Published:20 November 2019
തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഇനി വളരെയെളുപ്പം. വിവിധ ലൈസൻസുകൾക്കായി കാത്തുനിൽക്കാതെ അപേക്ഷിച്ചയുടൻ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി (2019ലെ കേരള സൂക്ഷ്മ-ചെറുകിട– ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ) നിയമസഭ പാസാക്കി. കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം പാസാക്കി.
വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കു കൂടുതൽ ഉത്തേജനം നൽകുന്ന പുതിയ നിയമപ്രകാരം മൂന്നു വർഷം വരെ പത്തുകോടി രൂപ വരെ മുതൽമുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാൻ ലൈസൻസുകൾ ആവശ്യമില്ല. ജില്ലാ ഏകജാലക ബോർഡിന് അപേക്ഷയും സത്യവാങ്മൂലവും നൽകുമ്പോൾ ലഭിക്കുന്ന രസീത് പ്രകാരം പിറ്റേ ദിവസം തന്നെ വ്യവസായം ആരംഭിക്കാം. മൂന്നു വർഷം കഴിഞ്ഞാൽ ആറു മാസത്തിനകം എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുക്കണം.
റെഡ് കാറ്റഗറിയിൽപെട്ടതോ നെൽവയൽ തണ്ണീർത്തട നിയമം, തീരദേശ പരിപാലന നിയമം എന്നിവ ലംഘിച്ചുള്ളതോ ആയ വ്യവസായം ആരംഭിക്കാൻ ഈ നിയമ പ്രകാരം സാധിക്കില്ല. അതേസമയം വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാൻ തടസമില്ല. നിലവിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ 68 ശതമാനവും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളാണ്. കേരളത്തിൽ കൂടുതൽ സാധ്യതയും ഇത്തരം വ്യവസായങ്ങൾക്കാണ്. പുതിയ നിയമം ഇത്തരം വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഏറെ സഹായം പകരുന്നതാണെന്ന് ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമ പ്രകാരം സംരംഭകർക്ക് ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട. മൂന്നു വർഷത്തേക്ക് ഒരു പരിശോധനയും അനുവദിക്കില്ലെന്നും മന്ത്രി. വ്യവസായികൾക്ക് കേരളത്തിൽ സംരംഭം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് സർക്കാർ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ്, 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്റ്റ്, 2013ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്റ്റ്, 1955ലെ ട്രാവൻകൂർ- കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്റ്റ്, 1939ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റ് തുടങ്ങിയവ ഭേദഗതി ചെയ്താണ് ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ബില്ല് പാസാക്കിയത്. ഷാഫി പറമ്പിലിനെതിരേയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.