Published:17 November 2019
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് മഹിന്ദ രാജ്പക്സെയുടെ സഹോദരനും മുൻ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു ഗോതാബായ. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ (യുപിഐ) സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇടതുപക്ഷ പാർട്ടിയുടെ സ്ഥാനാർഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നത്. മഹിന്ദ രാജപക്സെയ്ക്കൊപ്പം തമിഴ് പുലികളെ തകർത്ത് 26 വർഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിൽ ഗോതാബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അധികാരത്തിലെത്തിയാൽ ഭീകരവാദത്തിനെതിരേ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് നിലവിൽ വിക്രമസിംഗെ മന്ത്രിസഭയിൽ ഭവനവകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസ. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.