Published:22 November 2019
തിരുവനന്തപുരം: സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിലെ പൊത്തിൽ നിന്ന് പാമ്പുകടിയേറ്റ വിദ്യാർഥിനിക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകാനാവാതെ മെഡിക്കൽ കോളെജിലേക്ക് അയച്ചത് സംസ്ഥാനം കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളുടെ പൊള്ളത്തരത്തിലേക്കു വിരൽ ചൂണ്ടുന്നു. ക്ലാസ് മുറികൾ ഹൈടെക് ആയെന്നു മേനി നടിക്കുന്ന സർക്കാരിന്റെ സ്കൂളിലെ ക്ലാസ് മുറിയിലാണ് പാമ്പുകൾ കുടിപാർക്കുന്ന മാളങ്ങളുള്ളതെന്ന വിവരം സംസ്ഥാനത്തെ ഞെട്ടിച്ചു. വിദ്യാഭ്യാസ - ആരോഗ്യ വകുപ്പുകൾ ഇക്കാര്യത്തിൽ ഒരുപോലെ പ്രതിക്കൂട്ടിലാണ്.
സർവശിക്ഷാ അഭിയാന്റെ (എസ്എസ്എ) വിഹിതമാണ് സ്കൂളുകളിലെ അറ്റകുറ്റപ്പണിക്ക് ലഭിക്കുന്നത്. എന്നാൽ, ഇത്തവണ എസ്എസ്എ വിഹിതം സ്കൂളുകൾക്കു ലഭിച്ചില്ലെന്ന് അധികൃതർ പറയുന്നു. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ, സംസ്ഥാന വിഹിതം നൽകാത്തതിനാലാണ് ഫണ്ട് കൃത്യമായി കിട്ടാത്തതെന്ന് കേന്ദ്രവും നിലപാടെടുക്കുന്നു. ഇതിനിടയിൽ അറ്റകുറ്റപ്പണിക്കു പണമില്ല എന്നതാണ് യാഥാർഥ്യം.
പിടിഎ, എസ്എംസി എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ സ്കൂളുകൾക്ക് ലഭ്യമാണ്. അറ്റകുറ്റപ്പണി ആവശ്യമാണെങ്കിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയും. എന്നാൽ, ഇവിടെ സ്കൂൾ അധികൃതരുടെ വീഴ്ച പ്രകടമാണ്. കുട്ടികളുടെ കാലു കുടുങ്ങാവുന്നത്ര വലിയ പൊത്തുകളുണ്ടായിട്ടും അതൊന്നും കാണാത്ത അധ്യാപകർക്കും വീഴ്ച പറ്റി. ഇത്രയും മാളങ്ങളുള്ള ക്ലാസ് മുറികളിൽ കുട്ടികളെ ചെരിപ്പിടാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, അധ്യാപകർ ചെരിപ്പിട്ടാണ് ക്ലാസിൽ വന്നിരുന്നത്. ""പാമ്പു കൊത്തി'' എന്ന് കുട്ടിയും സഹപാഠികളും പലവട്ടം പറഞ്ഞിട്ടും അത് വിശ്വസിച്ച് ഉടൻ ആശുപത്രിയിലെത്തിക്കാത്ത അധ്യാപകർ ഉത്തരവാദിത്തം മറന്നതായാണ് വിലയിരുത്തൽ.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾപോലും "സർവസജ്ജം' എന്ന് അവകാശപ്പെടുമ്പോഴാണ് താലൂക്ക് ആശുപത്രിയിൽ പാമ്പുകടിയേറ്റ് എത്തിയ വിദ്യാർഥിക്ക് മതിയായ ചികിത്സ നൽകാതെ ബത്തേരിയിൽ നിന്ന് മൂന്നു മണിക്കൂറിലേറെ ദൂരമുള്ള കോഴിക്കോട് മെഡിക്കൽ കോളെജിലേക്കു റഫർ ചെയ്തത്.
പാമ്പുകടിയേറ്റ കുട്ടിക്ക് ആന്റിവെനം നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടും അത് നൽകിയില്ല. താലൂക്ക്, ജില്ലാ ആശുപത്രികളിൽ ആന്റിവെനം ഉണ്ടെന്ന് വയനാട് ഡിഎംഒ ഡോ. ആർ. രേണുക അവകാശപ്പെടുന്നുണ്ടെങ്കിലും പാമ്പുകടിയേറ്റ കുട്ടിക്ക് എന്തുകൊണ്ട് നൽകിയില്ല എന്ന ചോദ്യത്തിനും ഉത്തരമില്ല.