14
December 2019 - 12:44 pm IST

Download Our Mobile App

Flash News
Archives

Wellness

snake-bite-symptoms-first-aid-remedies-details

പാമ്പ് കടിയേറ്റാൽ; ലക്ഷണങ്ങളും പ്രതിവിധിയും; അറിയേണ്ടതെല്ലാം

Published:21 November 2019

പാമ്പു കടിയേറ്റാൽ പ്രഥമ ശുശ്രൂഷയാണ് അതിപ്രധാനം. ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്‍റെ അളവു പരമാവധി കുറയ്‌ക്കുക എന്നതാണ് പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യം. കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം.

പാമ്പുകളെ കണ്ട് പേടിക്കാത്തവരും പാമ്പുകടിയെന്ന ഭീതി ഉള്ളിൽ എപ്പോഴെങ്കിലും കടന്നു വരാത്തവരുമായി ഒരുപക്ഷേ ആരുമുണ്ടാകില്ല. പാമ്പിനെയും പാമ്പിൻ വിഷത്തെയും സംബന്ധിച്ച അറിവ് നേടിയാൽ ഭയം ഒരു പരിധി വരെ വിട്ടകലാൻ നമ്മെ സഹായിക്കും. പാമ്പു കടിയേറ്റാൽ പ്രഥമ ശുശ്രൂഷയാണ് അതിപ്രധാനം. ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്‍റെ അളവു പരമാവധി കുറയ്‌ക്കുക എന്നതാണ് പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യം. 

കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. നടക്കുകയോ ഓടുകയോ ചെയ്യുന്നത് വിഷം ശരീരം മുഴുവൻ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ആൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇടതു വശം ചരിഞ്ഞു കിടക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം, ഛർദിച്ചാൽ ശ്വാസ കോശത്തിനുള്ളിൽ പോകാതെ രോഗി സുരക്ഷിതനായിരിക്കും.

കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാൻ സാധിച്ചാൽ ചികിൽസയ്‌ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം. എന്നാൽ പാമ്പിനെ അന്വേഷിച്ചു നടന്നു സമയം നഷ്ടപ്പെടുത്തുന്നതും കടിയേറ്റ ആളോട് അതേപ്പറ്റി തിരക്കി പരിഭ്രാന്തി കൂട്ടുന്നതും നല്ലതല്ല. മാത്രമല്ല, അന്വേഷിക്കുന്ന ആൾക്കും പാമ്പു കടിയേൽക്കാൻ ഇതു കരണമാകാറുണ്ട്. ഇതിനു പകരം ഒരു ഫോട്ടോ എടുത്താൽ മിക്കവാറും പാമ്പിനെ തിരിച്ചറിയാൻ വിദഗ്ധർക്കാവും. കടിയേറ്റയാൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ നോക്കിയും കടിച്ച പാമ്പിനെ തിരിച്ചറിയാൻ സാധിക്കും.  

പ്രധാനമായും വിഷാംശം ഉള്ള നാലിനം പാമ്പുകളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. മൂർഖൻ, അണലി അഥവാ മണ്ഡലി, വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ, ചുരുട്ട അഥവാ ചേനതണ്ടൻ. ഇന്ത്യയിലെ ഭൂരിഭാഗം പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കാൻ കഴിയുന്ന കുത്തിവയ്പ്പാണ് പോളീവാലെന്‍റ് ആന്‍റിവൈൻ. 

വിഷമേറ്റതിന്‍റെ ലക്ഷണങ്ങൾ

കടിച്ച ഇടത്ത് കാര്യമായ മുറിവുണ്ടായെന്നു വരില്ല. ഛർദിയാണ് പൊതുവെ വിഷബാധയേൽക്കുന്നതിന്‍റെ ആദ്യ ലക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ വിഷമേറ്റാൽ മങ്ങിയ കാഴ്ച, കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കു ക എന്നിവയാണ് പ്രധാന ലക്ഷണ ങ്ങൾ. ഗുരുതരമായ കേസുകളിൽ ഈ ലക്ഷണങ്ങൾ വേഗം പ്രത്യക്ഷപ്പെടാം. അതായത് കടിയേറ്റ് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ.

പ്രഥമ ശുശ്രൂഷ അതിപ്രധാനം

കടിയേറ്റാൽ ഒന്നര മിനിറ്റിനുള്ളിൽ പ്രഥമ ശുശ്രൂഷ ചെയ്‌തിരിക്കണം. കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാൽ മുറിവു കീറാൻ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാൻ ചിലർ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതൽ രക്ത നഷ്‌ടത്തിന് ഇടയാക്കും. വിഷം ഊതിവലിച്ചെടുക്കരുത്. വിഷം അത്തരത്തിൽ ശരീരത്തിൽ നിന്ന് പോകില്ല എന്നത് നമ്മൾ മനസ്സിലാക്കണം. 

'ടൂർണിക്കെ' എന്ന പേരിലാണ് ഫസ്‌റ്റ് എയ്‌ഡ് അറിയപ്പെടുന്നത്. കടിയേറ്റതിന്‍റെ രണ്ടോ മൂന്നോ സെന്‍റി മീറ്റർ മുകൾ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്‌ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കിൽ രക്‌തസ്രവം നിലയ്‌ക്കും. പത്തു മിനിറ്റിനുള്ളിൽ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിർത്തുകയുമരുത്. പേശികൾക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്. 

വെള്ളം/ഭക്ഷണം കഴിക്കാമോ?

