12
December 2019 - 4:19 am IST

Download Our Mobile App

Flash News
Archives

Religious

lord-ayyappa-sabarimala-temple-opens

ശബരിമല നട തുറന്നു: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം

Published:16 November 2019

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.

ശബരിമല: ഭക്തിയുടെ നിറവിൽ മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. നട തുറന്നതിനു ശേഷം മേൽശാന്തി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്നി പകർന്നു. പിന്നാലെ സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടന്നു. 

വൃശ്ചികപ്പുലരിയിൽ നടതുറക്കുമ്പോൾ യോഗനിദ്രവിട്ടുണർന്ന നിലയിലായിരിക്കും ഭഗവാൻ. ചിന്മുദ്രാങ്കിത യോഗസമാധിയിൽ യോഗദണ്ഡുമായി ഭസ്മത്താൽ മൂടി തപസ്സനുഷ്ഠിക്കുന്ന രൂപത്തിലായിരിക്കും സ്വാമി അയ്യപ്പൻ. ശ്രീകോവിൽ വലംവച്ചെത്തി തിരുനടയിലെ മണിയടിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചതിന് ശേഷമാണ് നടതുറന്നത്. താപസരൂപത്തിൽ അയ്യപ്പനെ കാണാനുള്ള അവസരം മണ്ഡലകാലത്ത് ഇന്നു മാത്രമാണ് ഭക്തർക്ക് ലഭിക്കുക. 

ശനിയാഴ്ച പ്രത്യേകപൂജകൾ ഒന്നും ഉണ്ടാകില്ല. രാത്രി 10 മണിയോടെ ക്ഷേത്ര നട അടയ്ക്കും. ഞായറാഴ്ച മുതൽ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകൾ 41 ദിവസവും ഉണ്ടാകും. ഡിസംബർ 27-നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. അന്ന് രാത്രി പത്തിന് നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ജനുവരി 15നാണ്. തീർഥാടനത്തിന് സമാപനംകുറിച്ച് ജനുവരി 27-ന് രാവിലെ ഏഴിന് നട അടയ്ക്കും. 

തീർ‌ഥാടന കാലത്തെ ആദ്യദിനത്തിൽ തന്നെ വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് അധികവും. അതേസമയം, രാവിലെ മുതൽ തന്നെ വിശ്വാസികൾക്ക് സമയ നിയന്ത്രണമില്ലാതെ മല ചവിട്ടാം. സ്വകാര്യ വാഹനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ പോലെ നിലയ്ക്കലിൽ യാത്ര അവസാനിപ്പിക്കണം. നിലക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.

എന്നാൽ സന്നിധാനത്ത് തങ്ങുന്നതിന് ഭക്തർക്ക് വിലക്കില്ല. സംഘർഷം ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ വേണ്ടെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. എന്നാൽ യുവതികൾ ദർശനത്തിന് എത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top