Published:15 November 2019
ഇൻഡോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റേതാക്കിയ മായങ്ക് അഗർവാൾ. ഇരട്ടസെഞ്ചുറിയുമായി മായങ്ക് മുന്നിൽ നിന്ന് നയിച്ചപ്പോൾ ചേതേശ്വര്‍ പൂജാര (54), അജിന്‍ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും ബലത്തില്‍ ആറ് വിക്കറ്റിന് 493 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 150 റണ്‍സിനേക്കാള്‍ 343 റണ്‍സ് മുന്നിലാണ് ഇന്ത്യ. 76 പന്തില്‍ 60 റണ്‍സുമായി രവീന്ദ്ര ജഡേജ, 10 പന്തില്‍ 25 റണ്‍സുമായി ഉമേഷ് യാദവ് എന്നിവരാണ് ക്രീസില്‍.
രണ്ടാം ദിനം ഇരട്ടസെഞ്ചുറി കുറിച്ച മായങ്ക് ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്കോറും കുറിച്ചാണ് മടങ്ങിയത്. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിയ്ക്ക് എതിരെ മായങ്ക് ഡബിള്‍ തികച്ചിരുന്നു. 330 പന്തില്‍ 28 ഫോറും 8 സിക്സും അടക്കം 243 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിനെ ഹസ്സന് മിര്‍സയാണ് പുറത്താക്കിയത്.
ഒന്നിന് 86 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് പൂജാരയും അഗര്‍വാളും ചേര്‍ന്ന് നല്‍കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി പൂജ്യത്തിനു പുറത്തായെങ്കിലും ചേതേശ്വര്‍ പൂജാരയും മായങ്ക് അഗര്‍വാളും കളം നിറഞ്ഞ് കളിക്കുകയായിരുന്നു. രണ്ടു പന്തു മാത്രം നേരിട്ട കോഹ്ലിയെ അബു ജായെദാണ് അക്കൗണ്ട് തുറക്കും മുന്നേ പുറത്താക്കിയത്. ജായെദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോഹ്ലി പുറത്തായത്.
68 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി കുറിച്ച പൂജാര നാല് റണ്‍കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. തന്റെ 23- ാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണ് പൂജാര ഇന്നലെ സ്വന്തമാക്കിയത്. 72 പന്തില്‍ ഒന്‍പതു ഫോര്‍ സഹിതം 54 റണ്‍സെടുത്ത പൂജാരയെയും അബു ജായെദാണ് പുറത്താക്കിയത്. അജിന്‍ക്യ രഹാനെ അര്‍ധ സെഞ്ചുറി നേടി പുറത്തായി. 172 പന്തില്‍ ഒന്‍പത് ഫോര്‍ അടക്കം 86 റണ്‍സ് എടുത്ത രഹാനെയെ അബു ജായെദാണ് പുറത്താക്കിയത്. 11 പന്തില്‍ 12 റണ്‍സ് എടുത്ത വൃദ്ധിമാന്‍ സാഹയെ ഇബാദത്ത് ഹുസൈനും പുറത്താക്കി. ബംഗ്ലാദേശിനായി അബു ജായേദ് നാലും ഇബാദത്ത് ഹുസൈന്, ഹസ്സന് മിര്‍സ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ദയനീയമായ ബാറ്റിങ് തകര്‍ച്ചയാണ് ബംഗ്ലാദേശിന് നേരിട്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദര്‍ശകര്‍ ഒന്നാം ദിനം തന്നെ ഓള്‍ഔട്ടായി. ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് തകര്‍ന്ന ബംഗ്ലാദേശിന് 58.3 ഓവറില്‍ 150 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്. അശ്വിന് എന്നിവരാണ് സന്ദര്‍ശകരെ തകര്‍ത്തത്.
43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുള്‍ കൈസ് (6), മുഹമ്മദ് മിഥുന് (13), ലിട്ടണ്‍ ദാസ് (21), മഹ്മദുള്ള (10), മെഹ്ദി ഹസന് (0), തൈജുള്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന് (2) എന്നിവരാണ് പുറത്തായ താരങ്ങള്‍.