കുടിക്കാൻ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക. മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കണം. ഒരു കാരണവശാലും ആൽക്കഹോൾ പാടില്ല. ചിലർ മൂത്രം വിഷമിറങ്ങാൻ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. മുറിവിൽ ഐസ്, പൊട്ടാസിയം പെർമാംഗനേറ്റ് എന്നിവ പുരട്ടുന്നതും ഇലക്ട്രിക്ക് ഷോക്കോ, പൊള്ളലോ ഏൽപ്പിക്കുന്നതുകൊണ്ടും ഒരു പ്രയോജനവുമില്ല. 

വിഷം വ്യാപിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട‌ മറ്റു കാര്യങ്ങൾ

കടി കൊണ്ടയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെവരുന്ന രീതിയിൽ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും. ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.

രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. കടിയേറ്റ ആൾ പരിഭ്രാന്തനാകാനും പാടില്ല; കാരണം രക്തചംക്രമണം വർദ്ധിക്കുന്നത് ശരീരത്തിൽ മുഴുവൻ വിഷം വ്യാപിക്കാ നിടയാക്കും. രോഗിയെ ശാന്തതയോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.

ലക്ഷണം നോക്കി കടിച്ച പാമ്പിനെ തിരിച്ചറിയാം

വെള്ളിക്കെട്ടന്‍റെ കടിയേറ്റാൽ 

കടിച്ചാൽ വേദന ഉണ്ടാവില്ല. പല്ല് വളരെ നേരിയതായതിനാൽ കടിച്ച പാടും ഉണ്ടാവില്ല. കടിച്ചാൽ ചോര പൊടിയുന്നതും വിരളമാണ്. ഉമിനീരിറക്കാൻ പ്രയാസം. തളർച്ച ബാധിക്കുക. തൊണ്ടയിൽ അസ്വസ്‌ഥത ഉണ്ടാകുക. കണ്ണു തുറന്നു വയ്‌ക്കാനുള്ള പ്രയാസം (അറിയാതെ കണ്ണ് അടഞ്ഞു പോകുന്നു). നാവ് വഴുതിപ്പോകുന്നു. സംസാരിക്കാൻ പറ്റാതാവുന്നു. ശ്വസിക്കാൻ വിഷമം നേരിടുന്നു. ശ്വാസ തടസം കാരണം മരണം സംഭവിക്കുന്നു.

മൂർഖന്‍റെ കടിയേറ്റാൽ

കടിച്ച സ്‌ഥലത്ത് കറുപ്പു കലർന്ന നീല നിറത്തിൽ പാടു കാണും. കടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകും. തുടർന്ന് മറ്റു ശരീരഭാഗങ്ങളിലും വീക്കം അനുഭവപ്പെടും. കടി കൊണ്ട സ്‌ഥലത്ത് കടിച്ചു പറിച്ചെടുത്ത പോലെ പല്ലിന്റെ വ്യക്‌തമായ രണ്ടു പാടുകൾ ഉണ്ടാകും. തലച്ചോറിലെ കേന്ദ്ര നാഡിവ്യവസ്‌ഥ തകരാറിലാക്കുന്നു. ശരീരത്തിന്‍റെ ബാലൻസ് തെറ്റി ശക്തമായ ക്ഷീണവും വിറയലും ഉണ്ടാകുന്നു. വിഷം ശരീരത്തിൽ വ്യാപിക്കുന്നത് അനുസരിച്ച് കടിയേറ്റയാൾ മോഹാലസ്യപ്പെടുന്നു. മറ്റു രോഗ ലക്ഷണങ്ങൾ വെള്ളിക്കെട്ടന്‍റേതിനു സമാനം.

അണലിയുടെ കടിയേറ്റാൽ

ഇതു കടിച്ച സ്‌ഥലത്തും കറുപ്പു കലർന്ന നീല നിറം കാണപ്പെടും. കടിയേറ്റിടത്ത് പല്ലിന്റെ പാടുണ്ടാകും. സഹിക്കാൻ വയ്യാത്ത നെഞ്ചുവേദന അനുഭവപ്പെടും. വൻ തോതിൽ രക്‌തസ്രവം ഉണ്ടാകും. വയറിന്റെ ഭാഗത്തു നിന്നും വായിൽ നിന്നും രോമകൂപങ്ങളിൽ നിന്നും രക്‌തം വരും. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ അവയിലൂടെയും മൂത്രത്തിലൂടെയും ചോര വരും. രക്തം കട്ടപിടിക്കില്ല. കടുത്ത നടുവേദന, ഛർദ്ദിൽ, വയറ്റിൽ വേദന, ചെവിവേദന, കണ്ണു വേദന എന്നിവയുമുണ്ടാകും. ഘ്രാണശക്‌തിയും കാഴ്‌ചശക്‌തിയും കുറയും. കഴുത്ത് ഒടിഞ്ഞതുപോലെ ശിരസ് തൂങ്ങിയിരിക്കും. ലക്ഷണങ്ങൾ അതിന്‍റെ എല്ലാവിധ തീവ്രതയോടും കൂടി മൂന്നു നാലു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെടും. 

ചുരുട്ട അഥവാ ചേനതണ്ടൻ 

മാരകമായ വിഷം സ്രവിപ്പിക്കുന്ന മറ്റൊരു പാമ്പാണ് മണ്ഡലിയിനത്തിൽപെട്ട ചുരുട്ട അഥവാ ചേനതണ്ടൻ. വൃക്കകളെയാണ് ഇവ തകരാറിലാക്കുക. രക്തത്തിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയെ ഇവ നശിപ്പിക്കും.


വാർത്തകൾ

Sign up for Newslettertop