമേയ്ക്കാട്ടു മനയിലെ വിശേഷാൽ വഴിപാടുകൾ. താമസസ്ഥലവുമായി ബന്ധപ്പെട്ട ദോഷങ്ങൾക്കും സർപ്പക്കാവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട ദോഷങ്ങൾക്കും പരിഹാരം തേടിയാണ് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ പാമ്പുമേയ്ക്കാട്ട് മനയിൽ എത്തിച്ചേരുന്നത്. സന്താനഭാഗ്യത്തിനായി ദമ്പതികൾ ഇവിടെ കദളിപ്പഴം നേർച്ച കാഴ്ചകൾ നടത്തി വരുന്നുണ്ട്.
മിഥുനം, കർക്കിടകം, ചിങ്ങം ഒഴികെയുള്ള ഏതു മലയാള മാസം ഒന്നാം തീയതിയും കർക്കിടകം അവസാന ദിവസവും കന്നി മാസം ആയില്യം നാളിലും മീനത്തിൽ തിരുവോണം മുതൽ ഭരണി വരെയുള്ള ദിവസങ്ങളിലും മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും അഞ്ചു കാവുകളിലും ദർശനം ഉണ്ടായിരിക്കും. രാവിലെ ഒമ്പതു മുതൽ അഞ്ചു വരെയാണു ദർശന സമയം. വൃശ്ചികം ഒന്നിനാണ് നാഗരാജാവായ വാസുകി മനയിൽ പ്രത്യക്ഷപ്പെട്ടത് എന്നാണു വിശ്വാസം.
കിഴക്കിനിയിൽ ഒരു തൂക്കുവിളക്ക് കെടാവിളക്കായി സൂക്ഷിക്കുന്നുണ്ട്. നിത്യവും രാവിലെ വിളക്കുവച്ച് പൂജയും ഉണ്ട്. ഈ വിളക്കിൽ നിന്നും എടുക്കുന്ന എണ്ണയാണു പ്രസാദമായി നൽകുന്നത്. ഇതു പലവിധ രോഗങ്ങൾക്കും ഔഷധമായി ഭക്തർ കാണുന്നു. നാഗകോപത്തിനു പ്രായശ്ചിത്തം നിശ്ചയിക്കുന്നതിൽ ഇല്ലത്തെ മുതിർന്ന അന്തർജനത്തിനാണു മുഖ്യ പങ്കുള്ളത്. ഇല്ലത്തെ അംഗങ്ങൾ പാമ്പുകളെ പാരമ്പര്യങ്ങൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. സർപ്പക്കാവുകൾ ആവാഹിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും അവകാശം പാമ്പുമേയ്ക്കാട്ട് മനയ്ക്കുണ്ട്. ഈ അപൂർവാധികാരം മനയുടെ തേജസ്വിനു മാറ്റുകൂട്ടുന്നു. തെക്കുവശത്തെ സർപ്പക്കാവിലാണ് ഇത്തരം പ്രതിവിധികളുള്ളത്. ഇവിടത്തെ പ്രതിഷ്ഠകളിൽ പാമ്പിന്റെ ഫണം വിടർത്തിയ ഉപരൂപങ്ങളും ഉണ്ട്.
ഇല്ലപ്പറമ്പിൽ കൊത്തും കിളയും നിഷിധമാണ്. സൂര്യപ്രകാശം നിലത്തു പതിയുമോ എന്നു സംശയിക്കുംവിധമുള്ള കൂറ്റൻ സർപ്പക്കാവുകളുടെയും കുറ്റിക്കാടുകളുടെയും വൻമരങ്ങളുടെയും നിറവിൽ വിശാലമായ ആറേക്കർ ഇല്ലപ്പറമ്പ് ഒരു സവിശേഷത തന്നെയാണ്. ഇലകൾ പൊഴിഞ്ഞ വൻ മരങ്ങളിൽ അനേകം വവ്വാലുകളും ഇവിടെ വസിക്കുന്നു.
ഇല്ലത്തെ ശ്രീധരൻ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി, വല്ലഭൻ നമ്പൂതിരി, ശങ്കരനാരായണൻ നമ്പൂതിരി, നാഗരാജൻ നമ്പൂതിരി എന്നിവരാണു നാഗപൂജാദി കർമങ്ങൾക്കു നേതൃത്വം നൽകി വരുന്നത്. ഇവിടുത്തെ പാരമ്പര്യ നിയമമനുസരിച്ച് തലമുറകളായി ആചാരാനുഷ്ഠാനങ്ങൾ മുറപോലെ അനുസ്യൂതം തുടർന്നു വരുന്നു.
നാഗർകോവിൽ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങിൽ പാമ്പുമേയ്ക്കാട് നമ്പൂതിരിക്ക് പ്രഥമ സ്ഥാനമുണ്ട്. കേരളഭരണത്തിന് പരശുരാമൻ നമ്പൂതിരിമാരെ കൊണ്ടു വന്നുവെന്നും ഓരോ ഇല്ലക്കാർക്കും അവകാശങ്ങൾ പങ്കിട്ടപ്പോൾ സർപ്പാരാധനയ്ക്കുള്ള അവകാശം മേയ്ക്കാട്ട് മനയ്ക്ക് നൽകിയെന്നും പിന്നീട് പാമ്പുകൾ ഇവിടെ പരദേവതകളായി വർത്തിച്ചു എന്നും പറയപ്പെടുന്നു. മേയ്ക്കാട്ടുമനയിലെ നമ്പൂതിരി തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ 12 വർഷം ഭജന ഇരുന്നതിൽ സംതൃപ്തനായ ശിവൻ നൽകിയ വരദാനത്തിന്റെ ഫലമാണ് മേയ്ക്കാട്ടുമന പാമ്പുമേയ്ക്കാട്ട് മനയായി വളർന്നതിന്റെ ഐതിഹ്യമെന്നും പറയപ്പെടുന്നു.