Published:20 November 2019
സ്വർണമോ വജ്രമോ ആഭരണങ്ങളണിഞ്ഞ് സുന്ദരിമാരായാണ് പൊതുവേ വിവാഹ ദിവസം വധു വേദിയിലെത്തുക. എന്നാൽ പാക്കിസ്ഥാനിലെ ഒരു വധു വിവാഹദിവസമെത്തിയത് അൽപ്പം വ്യത്യസ്തമായാണ്. തക്കാളി കൊണ്ടുള്ള ആഭരണങ്ങളാണിവർ ധരിച്ചിരുന്നത്. വളയും മാലയും കമ്മലും എന്തിനേറെ പറയാൻ നെറ്റിച്ചുട്ടി വരെ തക്കാളി.
ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ ട്വിറ്ററിലൂടെ ഈ വധുവിന്റെ വിഡിയോ പുറത്ത് വിട്ടതോടെയാണ് സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തത്. പാക്കിസ്ഥാനിൽ കഴിഞ്ഞ കുറച്ചു നാളുകളായി പച്ചക്കറി വില കുതിച്ചുയരുകയാണ്. ഒരു കിലോ തക്കാളിയ്ക്ക് 300 രൂപ വരെ ആയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതി ഇങ്ങനെ ചെയ്തത്.
വിവാഹത്തിന് വീട്ടുകാർ മൂന്ന് പെട്ടി നിറയെ തക്കാളികൾ നൽകിയെന്നാണ് ഈ യുവതി പറയുന്നത്. സ്വര്‍ണവും വിലേയേറിയത് തന്നെയാണ്. എന്നാൽ ഇപ്പോൾ തക്കാളിയും വളരെ വിലയേറിയിരിക്കുകയാണ്. അതുകൊണ്ടാണ് സ്വർണാഭരണങ്ങൾക്ക് പകരം ഞാൻ തക്കാളി തെരഞ്ഞെടുത്തത് എന്നും യുവതി പറയുന്നു. മക്കളുടെ വിവാഹത്തിന് മാതാപിതാക്കൾ തക്കാളി നൽകുകയാണെങ്കിൽ എല്ലാം നൽകിയെന്ന് തന്നെ പറയാമെന്നും ഇവർ കൂട്ടിച്ചേർത്തു.
തക്കാളി ദൗർലഭ്യം രൂക്ഷമായതാണ് പാക്കിസ്ഥാനിൽ വില കുത്തനെ ഉയരാൻ കാരണം. തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിയും ചെയ്തിരുന്നു. തക്കാളി ക്ഷാമം രൂക്ഷമായതോടെ പാക്കിസ്ഥാനിലെ മോഷ്ടാക്കൾ ഇപ്പോൾ തക്കാളിയാണ് നോട്ടമിട്ടിരിക്കുന്നത്.
Tomato jewellery. In case you thought you've seen everything in life.. pic.twitter.com/O9t6dds8ZO
— Naila Inayat नायला इनायत (@nailainayat) November 18, 2019