Published:20 November 2019
കണ്ണൂർ: കായിക കേരളത്തിന് ഇനിയും പ്രതിഭകൾ ബാക്കിയുണ്ടെന്ന് ഉറപ്പ് നൽകി അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കൊടിയിറങ്ങി. മികച്ച ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ പരുക്ക് പലപ്പോഴും വില്ലനായെങ്കിലും റെക്കോഡുകള്‍ക്ക് കുറവുണ്ടായില്ല. 2018-ല്‍ തിരുവനന്തപുരത്ത് ഏഴ് റെക്കോഡുകള്‍ മാത്രം ഉണ്ടായപ്പോള്‍ ഇത്തവണ കണ്ണൂര്‍ സര്‍വകലാശാലയിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ 16 പഴയ റെക്കോഡുകളാണ് കടപുഴകിയത്. ഇതില്‍ ഏഴെണ്ണം ട്രാക്കില്‍ നിന്നും ആറെണ്ണം ത്രോയിനങ്ങളിലും മൂന്നെണ്ണം ജംപിങ്ങ് പിറ്റില്‍ നിന്നുമാണ്.
ഭാവി വാഗ്ദാനങ്ങൾ
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡല്‍ ഗവ. സ്കൂളിലെ എം.കെ. വിഷ്ണു (200, 400 സ്വര്‍ണം, 100-ല്‍ വെള്ളി), പെണ്‍കുട്ടികളില്‍ ഉഷ സ്കൂളിന്റെ ശാരിക സുനില്‍കുമാര്‍ (200, 400 സ്വര്‍ണം), 100-ല്‍ സ്വര്‍ണവും 200-ല്‍ വെള്ളിയും നേടിയ പാലക്കാട് കാണിക്കമാതാ സ്കൂളിലെ വിദ്യാര്‍ഥിനി താര. ജി, ജൂനിയര്‍ ഗേള്‍സില്‍ സ്പ്രിന്റ് ഡബിളും 400-ല്‍ വെങ്കലവും നേടിയ കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ സാന്ദ്രമോള്‍ സാബു, മധ്യദൂര ഇനങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിലെ കെ.പി. സനിക, സീനിയര്‍ ആണ്‍കുട്ടികളില്‍ 100 മീറ്ററിലും 110 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ ആര്.കെ. സൂര്യജിത്ത്, 400, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തിയ ഇതേ സ്കൂളിലെ എ. രോഹിത്, ഒരു ഇടവേളയ്ക്കുശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അഭിഷേക് മാത്യു എന്നിവരെയെല്ലാം ഭാവി വാഗ്ദാനങ്ങളായാണ് കണക്കാക്കുന്നത്.
സൂപ്പർസ്റ്റാറാണ് ആൻസി
കായികോത്സവത്തിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിന് അര്‍ഹതനേടിയത് തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന് മാത്രം. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും മീറ്റ് റെക്കോഡോടെയായിരുന്നു ആന്‍സിയുടെ ട്രിപ്പിള്‍ സ്വര്‍ണം. ലോങ്ജംപ് 100, 200 മീറ്റര്‍ സ്പ്രിന്റ് എന്നിവയിലായിരുന്നു സൂപ്പര്‍ പ്രകടനം നടത്തിയത്. ഈ നേട്ടത്തിനിടയിലും ആന്‍സി നഷ്ടമാക്കിയത് തന്റെ കരിയറിനെ തന്നെ മാറ്റി മറിക്കാന്‍ വഴിയൊരുക്കുമായിരുന്ന ഒരു അവസരത്തെയാണ്. ദേശീയ ക്യാംപും 2020 ലെ അണ്ടര്‍ 20 ലോക അത്ലറ്റിക് ചാംപ്യന്ഷിപ്പുമെന്ന വലിയ അവസരത്തെയാണ്. ദേശീയ ക്യാംപിലേക്ക് ക്ഷണംവന്ന ആന്‍സി അത് ഒഴിവാക്കിയാണ് ഇന്ത്യന്‍ അത്ലറ്റിക്സ് അസോസിയേഷന്റെ അംഗീകാരംപോലുമില്ലാത്ത സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പങ്കെടുത്തത്. ദേശീയ ജൂനിയര്‍ മീറ്റില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആന്‍സി ദേശീയ ക്യാംപിലേക്ക് ക്ഷണിക്കപ്പെട്ടത്. ഒപ്പം ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് റഷ്യക്കാരനായ ഹെപ്റ്റാത്തലണ്‍ പരിശീലകനെയും അനുവദിച്ചു. 100, 200 മീറ്ററിലും മികച്ച പ്രകടനം നടത്തുന്ന ആന്‍സിയെ ഹെപ്റ്റാത്തലണിലേക്കു കൂടി വഴിതിരിച്ചു വിടുകയെന്ന ലക്ഷ്യവും ഫെഡറേഷന് മുന്നില്‍ കണ്ടിരുന്നു. കായികോത്സവത്തിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ക്യാംപിലേക്ക് വീണ്ടും വിളി വരുമെന്ന പ്രതീക്ഷയിലാണ് ആന്‍സി.
