Published:20 November 2019
കൊച്ചി: ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടായിട്ടും കഴിഞ്ഞ 18 വര്‍ഷമായി കോടതി കയറി ഇറങ്ങേണ്ടി വന്ന യുവാവിന് കോടതി ചെലവിനത്തില്‍ പത്തു ലക്ഷം രൂപയും ജോലിയും ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. യുവാവിനു നീതി നിഷേധിച്ച കാനറാ ബാങ്കിനെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് മാതൃകാപരമായി ശിക്ഷിച്ചു. കോടതി ചെലവായി യുവാവിന് അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ കാനറാ ബാങ്ക് നല്കിയ അപ്പീല്‍ കോടതി തള്ളി.
അര്‍ഹതയുണ്ടായിട്ടും ജോലി നല്‍കാതെ അപ്പീല്‍ നല്കി നല്കി യുവാവിനെ അനാവശ്യമായി വട്ടം കറക്കിയതു കോടതിയെ ചൊടിപ്പിച്ചു. ഇതോടെ അപ്പീല്‍ തുക ഇരട്ടിയാക്കി. ഒന്നര പതിറ്റാണ്ടിലേറെ ആശ്രിത നിയമനം നിഷേധിക്കപ്പെട്ട അജിത്തിനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അനുകൂല വിധി. ഇതോടെ അപ്പീലിനു പോയ കാനറാ ബാങ്ക് വെട്ടിലാവുകയും ചെയ്തു.
യുവാവിന് സബ് സ്റ്റാഫ് ആയി ജോലിയും 10 ലക്ഷം രൂപയും ഒരു മാസത്തിനകം ബാങ്ക് നല്‍കണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. രണ്ട് ഹര്‍ജികളില്‍ കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും 18 വര്‍ഷമായി യുവാവ് തൊഴില്‍ രഹിതനായി തുടരുകയാണെന്നു വിലയിരുത്തിയാണു കോടതി നടപടി.
ജോലിയിലിരിക്കെ 2001 ഡിസംബറില്‍ ഗോപാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നു മകന് കൊല്ലം അയത്തില്‍ ജി.കെ. അജിത്കുമാര്‍ 2002 ജനുവരിയില്‍ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് തള്ളിയതാണു തര്‍ക്ക വിഷയം. പുനഃപരിശോധനാ ആവശ്യവും തള്ളി. തുടര്‍ന്നു ഹര്‍ജി നല്കിയപ്പോള് തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പ്രായപരിധി കഴിഞ്ഞെന്ന കാരണത്താല്‍ വീണ്ടും തള്ളി. അപേക്ഷ നല്കുമ്പോള് നിയമന പ്രായപരിധിയായ 26 കഴിഞ്ഞ് 8 മാസമാണു അജിത്തിന് കൂടുതല്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് അജിത്തും കുടുംബവും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടുകയായിരുന്നു.
കുടുംബ പെന്ഷന് ഉണ്ടെന്നും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ബാങ്ക് വാദിച്ചു. ആശ്രിത നിയമനത്തിന് അതിന്റെ വ്യവസ്ഥകള്‍ മാത്രം പിന്തുടര്ന്നാല് മതി. കുടുംബത്തിനു കിട്ടുന്ന പെന്‍ഷനും ആനുകൂല്യങ്ങളും കുടുംബത്തിന്റെ അംഗബലവും വിവാഹിതരുടെ എണ്ണവും മരിച്ച ജീവനക്കാരനു ബാക്കിയുള്ള സര്‍വീസ് കാലാവധിയും മറ്റും പ്രസക്തമല്ലെന്നും കോടതി വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
ഹര്ജിക്കാരന് ഇപ്പോള്‍ 44 വയസായി. അപ്പീല്‍ അവകാശം നീതി വൈകിപ്പിക്കാനുള്ള മാര്‍ഗമാക്കരുത്. അപ്പീല്‍ നല്‍കിയതിലൂടെ നിയമനം വീണ്ടും വൈകിച്ചു. ആശ്രിത നിയമന പദ്ധതി കുടുംബത്തിനു നല്കുന്ന വാഗ്ദാനം നിസാര കാരണങ്ങളാല്‍ നിഷേധിച്ചു. മുന്‍പു നിര്‍ദേശിച്ചതിനു പുറമേ അഞ്ചു ലക്ഷം കൂടി ചെലവു ചുമത്തുകയാണ്- കോടതി വ്യക്തമാക്കി.