13
July 2020 - 4:18 am IST

Download Our Mobile App

Special

tipu

നായകനോ? അതോ വില്ലനോ? ട്വിറ്ററിൽ നിറഞ്ഞ് ടിപ്പു സുൽത്താൻ

Published:20 November 2019

മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ഈ ചരിത്രപുരുഷൻ ഒരു ധീരനായകനോ, അതോ ജന്മദിനം പോലും ആഘോഷിക്കാൻ യോഗ്യനല്ലാത്ത ഒരു വില്ലനോ? ടിപ്പു സുൽത്താൻ മരിച്ചിട്ട് 200 വർഷം കഴിഞ്ഞു. 

മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുസുൽത്താന്‍റെ ജന്മദിനമാണിന്ന്. കഴിഞ്ഞ കുറേ വർഷങ്ങളായി കർണാടകയിൽ അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷപൂർവം ആചരിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം മുതൽ ആ ആഘോഷങ്ങൾ സർക്കാർ ചെലവിൽ വേണ്ട എന്നാണ് തീരുമാനം. അതിന് കാരണം ടിപ്പുവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തന്നെ. എന്തായാലും ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നതും ടിപ്പു തന്നെ.

ചർച്ചകളിലെല്ലാം ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം ഇതാണ്. മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ഈ ചരിത്രപുരുഷൻ ഒരു ധീരനായകനോ, അതോ ജന്മദിനം പോലും ആഘോഷിക്കാൻ യോഗ്യനല്ലാത്ത ഒരു വില്ലനോ? ടിപ്പു സുൽത്താൻ മരിച്ചിട്ട് 200 വർഷം കഴിഞ്ഞു. ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസിൽ അദ്ദേഹം ഒരു ധീരനായകൻ തന്നെയാണ്. എന്നാൽ ടിപ്പു ഹിന്ദുക്കളോട് ക്രൂരമായി പെരുമാറിയ അവരെ നിർദ്ദയം കൊന്നുതള്ളിയ ഒരു മുസ്ലിം രാജാവായിരുന്നു എന്ന് വിശ്വസിക്കുന്നവരും കുറവല്ല.

മരണമടഞ്ഞ ടിപ്പുവിന്‍റെ ശരീരം കണ്ടെത്തിയ സ്ഥലം

ടിപ്പുവിനെ മ്ലേച്ഛനെന്നും അധമനെന്നും അവർ വിശേഷിപ്പിക്കുന്നു. അവരുടെ കണ്ണിൽ വംശവെറിയനായ ഒരു മുസ്ലിം രാജാവാണ് ടിപ്പു. ഹിന്ദു ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പള്ളികളും തകർത്തുതരിപ്പണമാക്കിയ, പതിനായിരക്കണക്കിന് മുസ്ലീങ്ങളല്ലാത്തവരെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മതപരിവർത്തനം നടത്തിയ, എതിർത്തവരെ ഒന്നില്ലാതെ നിർദ്ദയം അരിഞ്ഞു തള്ളിയ ക്രൂരൻ. ഇത്തരത്തിലുള്ള 'ടിപ്പു നിന്ദ' വാക്കുകളും ട്വിറ്ററിൽ ഏറെ സജീവമാണ്. അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്‍റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു.

തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്‍റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു.

നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്‍റെയും സംയുക്ത ആക്രമണത്തിനിടയിൽ 1799 ൽ ടിപ്പു കൊല ചെയ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു രാജാവ് പോരാടി മരണം വരിച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്രസംഭവമായി മാറി.

വാദങ്ങളും പ്രതിവാദങ്ങളും...

പട്‍വർധന്‍റെ സൈന്യം 1791-ൽ മൈസൂർ ആക്രമിച്ച് ശൃംഗേരി മഠം കൊള്ളയടിച്ചപ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയച്ച് മഠത്തിന്‍റെ സമ്പത്ത് പുനഃസ്ഥാപിച്ചു നൽകിയത് ടിപ്പുവായിരുന്നു. ടിപ്പുവിന്‍റെ അധീനതയിലായിരുന്നു ശൃംഗേരി മഠം അന്ന്. അവിടത്തെ സ്വാമിയെ ടിപ്പു അഭിസംബോധന ചെയ്തിരുന്നത് 'ജഗദ്ഗുരു' എന്ന പേരിലായിരുന്നു. യുദ്ധത്തിന് പുറപ്പെടും മുമ്പ് മഠത്തിൽ വന്നു അനുഗ്രഹാശിസ്സുകളും ടിപ്പു വാങ്ങുമായിരുന്നു. എന്നാൽ അതേസമയം വരാഹക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചതും ടിപ്പു തന്നെ.

ശ്രീരംഗപട്ടണത്തെ ടിപ്പുവിന്‍റെ ഖബർ

കാരണം വളരെ ലളിതമായിരുന്നു. ടിപ്പു ആക്രമിച്ചു കീഴടക്കിയ  വാഡയാർ സാമ്രാജ്യത്തിന്‍റെ സിംഹപ്രതാപത്തിന്‍റെ അടയാളമായിരുന്നു ഈ ക്ഷേത്രം. അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള നിരവധി കാര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, യുദ്ധകാലത്ത് ശത്രുരാജാവിനോട് അദ്ദേഹം പ്രവർത്തിച്ച ഈ ഒരു അക്രമത്തെ മാത്രം ഉയർത്തിക്കാട്ടിയാണ് ടിപ്പുവിനെപ്പറ്റി 'ഹിന്ദുവിരോധിയായ ഒരു മുസ്ലിം രാജാവെന്ന' ആക്ഷേപം ഉയരുന്നത്.

ടിപ്പു രാജാവ് കന്നഡയെ അവഗണിച്ചുകൊണ്ട് പേർഷ്യൻ ഭാഷയ്ക്ക് മുൻഗണന നൽകി എന്നതാണ് അടുത്ത ആരോപണം. മതപരിവർത്തനം നടത്താൻ മടികാണിച്ച നൂറുകണക്കിന് ബ്രാഹ്മണരെ ടിപ്പു വധിച്ചിട്ടുണ്ട് എന്നൊരു ആരോപണവുമുയർന്നിരുന്നു. എന്നാൽ മതപരിവർത്തനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കൊലപാതക കഥകളും ബ്രിട്ടീഷുകാർ അന്ന് ടിപ്പുവിനെതിരെ പറഞ്ഞുപരത്തിയ കഥകൾ ആകാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്.


വാർത്തകൾ

Sign up for Newslettertop