വാങ് മയൂം മുക്റാമും അക്ഷയും ട്രിപ്പിൾ സ്ട്രോങ്ങാ
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കാവുന്ന താരമാണ് ജിവി രാജാ സ്പോര്‍ട്സ് സ്കൂളിലെ എസ്. അക്ഷയ് 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍ എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയ ഈ താരത്തെ മികച്ച ഭാവിവാഗ്ദാനമായാണ് കായിക വിദഗ്ധർ വിലയിരുത്തുന്നത്.
സബ് ജൂനിയറില്‍ മണിപ്പൂരി താരം വാങ് മയൂം മുക്റാമും ഭാവിയിലെ പ്രതീക്ഷയാണ്. നൂറ് മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ്ജംപ് എന്നീ ഇനങ്ങളിലായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ വാങ് മയൂമിന്റെ നേട്ടം. മികച്ച വിദ്യാഭ്യാസത്തിനും എൻജിനീയറിങ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും വേണ്ടി കേരളത്തിലെത്തിയ ഈ താരം പിന്നീട് അത്ലറ്റിക്സിനോട് പ്രണയത്തിലായി കോതമംഗലം സെന്റ് ജോര്‍ജിന്റെ കായികാധ്യാപകനായിരുന്ന രാജുപോളിന്റെ ശിഷ്യനാവുകയായിരുന്നു. രാജുപോള്‍ വിരമിച്ചതോടെയാണ് ഇരിങ്ങാലക്കുട എന്എച്ച്എസ്എസിലെത്തിയത്.
പ്രതിഭ പ്രതീക്ഷയാണ്
ടിന്റു ലൂക്കയുടെയും ജിസ്ന മാത്യുവിന്റെയും യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷമാണ് പ്രതിഭ വര്‍ഗീസിന്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡോടെയും 400 മീറ്ററിലും സ്വര്‍ണമണിഞ്ഞ പ്രതിഭ പരിശീലിക്കുന്നത് ഉഷ സ്കൂളില്‍. ബാലുശേരി ജിജിഎച്ച്എസ്എസ് വിദ്യാര്‍ഥിയാണ് വയനാടുകാരിയായ ഈ കുട്ടിതാരം.
കൈക്കരുത്തില്‍ അലക്സും കെസിയയും
കായികോത്സവത്തിലെ ത്രോയിനങ്ങളില്‍ ഏറെ പ്രതീക്ഷയ്ക്കു വക നല്കുന്ന പ്രകടനങ്ങളൊന്നും കണ്ടില്ലെങ്കിലും എറണാകുളം മണീട് സ്കൂളിലെ അലക്സ് ജോസഫിന്റെയും എറണാകുളം മാതിരപ്പള്ളി സ്കൂളിലെ കെസിയ മറിയം ബെന്നിയുടെയും പ്രകടനം വേറിട്ടുനില്‍ക്കുന്നതാണ്. കെസിയ ഹാമറിലും ഷോട്ടിലും സ്വര്‍ണം നേടിയപ്പോള്‍ അലക്സ് ഡിസ്കിലും ഷോട്ടിലും സ്വര്‍ണവും ഹാമറില്‍ വെള്ളിയും നേടി.
എ ന്തായാലും കായിക കേരളത്തിന്റെ ഭാവിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് ഒരുപരിധിവരെ തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന കായികോത്സവം. ഇതിലെ മികച്ച താരങ്ങളെ വിദഗ്ദ്ധര്‍ കണ്ടെത്തി അവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്കിയാല് ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ട്. അതിനാവട്ടെ ഇനിയുള്ള ശ്രമങ്ങള്‍.